Tuesday, July 21, 2009

എന്റെ കടിഞ്ഞൂല്‍ പ്രണയ കഥയിലെ ..........

സി എ മാഷ്ഡെ റ്റ്യുഷന്‍ ക്ലാസ്സിലൊന്നുമല്ല ഞാന്‍ ആ ചങ്ങാതിയെ ആദ്യം കണ്ടതെന്നൊക്കെ ഒരു ജാഡക്കു പറയാന്നു വച്ചാലും സംഭവം അവിടെ വച്ചു തന്നെയാണു. മാഷ്ഡെ ക്ലാസ്സ് വെക്കേഷനില്‍ തന്നെ നേരത്തേ തുടങ്ങും. ഗ്രാമറും കഥകളുമൊക്കെയായി യഥാര്‍ഥ ഭാഷാപഠനം ആയൊരു നല്ലകാലം... പരീക്ഷപേടി ഇല്ലാതെ.. മാത്രല്ല ഈ സമയത്തു സമീപത്തുള്ള കോണ്‍വെന്‍റ്റ് സ്കൂളുകളിലേയും അല്ലാത്തതുമായ പല കിളികളും അവിടെ ഒരു ഇടക്കാലാശ്വാസമായി ഞങ്ങള്‍ക്കു കിട്ടുകയും ചെയ്യും.. ആനന്ദലബ്ദിക്കിനിയെന്തു വേണം.. ആയതു കൊണ്ടു തന്നെ ആ റ്റ്യുഷന്‍ ക്ലാസ്സുകള്‍ക്കായി , മാമന്‍റോടെ പാര്‍ക്കാന്‍ പോവുക തുടങ്ങിയ സുഖവാസ പരിപാടികളൊക്കെ ത്യജിക്കാനും ഞങ്ങള്‍ക്കൊട്ടും മടി ഇല്ലായിരുന്നു താനും.. ( എന്നു വച്ചു ഞാന്‍ അഥവാ ഞങ്ങള്‍ ആരെങ്കിലും മറിച്ചു ചെയ്യാന്‍ മുതിര്‍ന്നാലും വിനീത് ശ്രീനിവാസന്‍ പാട്ടില്‍ പറഞ്ഞപോലെ മാതാപിതാക്കള്‍ ഗുണ്ടകളായേനെ എന്നല്ലാതേ വേറൊന്നും സംഭവിക്കില്ലയിരുന്നു എന്നതും , തികച്ചും സമാധാന (സ്വശരീരാരൊഗ്യ) പ്രേമികളായ ഞങ്ങള്‍ അതിനൊന്നും വഴി കൊടുത്തില്ലെന്നതും ചരിത്ര സത്യം..)

പതിവുപൊലെ ഒരു ദിവസം , റ്റ്യുഷന്‍ ക്ലാസ്സില്‍ ഇത്തിരി നെരം വൈകി വരാനുള്ള എന്‍റെ അവകാശം ഉപയോഗിച്ചു ഞാന്‍ ഒരു കണക്കിനു ഓടി വന്നു കോണി ഓടിക്കേറി ക്ലാസ്സിലേക്കു കേറുമ്പൊഴും മൂപ്പരുടെ " ആ സാറു വന്നോ? വാ വാ വന്നിരിക്കൂ" പതിവു ചോദ്യം,കേള്‍ക്കാത്ത പോലെ ഇരിക്കാന്‍ തുടങ്ങായിരുന്നു ഞാന്‍.. ആ ചോദ്യവും എനിക്കൊഴികെ ഒരുപാടു കാലത്തേക്കെങ്കിലും വേറെ ആര്‍ക്കും അനുവദിച്ചു കൊടുക്കാതിരുന്നതുമായ സ്ഥിരം നേരം വൈകാനുള്ള അവകാശവും ഒരു പരിഹാസത്തിന്‍റെയാണൊ അതോ വാല്‍സല്യത്തിന്‍റെ ആയിരുന്നൊ പ്രകടനം എന്നെനിക്കിതു വരെ നിശ്ചയല്ല്യ.. ഇനീപ്പൊ മറിച്ചാണെങ്കിലും എനിക്കത് മാഷ്ക്ക് എന്നോടുണ്ടായിരുന്ന ഒരു സ്നേഹത്തിനു ഞാന്‍ വാങ്ങിയെടുത്ത വിലയായി മാത്രം കാണാനെ എനിക്കു പറ്റൂ...

എന്തോ ആവട്ടെ, ഞാന്‍ ഇരിക്കുന്നതിനു മുന്‍പു പുറകിലോട്ടൊന്നു തിരിഞ്ഞു നോക്കി ഒന്നു മനസ്സുഖം വരുത്തി ഇരിക്കാമെന്നു വിചാരിച്ച എന്‍റെ ഉള്ളൊന്നു കാളി. എന്റമ്മേ "അതാരാ!!!" ജിനേഷിന്‍റെ പള്ളക്ക് തന്നെ കുത്തി ഞാന്‍ ചൊദിച്ചു...കയ്യീന്നു അറിയാതെ പേന വീണുപോയി. അറിഞ്ഞു കൊണ്ടിട്ടു പോയേനെ എന്നതു വെറെ കാര്യം.. പക്ഷെ അപ്പോ വീണതു അറിയാതെ തന്നെയായിരുന്നു.. അഞ്ചപ്പം കൊണ്ടയ്യായിരം പേരെ ഊട്ടാനുള്ള സെറ്റപ്പ് പോലെ "സി.എ" പണിതു വച്ച കിളിക്കൂട്ടിലെ മൂന്നാമത്തെ ബെഞ്ചിന്‍റെ താഴെക്കു വീണ പെന്‍സിലെടുക്കാന്‍ ഞാന്‍ പെട്ട പാട്, അതു പറഞ്ഞറിയിക്കാന്‍ മൂര്‍ക്കനാട്ട് തേവരാണേ എന്നെകൊണ്ട് പറ്റില്ല്യ.

ഒരു മിനിട്ട് കൊണ്ട് ഒന്നര മണിക്കൂര്‍ സ്കൂള്‍ ഗ്രൌണ്ടില്‍ തലകുത്തിമറിഞ്ഞ പോലെ വെയര്‍ത്തു. ഒരു കണക്കിനു എണീറ്റിരുന്നപ്പൊല്‍ ജിനേഷ് സൈഡില്‍ ഇരുന്നു പിറുപിറുത്തു.. " ഗായത്രീടെ കസിനാന്നാ പറഞ്ഞേ, എന്തായാലും സൂപ്പറാ"ണു.." "ആണൊ ?". പണ്ടാരടങ്ങാനായിട്ടു വീട്ടില്‍ എന്തു മല മറിക്കാനായിട്ടായിരുന്നു ഞാന്‍ ഇന്നു തന്നെ നേരം വൈകി വന്നതു..കംപ്ലീറ്റ് ഇമേജ് കളഞ്ഞില്ല്യേ? സ്വയം ചോദിക്കല്ലാണ്ട് ഇനി എന്തു ചെയ്യാനാ.. സാരല്യ.. വന്നതു വന്നു..

സാര്‍, ജീന്‍ വാല്‍ ജീന്റെ കൂടെ ( സോറി... ക്രിഷ്ണന്‍ നായര്‍ സാറിനി ഒരു നൂറു തവണ പറഞ്ഞു തന്നാലും നമ്മക്കു ഴാങ് വാല്‍ ഴാങ് എന്നൊന്നും വരില്യ ഘടീ.. ശീലായി. ഇനിന്തൂട്ട് കാട്ടാനാ..!!) ദൂരം കുറച്ചു പോയെങ്കിലും ഞാന്‍, അപ്പൊഴും പേന വീണ ഗാപ്പില്‍ അതെടുക്കാന്‍ ഒന്നു ചെരിഞ്ഞു കുനിഞ്ഞപ്പൊള്‍ ഒരു മാതിരി ഒരൊന്നന്നര സെക്കന്റ് വ്യക്തമായും അതിനു മുന്‍പൊരര സെക്കന്റ് ഭാഗികമായും കണ്ട ആ ഫേസിന്റെ ക്ലൊസപ്പില്‍ ഫ്രീസ് ആയിപോയിരുന്നു..

"കോട്ടപ്പൊറം ഉസ്കൂള്ളാര്‍ന്നുത്രെ.. എന്തായാലും പുല്യാന്നാ കേട്ടെ, ബയങ്കര പടിപ്പിസ്റ്റാന്നാ പറഞ്ഞെ.. " ജിനേഷിന്‍റെ ശബ്ദമില്ലാത്ത കമന്ററി പീച്ചി വെള്ളം തൊറന്നിട്ട പോലെ നടന്നു കൊണ്ടേയിരിക്കുന്നുണ്ടായിരുന്നു.. വല്യ ആകാംഷ ഒന്നുല്ല്യാന്ന് കാണിക്കണംന്ന്ണ്ടായിരുന്നെങ്കിലും സഹിക്കാന്‍ പറ്റാണ്ടായപ്പൊല്‍ ചൊദിച്ചു, "ആരാ പറഞ്ഞെ??" .. "അതു ശരി, അപ്പ നിന്‍കര്‍ഞ്ഞാ കൊള്ളാല്ലെ, അന്നാ പിന്നെ എന്താ ഇത്ര വല്യ പോസ്... ഘടി..??." എന്നായി അവന്‍.. " രമേഷാ പറഞ്ഞെ... അവനോട് ഗായത്രി പറഞ്ഞതാ... ജിനേഷ് പറഞ്ഞതോണ്ട് വിശ്വസിക്കാം, അന്നും ഇന്നും അവനറിയാത്ത നാട്ടുവിശെഷങ്ങള്‍ മൂര്‍ക്കനാട്ട് ഇണ്ടാവാറില്ല്യ.. മൂര്‍ക്കനാട് അതിനൊക്കെ വളര്‍ന്നോ.. നല്ല കഥ..

ഒരുമാതിരി കാണാന്‍ കൊള്ളവുന്ന പെണ്‍പിള്ളെരേ കണ്ടാല്‍ ഉള്ള ആ ഒരു നെഞ്ചിലെ ആ "പൈലൊ പൈലോ" എന്ന ഇടി, എനിക്കീ പാര്‍ട്ടിയെ കാണുമ്പൊള്‍, കുറെ ദിവസം കഴിഞ്ഞിട്ടും നിക്കാണ്ടായപ്പൊല്‍ എനിക്കിതു പണീയാവുംന്നു മനസ്സിലായി..

പക്ഷെ അതിനിടയില്‍ തലയില്‍ ഇടിത്തീ പോലെ അവന്‍ വീണ്ടും ആ വാര്‍ത്ത കൊണ്ടുവന്നിട്ടു.. " ഇല്ലടാ അവള്‍ സ്കൂള്‍ തൊറന്നാ തിരിച്ചു പോവും" ..
വീണ തീക്കു മുടി കരിഞ്ഞെങ്കിലും ഞാന്‍ സമാധാനിച്ചു..പിന്നെ പ്രാര്‍ത്ഥിചു " ആ മടത്തിലെ കിളികളെങ്കിലും ഈ കൂട് വിട്ടു അത്ര പെട്ടെന്നൊന്നും പോവല്ലേന്നു.. എന്നാല്‍ അനിവാര്യമായ പണ്ടാരടങ്ങല്‍ സ്കൂള്‍ തുറക്കലിന്റെ രൂപത്തില്‍ വരന്നെ ചെയ്തു.. ഒന്നാന്തി മഴേത്ത് അതും തിങ്കളാഴ്ച, റ്റ്യുഷനു പോവാന്‍ എനിക്കു ദൈവം സഹായിച്ചു യാതൊരു ശുഷ്കാന്തിയും ഉണ്ടായിരുന്നില്ല..

പിന്നേ... കാലത്ത് എന്നെ അങ്ങ്ട് കെട്ടി എഴുന്നള്ളിച്ചിട്ടെന്തിനാണാവോ? മാഷ് മൂക്കട്ടയും മൂക്കിപ്പൊടിയും ചെര്‍ത്തുണ്ടാക്കുന്ന കസ്തൂര്യാദി ( ഇനിപ്പൊ ഗൊപി ചന്ദനാദിയാണോ എന്തൊ) ഗുളികേടെ ഒരു കടും തവിട്ടു നിറത്തിലുള്ള കൂട്ട് ആ വെളുത്ത തൂവലയില്‍ മൂപ്പരങ്ങനെ ലെയര്‍ ലെയര്‍ ആയി നൂറ്റൊന്നാവര്‍ത്തിച്ചു തേച്ചുപിടിപ്പിക്കുന്നതുമ്, അപ്പൊഴെക്കും സാറിന്‍റെ ഭാര്യ താഴെ നിന്നും ഒരു ചെറിയ മില്‍ക്ക് ലിഫ്റ്റില്‍ ( ചരടും ഒരു ചതുരപെട്ടീം കൊണ്ടൊരു സൂത്രം)കയറ്റിവിടുന്ന ഒരു ഗ്ലാസ്സ് പാല്‍ കുടിച്ചു മുന്‍പ് പറഞ്ഞ അതെ തൂവാല വച്ച് മുംബൈ ലൊക്കല്‍ സ്റ്റേഷനില്‍ ഷൂ പോളിഷ് ചെയ്യുന്ന പയ്യന്മാര്‍ അവരുറ്റെ ആ വാക്സ്ട് ശീല വച്ചു ഷൂവിന്‍റെ മുന്‍വശം തിളക്കാന്‍ വലിക്കുന്ന പോലെ രണ്ട് വലി മീശക്കു താഴെ വലിക്കുന്നതും നോക്കി ഫ്രെന്റ് ബെഞ്ചിലിരിക്കാന്‍ എനിക്കെന്തു മോട്ടിവേഷന്??? (എനിക്കപ്പൊഴെക്കും അവിടത്തേക്ക് പ്രൊമോഷന്‍ കിട്ടിയിരുന്നു. സാറിനെന്‍റെ പേന പതിവിലും, ആവശ്യത്തിലും കൂടുതല്‍ വീഴുന്നുണ്ടൊ എന്നൊരു സംശയം തൊന്നിയിട്ടൊ, അതോ ഞാന്‍ ആദ്യം പടിച്ചോട്ടെ എന്നു കരുതിയോ..രണ്ടായാലും..)

ഇതൊന്നും പോരാണ്ട് ഒന്നു തിരിഞ്ഞു നൊക്ക്യാലോ.. ചൂരക്കൊട്ടക്കു ചുരിദാറിട്ടപൊലേം, പിന്നെ ദലേര്‍ മെഹന്ദി ദാവണി ഉടുത്തപൊലേം നാലു "സുഷും ആഷും"..
ജീവിത നൈരാശ്യം വരാന്‍ ഒരു മാന്ധ്യോം വേണ്ട മക്കളെ... !

ഇനീപ്പൊ കാണാന്‍ അതി ദാരുണ പ്രശ്നങ്ങളൊന്നുമില്ലാതിരുന്നവരും ഇക്കഴിഞ്ഞ കുറേ ദിവസങ്ങളായി എനിക്ക് കാഴ്ചക്കു സംഭവിച ചെറിയ വെല്ലുവിളി മൂലം നായും നരുന്തുമൊക്കെ ആയി പോയെങ്കില്... അതെന്‍റെ കുറ്റാണൊ ഭായ്, നിങ്ങള്‍ തന്നെ പറ...

പക്ഷെ അതോണ്ടൊന്നും പ്രശ്നം തീരില്ലല്ലൊ... റ്റ്യുഷന്‍ ഒഴിവാക്കാനെന്തു വഴി??? സാര്‍ സദ്ദാം ഹുസൈനാണെങ്കില്‍ മമ്മി സാക്ഷല്‍ ഒസാമ ബിന്‍ ലാദനാണു. ചെകുത്താനും നടുക്കടലിനും ഇടക്കെന്നൊക്കെ പറയുന്നതു വെറും "simple forms of confusing paradigms".... അതുകൊണ്ട് ക്ലാസ്സ് മുടക്കുന്നതൊക്കെ വെറും നടക്കാത്ത സ്വപ്നം എന്നു ഞാന്‍ മനസ്സിലാക്കി... പോയി.. രാജാവിന്റെ മകനെ മനസ്സില്‍ ധ്യാനിച്ച്... വെറും യാന്ത്രികമായി..

പക്ഷെ അധികം വൈകാതെ 10ഡി-ലെ അനൂപിനോട് ജിമീഷ് പറഞ്ഞപൊലെ " എന്റെ മാവും പൂത്തു മോനെ!!"

ഓണപരീക്ഷയുടെ അവധിക്കു, അറിയാന്‍ പാടില്ലാത്ത കളിയായിരുന്നിട്ടും, അവതാരോദേശ്യത്തില്‍ കാര്യായ പെന്റിങ്ങൊന്നും ഇല്ലാത്തതുകൊണ്ട്, ഞാന്‍ ജിനേഷിന്‍റെ കൂടെ, ക്രിക്കറ്റ് കളിക്കാന്‍ പോയി..

അങ്ങനെ ഗ്രൗണ്ടില്‍ എനിക്ക് താങ്ങി വല്യ ശീലമൊന്നും ഇല്ലാത്ത ബാറ്റും പിടിച്ചു ഞാന്‍ നില്‍ക്കുമ്പോളാണ് ഗ്രൌണ്ടിന്‍റെ മറ്റേ അറ്റത്ത്‌ നിന്ന് ദിക്ക് വടക്കായിട്ടും സൂര്യനുദിക്കുന്ന പോലെ എനിക്ക് തോന്നിയത്‌ ... ( ജിനെഷിന്‍റെ ഭാഷയില്‍ " ഘടീ ... അടി പാര്‍സല്‍ വരുട്ടാ.. നോക്കീം കണ്ടുമൊക്കെ തോന്നിയാല്‍ മതീ..)..സൂര്യന്‍ ഗ്രൌണ്ട് വഴി ചുമ്മാ ആലുംപറമ്പിലേക്ക്‌ കടന്നു പോയതിനിടയില്‍ അന്ന് വരെ (അതിനു ശേഷവും ) ബാറ്റ് നേരെ പിടിക്കാന്‍ അറിയാതിരുന്ന ഞാന്‍ ആദ്യമായും അവസാനമായും സിക്സര്‍ അടിച്ചു ... അതും തോമാസ് മാഷ്ടെ വളപ്പിലേക്ക്‌ !!!!

അത് പിന്നെ പ്രശ്നായി..പന്ത് പോയി മാഷ്ടെ പശൂന്‍റെ മേത്ത് വീണു.. അതിനുത്തരം ഒഴിവാക്കാന്‍ ഞങ്ങള്‍ ‍മൊത്തമായും ചില്ലറയായും പലായനം ചെയ്തതും, തോമാസ് മാഷ്ടെ വളപ്പിലേക്ക്‌ അടിച്ചാല്‍ സിക്സ് ആവുമെങ്കില്‍ ഇരിഞാലക്കുടക്ക് അടിച്ചാല്‍ എത്ര റണ്‍സ് ആവും എന്ന് കണക്കു കൂട്ടി നിന്ന തങ്കപ്പന്‍ മാഷ്‌ പിന്നാലെ വന്നത് കാണാതെ പോയതും മനസ്സാ വാചാ കര്‍മണാ അറിയാത്ത കാര്യത്തിനു മാഷിന്‍റെ പശൂനുള്ള അന്നത്തെ പുല്ലിന്‍റെ QUOTA തങ്കപ്പന്‍ കവര്‍ ചെയ്യേണ്ടി വന്നതും ചരിത്രം.. അതുപോട്ടെ.

കരുവന്നൂര്‍ പോഴേല് ഒഴുകിവന്ന ഒരുമാത്രി വെള്ളമെല്ലാം, കുറച്ച് ഇല്ലിക്കല്‍ ഡാമില്‍ തടഞ്ഞു നിന്നതോഴിച്ചാല്‍ ഭൂരിഭാഗവും അറബിക്കടലിലേക്ക് തന്നെ ഒഴുകി പോയി ...ഞാന്‍ പരീക്ഷകള്‍ക്ക് ഇത്തിരി ദുഖതോടെയും നിശബ്ദ അനുരാഗത്തിന് സന്തോഷത്തോടെയും തല വച്ച് കൊടുത്തു..

മൂത്രശങ്ക വരാന്‍ പ്രത്യേകിച്ചസുഖമോന്നും ഇല്ലാതിരുന്നിട്ടും ഒരുപാട് വെള്ളമൊന്നും കുടിക്കുന്ന ശീലം ഇല്ലാഞ്ഞിട്ടും ഞാനൊരു പാടു തവണ മൂത്രപുരയിലേക്ക് യാത്ര പോയി.. വെറൊന്നുമല്ല.. അങ്ങോട്ട്‌ പോവുന്ന വഴിയുടെ ഇടതു ഭാഗത്തായി സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്‍റെ മുകള്‍ നിലയിലാകുന്നു ഞങ്ങളുടെ സ്കൂളിലെ പരിശുദ്ധ ബി ഡിവിഷന്‍ , എന്ന് വച്ചാല്‍ ഒരേയൊരു സമ്പൂര്‍ണ വനിതാ ക്ലാസ്സ്‌. അഥവാ "സംകൃതം" പഠിയ്ക്കുന്ന മോശകോടന്മാരുടെ എ ക്ലാസ്സ്‌ ഒഴിച്ച് (എനിക്കവരെ പണ്ടേ കണ്ടു കൂടാ , അസൂയ അല്ലാതെ വേറെ വിശേഷം ഒന്നൂല്ല്യട്ടോ..) സുന്ദരികളുടെ സാനിധ്യമുള്ള ഒരേയൊരു ക്ലാസ്സ്‌.

ഇതിനിടയില്‍ ഞാന്‍ എന്തൊക്കെയോ ചെയ്യാന്‍ ശ്രമിച്ചിട്ടും അവളത്‌ കാണാതെ പോയത്‌ അവളുടെ കുറ്റമാവാന്‍ വഴിയില്ല.. കാരണം എനിക്ക് മുട്ടിന്‍റെ ചിരട്ട അകാരണമായി കൂട്ടിയിടിക്കുന്ന രോഗം വന്നത് ഏതാണ്ടാ കാലത്താണ്. അതും മിക്കപോഴും കഥാനായികയെ കാണുന്ന സമയങ്ങളില്‍ ആയത്‌ ആരുടെയും കുറ്റം അല്ലല്ലോ.. പ്രത്യേകിച്ചും എന്റെ .....

"ഷൈന്‍" ചെയ്യാന്‍ പലതവണ പല വഴിയില്‍ ശ്രമിച്ച് പരാജയപെട്ടു എന്നത് ഒരു ചെറിയ സങ്കടം.. ദുബായ്കാരായ നമ്മുടെ സ്വന്തം "സ്നോവൈറ്റ്‌" അവിടെയില്ലാതിരുന്നത് കൊണ്ട്‌ "ആത്മബലവും പുരുഷബലവും" ഒക്കെ കുറച്ചു കുറവായിരുന്നൂന്നു പറഞ്ഞാല്‍ മതീല്ലോ..

ഇറ്റിവെട്ട് കൊണ്ടവനെ പാമ്പു കടിച്ചെന്നു പറഞ്ഞു കേട്ടിട്ടേയുള്ളൂ!!!! ഒന്ന് തിളങ്ങാന്‍ Scope അന്വേഷിച്ച് സ്കൂള്‍ തെരഞ്ഞെടുപ്പിലും ഞാന്‍ ഒരു ഭാഗ്യപരീക്ഷണത്തിനു മുതിര്‍ന്നു.. അതിനു മുന്‍പും പിന്‍പും അത്യാവശ്യം അരിവാളിനോടു ആഭിമുഖ്യം ഉണ്ടായിരുന്നിട്ടു കൂടി ആ ഒരു വര്‍ഷം , എനിക്കാ അരിവാള് പിടിക്കുന്ന കയ്യോടൊരു പ്രതിപത്തി തോന്നി.. വിനാശ കാലേ.. ബാക്കി പറയണ്ടല്ലോ.. എന്റെ സ്വന്തം വോട്ടു തന്നെ കിട്ടാന്‍ ഞാന്‍ പെട്ട പാടെനിക്കറിയാം.. അന്ന് കെട്ടി വക്കാന്‍ കാശൊന്നും വേണ്ടിയിരുന്നില്ല എന്നതിന് ഞാന്‍ ആരോടു നന്ദി പറയണം ?

പിന്നെ യുവജനോത്സവങ്ങള്‍ , ശാസ്ത്ര പ്രദര്‍ശനങ്ങള്‍ , ക്വിസ് മത്സരങ്ങള്‍ അതൊരു മത്ത്‌ പിടിപ്പിക്കുന്ന യാത്ര ആയിരുന്നു.. നിഴലിനും നിലാവിനും ജീവന്‍ വയ്ക്കുന്ന പ്രായവും.. എന്തിനോടും സംസാരിക്കാന്‍ പറ്റുന്ന, കണ്ണ് തുറന്നു സ്വപ്നം കാണുന്ന ഒരു കാലം ... ഒരു പോണി ടെയില്‍, കണങ്കാലിന് ഒരിഞ്ചു മേലെ നില്‍ക്കുന്ന പാവാട, തിളങ്ങുന്ന കണ്ണുകള്‍, കൊലുന്നനെയുള്ള രൂപം, ..... എന്തിനു പറയണൂ .. ഉറക്കം ബുദ്ധിമുട്ടായി .... പിന്നെ അത് ശീലായി....എന്ത്.? ഉറക്കല്ല്യായ്മന്നെ.. കുറച്ചു കാലത്തെക്കെങ്കിലും !!


സ്കൂള്‍ അവസാനിച്ചു, ... തവളയെ മുറിക്കണോ.. കണക്കു കൂട്ടണോ എന്ന ചോദ്യത്തില്‍ ഉത്തരം മുട്ടി ഞാന്‍ ഒടുവില്‍ തവള ആവുമ്പോള്‍ പരിപാടി തീര്‍ന്നാല്‍ വേണമെങ്കില്‍ തിന്നാം, പിന്നെ തവളയെ പിടിക്കാന്‍ ( ഓഫ് കോഴ്സ് കോളേജിലെ ആവശ്യത്തിനു) എന്ന പേരില്‍ മുങ്ങാം എന്നീ സൗകര്യങ്ങളെ കണക്കിലെടുത്ത്‌ ഞാന്‍ അങ്ങനെ തീരുമാനിച്ചു. ( എന്‍റെ മമ്മിക്കു മോനൊരു ഡോക്ടര്‍ ആവാന്‍ ഇനി വെറും ആറേഴു കൊല്ലം മതി എന്നൊരു വിശ്വാസം ഉണ്ടായെങ്കിലും , ഞാന്‍ ഒരു നിമിഷം പോലും അങ്ങനെയൊരു ദൈവനിഷേധം ചിന്തിച്ചിട്ടില്ല്യാട്ടോ..) ..പക്ഷെ വിധി വീണ്ടും ജിനെഷിന്‍റെ രൂപത്തിലും അവന്‍റെ ന്യൂസിന്‍റെ കണ്ടന്റ് കൊണ്ടും എന്നെ ഞെട്ടിച്ചു.., " ഇനിയൊരു ട്യുഷനും കൂടെ സ്കോപ്പ്‌ ഉണ്ട് മോനെ" എന്ന് പറഞ്ഞു കൊണ്ട്‌.. അങ്ങനെ ഞാന്‍ കൂടത്തില്‍ കണക്കും കൂട്ടാന്‍ തീരുമാനിച്ചു. ആഗ്രഹമുണ്ടയിട്ടല്ല.. സത്യം..

ആ ദിവസങ്ങളില്‍ എത്രയോ തവണ ഞാനും ദീപക്കും കൂടെ താമരപ്പാടത്തെ ചാരായ ഷാപ്പിന്‍റെ അടുത്തുള്ള കലുങ്കില്‍ ഇരുന്നു "നാളെ അല്ലെങ്കില്‍ മറ്റന്നാള്‍ എന്തായാലും പറണം, പക്ഷെ എങ്ങനെ പറയണം" എന്ന് ഒറ്റ വല്‍സരവും പഞ്ച വത്സരവുമായി പദ്ധതികളെത്ര പ്ലാന്‍ ചെയ്തു കൂട്ടി.. അത്രയ്ക്ക് കൂലംകഷംമായി പിന്നെന്നെങ്കിലും ചിന്തിച്ചിരുന്നെങ്കില്‍ ഞങ്ങളൊക്കെ ആരായി പോയേനെ.. എനിക്ക് വയ്യ...

ഒടുവില്‍............. ഞാന്‍ പ്രതീക്ഷിച്ചപോലെ തന്നെ സംഭവിച്ചു.. .. അവളീ കാര്യം അറിഞ്ഞില്ല.. മാത്രമല്ല ആ കൊച്ചിന് ബുദ്ധിയുദിച്ചു.. വേരൊരുത്തനെ കെട്ടി.. അതുകൊണ്ടിപ്പോള്‍ സുഖമായി ജീവിക്കുന്നു.. (അല്ലെങ്കില്‍ കാണായിരുന്നു...!!!!!) ഞാനിപ്പോഴും ഓരോ കാര്യത്തിനും പുതിയ പഞ്ചവല്‍സര പദ്ധതികളുമായി മുന്നോട്ടു പോവുന്നു... ചുമ്മാ ....

വാല്‍ കഷ്ണം: ഇതിലോരുപിടിയെങ്കിലും നടന്ന കാര്യങ്ങള്‍ തേടിയാല്‍ അവര് കഷ്ടപെടും.. അതിലുപരി ഇങ്ങനെയൊക്കെ ( എങ്കിലും) ആയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നതാവും..അതുകൊണ്ട് പേരുകള്‍ മാത്രല്ല കാര്യങ്ങളും കഥ മാത്രാണ്.. ഒന്നൊഴികെ..

ഞാന്‍ ജീവിതത്തില്‍ ഒരുപാടു അധ്യാപകരെ ജീവിതത്തില്‍ കണ്ടു മുട്ടിയിട്ടുണ്ട്.. മൂര്‍ക്കനാട് മുതല്‍ കല്‍ക്കട്ട വരെ.. അവരിലോന്നും സി എ ജോസഫ്‌ മാഷ്ക്ക് ( സ്നേഹപൂര്‍വ്വം വെറും സി എ ) പകരം വക്കാവുന്ന ഒരാളെ കണ്ടില്ല .. ഇനി കാണുമെന്നൊരു പ്രതീക്ഷയുമില്ല.. ഈ കുറിപ്പും അദ്ദേഹത്തിന് മുന്നില്‍..

Tuesday, July 7, 2009

ഇരിക്കപിണ്ടം

അന്യ അവളെനിക്കിനി..

വെറുമൊരു ഓര്‍മ പോലുമാവാതെ മരിച്ചു മണ്ണടിഞ്ഞൊരു പാഴ്ജന്‍മം

ഉറക്കിയില്ലേ ഞാനീ നെഞ്ചിന്‍ ചൂടേറ്റി ചന്ദ്രനുറങ്ങാത്ത നാളുകളിലെത്രയൊ...

ഓര്‍ത്തില്ലവള്‍ പക്ഷെ, ഈയച്ചനെ...

എന്‍ വിരല്‍ തുമ്പിലെ തുമ്പപ്പൂവായവള്‍ ..
ആ പൂവിലും വെണ്മയെഴുമെന്‍ സ്വപ്നമായ് മാറിയോള്‍..

ഓര്‍ത്തില്ലവള്‍ പക്ഷെ, ഈയച്ചനെ...

ഊട്ടി അവരെന്നുണ്ണിയെ ഒരായിരം തവണ,
അരങ്ങത്തൊരിക്കലും വരാത്തൊരാ കൈകളാല്‍ ...

ഓര്‍ത്തില്ലവള്‍ പക്ഷെ, എന്‍ അകത്തുള്ളൊരെയും...


വിരലു മാറ്റി പിടിച്ചപ്പോള്‍, കണ്ടില്ലെന്‍ പുത്രിയീ,
ഈ അമ്പലപ്രാക്കള്‍ തന്‍ ആത്മാക്കളൊന്നുമേ...

മരിച്ചു നീയെന്‍ വീട്ടിലും.. വാക്കിലും.. എന്നിട്ടുമെന്തേയെന്‍ ചങ്കു പിടക്കുന്നു???


എനിക്കു പിഴച്ചുവൊ... അതോ എന്‍ കുഞ്ഞിനോ?

******************************************************************

എന്തേ വിളിച്ചില്ല എന്നച്ചനെന്നെ, ഒരിക്കലെങ്കിലും..

കാതോര്‍ത്തു കാതൊര്‍ത്തു ക്ഷീണിച്ചു പോയി ഞാന്‍.

തേവരെ കാക്കുന്ന, അറിയുന്നൊരച്ചനെന്‍,
മനമെന്തേ കാണുവാന്‍ തിട്ടമില്ലാതെ പോയ്?

എന്നുമീ വാതില്‍ക്കല്‍ ഒറ്റക്കു ഞാനിനി,
ഒരു നാള്‍ വരുമെന്നച്ചന്‍ വിളിക്കായീ..

പറയണം പറയണം എന്നോര്‍ത്തു ഞാനെത്ര....
"അ" എന്നെടുത്തതേ ..ചതിച്ചുവെന്‍ നാവെന്നെ..

ഒന്നു ചോദിച്ചാല്‍ പറഞ്ഞേനല്ലൊ ഞാന്‍ ...
എന്നച്ചനെന്നെ അറിയില്ലെ....ദൈവത്തിനോളവും?

അച്ചനറിയുക.... സുഖം എനിക്ക്... എന്‍ സ്വപ്നങ്ങള്‍ക്കും...

വക്കുക ഈ പിണ്ടം, വീട്ടിനുപുറത്തു.. മനസ്സിനല്ലെന്നറിയുന്നു ഞാനും...

*************************************************************************************
വരുമെന്‍ മകള്‍ .... വരാതിരിക്കില്ല..

വിളിക്കുമെന്നച്ചന്‍ .... വിളിക്കാതിരിക്കില്ല...

****
ഇരിക്കപിണ്ടങ്ങള്‍ വലിച്ചെറിയാം നമുക്കന്ന്..

സ്നേഹത്തിന്‍ കോലങ്ങള്‍ കെട്ടിയാടാനായി.