Thursday, December 27, 2018

അപ്പര്‍ ഓര്‍ചാഡ്‌സിലെ സിമന്റ് ബെഞ്ച്‌...


തോടങ്ങുമ്പോ വല്ല്യ പാലത്തിന്‍റെ അവിടത്തെ ബസ് സ്റൊപ്പീന്നു തുടങ്ങണം.. അതും ശനിയാഴ്ച കാലത്ത്.. പീസീ തോമസിന്‍റെ അപ്പനാണ് പിഐ പോള് എന്നൊക്കെ പറഞ്ഞാ ഇത്തിരി ഓവറാവും എന്നാലും ഒരു ലൈക്‌ മൈന്റട് കുരിശു തന്നെ ആയിരുന്നു ഈ “പീസീ-അളിയനും” എന്ന കാര്യത്തില്‍ വല്ല്യ കണ്ഫ്യൂഷന്‍ ഒന്നും ഉണ്ടായിരുന്നില്ല. 
 
ഞാന്‍ ഡോക്ടര്‍ ആയിരിക്കണമെന്ന കാര്യത്തില്‍ മമ്മിക്ക് യാതൊരു സംശയവുമില്ലാതിരുന്നതിനാല്‍, *പീസീടെ അവിടെ സീറ്റില്ല എന്ന് ഞാന്‍ പറഞ്ഞിട്ടും, ഉപ്പോളം വരില്ല ഉപ്പിലിട്ടത് എന്നാലും സാരല്ല്യ, “പീസീ ഇല്ല്യെങ്കി പീസീടെ അളിയന്‍” എന്ന കണ്ടീഷനില്‍, എന്നെ “എന്ട്രാന്‍സ് കോച്ചിംഗ്” എന്ന എന്‍റെ തലമുറയുടെ മഹാപ്രസ്ഥാനത്തിന്‍റെ ഭാഗമാവാന്‍ വിടുകയായിരുന്നു.
 
എല്ലാ ശനിയാഴ്ചയും ഒരു വ്രതം പോലെ, ഞാന്‍ എന്തെങ്കിലും ഒരു ഒഴിവു കഴിവിന് വേണ്ടി കാത്തിരിക്കുകയും, പക്ഷെ മിക്കവാറും ഒന്നും നടക്കാത്തതിനാല്‍ കോച്ചിങ്ങിനു പോകേണ്ടിവരികയും ചെയ്തു കൊണ്ടിരുന്നു. 
 
ശനിയാഴ്ച്ചകളുടെ പ്രശ്നം എന്താന്ന് വച്ചാ, വഴിയില്‍ പോലും കൂട്ടിനാരെയും കിട്ടില്ല. ഞാന്‍ പോണ നേരത്ത്, ഒരാഴ്ച കോളേജില്‍ പഠിച്ചു മരിച്ചതിന്‍റെ ക്ഷീണം തീര്‍ക്കാന്‍ മതിച്ചോറങ്ങാവും, എല്ലാ അവന്മാരും വീട്ടിക്കെടന്നു, അപ്പോ വിളിച്ചാ ഇടി പാര്‍സല്‍ വരും, വെറുതെ എന്തിനാ..
കാലത്തെറങ്ങി വലിയ പാലത്തിന്‍റെ അവിടെ നിന്ന് എങ്ങോട്ട് നീങ്ങണം എന്ന് കൂലംകഷമായി ചിന്തിക്കാന്‍ നേരം, ഇപ്പോഴും ഡിലെമ്മ രണ്ടായിരുന്നു.
 
1. തെക്കോട്ട്‌ കേറണോ ie.. ഇരിഞ്ഞാലക്കുട. 
 
(മെയിന്‍ അട്ട്രാക്ഷന്‍സ്: കോച്ചിംഗ്/ ചിലപ്പോ ചാക്കോ ( സിംഗിള്‍ സ്ക്രീന്‍ സില്‍ക്ക് ഫ്ലെവേര്‍ഡ്‌ മള്‍ട്ടിപ്ലെക്സ്)/ ട്രബിള്‍ ഫ്രീ സണ്‍‌ഡേ.etc.)
പൊട്ടന്‍ഷ്യല്‍ ഇഷ്യുസ് : ചാക്കൊയില്‍ യുവ/കുല ദ്രോഹികള്‍ പ്രത്യക്ഷപ്പെട്ടാല്‍, കുടുംബ കലഹത്തിനു ഹേതുവാകാം..!)
 
2. വടക്കോട്ട്‌ കേറണോ ie.. തൃശൂര്‍
 
( മെയിന്‍ അട്ട്രാക്ഷന്‍സ് : മോര്‍ണിംഗ് ഷോ/ ഗിരിജ തൊട്ടു രാഗം വരെ/ ജോസ് തൊട്ടു രാമദാസ്‌ വരെ ഒപ്ഷനോടോപ്ഷന്‍ / നോ കോച്ചിംഗ് / റൗണ്ടില്‍ തെണ്ടാം/ ചീട്ടു കളി കാണാം/ പക്ഷി നിരീക്ഷണം/ മൂര്‍ക്കനാട്ടേ ദ്രോഹികളുടെ കാഴ്ചയുടെ പ്രോബബിലിറ്റി വിരളം.. അങ്ങിനെയങ്ങിനെ..
 
നമ്മളൊക്കെ തികച്ചും യുക്തിഭദ്രമായി ചിന്തിക്കുന്നത് കൊണ്ട് പോക്ക് മിക്കവാറും തൃശ്ശൂര്‍ക്ക് ആവുന്നത് എന്‍റെ കുറ്റമല്ല, എന്നാണ് പറഞ്ഞു വന്നത്.
 
എന്ന് കരുതി എന്നും അത് തന്നെ ചെയ്യാന്‍ മാത്രം ഒന്നും നിഷേധിയായിരുന്നു ഞാന്‍ തെറ്റിദ്ധരിക്കരുത്. ഇടക്കൊക്കെ വീട്ടിലേക്ക് “മകനെ കണ്ടാല്‍ ഇവിടെ ഒന്നറിയിക്കണേ” എന്ന മട്ടില്‍ പോസ്റ്റ്‌ കാര്‍ഡ്‌ വരുന്നതിന്‍റെ പിറ്റേ ആഴ്ച, എന്തൊക്കെ വന്നാലും ഞാന്‍ പോയിരിക്കും, അന്ന് ബസ്സ്‌ കാശ് മമ്മി കൊടുക്കും!! ചിലപ്പോഴൊക്കെ പുതിയ പടത്തിനു ഒടുക്കത്തെ തെരക്കാണെന്നു ഒറപ്പുള്ള ശനിയാഴ്ചകളിലും, ഞാന്‍ മുടങ്ങാറില്ല.. 
 
അങ്ങിനെ ആകെ മൊത്തം ഡിലെമ്മയായ ഉള്ള ഒരു ദിവസം നോക്കുമ്പോ, കിഷോര്‍ നേരെ മഠം സ്കൂളിന്‍റെ ദിശയില്‍ വച്ചു പിടിക്കുന്നു (മഠം = കരുവന്നൂരുള്ള ചുള്ളന്മാരുടെ വാഗ്ദത്ത ഭുമി, .. വിളഞ്ഞതും വെളയാറായതും ഒക്കെ കൂടി കൂട്ടി ഇട്ടിരിക്കുന്ന ഒരു ഗോതമ്പ് പാടം.. പേര് വിശുദ്ധ പിതാവിന്‍റെ ആണെങ്കിലും, മൂപ്പരോഴികെ പുരുഷവര്‍ഗം അമ്പേ വിരളമായ ഒരു വിശുദ്ധ ഭുമി. കരുവന്നൂരുള്ള ആണ്‍പിള്ളേരുടെ കനാന്‍ ദേശം.). 
 
അവന്‍റെ ആവേശം കണ്ടപ്പോഴേ ചെറിയ ചെറിയ ലഡൂസ് എന്‍റെ മനസ്സില്‍, ഞങ്ങള്‍ എപ്പോ വേണെങ്കിലും പോട്ടാട്ടോ എന്ന് പറഞ്ഞു നില്‍പ്പുണ്ടായിരുന്നു, 
 
“എങ്ങടാ ഘടീ വച്ചു പിടിക്ക്ണ്ടല്ലോ”.
 
“മഠത്തില്‍ കേരളോത്സവം നടക്ക്ണ്ട്, ഞാന്‍ ലളിത ഗാനത്തിന് പങ്കെടുക്കാന്‍ പോണൂ”. 
 
അവനോക്കെ എന്തും ആവാല്ലോ, സുന്ദരന്‍, സ്കൂള്‍ ഫസ്റ്റ്, പാട്ട് പാടും, ടീച്ചര്‍മാരുടെ കണ്ണിലുണ്ണി, നല്ല പയ്യന്‍ ടൈറ്റില്‍ ഉള്ളവന്‍.. 
 
നീ വരുന്നുണ്ടോ, കിഷോര്‍ ചോദിച്ചു... (അവനല്ലെങ്കിലും പണ്ടേ അമ്പലനടെല്‍ കുറെ ഫ്രണ്ട്സ് ഒള്ളോണ്ട് ഇത്തിരി വള്ളുവനാടന്‍ ഭാഷ പണ്ടേള്ളതാ.!)
 
“വന്നിട്ടെന്തിനാ, നീയൊക്കെ പാട്ട് പാടുമ്പോള്‍ നല്ല സുന്ദരിപെങ്കുട്ടികള്‍ ആരാധനയോടെ നോക്കി കയ്യടിക്കുമ്പോ, ചങ്ക് തകര്‍ന്ന്, അടുത്ത യൂത്ത് ഫെസ്റ്റിവലിനെങ്കിലും നിനക്ക് പനീം തൊണ്ടവേദനേം വരെണെന്നു മുട്ടിപ്പായി പ്രാര്‍ഥിക്കാനാ?” ന്ന് ചോദിക്കണം ന്നുണ്ടാര്‍ന്നു.. പിന്നെ വേണ്ടാന് വച്ചു, മാത്രല്ല നമ്മക്കിപ്പോ തല്‍ക്കാലം ഒരു പരിപാടി വേണം ഒരു മണി വരെ. 
 
“ഞാനൂണ്ട്’ എന്ന് പറയലും സൈക്കിളില്‍ ചാടി കേറലും ഒന്നിച്ചായിരുന്നു. 
 
അവിടെ ചെന്നപ്പോ, നമ്മടെ സ്വന്തം KACയെ (കേരള അത്ലറ്റിക് ക്ലബ്‌ മൂര്‍ക്കനാട്, വല്ല്യ സംഭാവാട്ടാ!!) പ്രതിനിധീകരിച്ചു ഒഫീഷ്യല്‍സ് ഉള്‍പ്പെടെ മൂന്നാലാളെ ഉള്ളൂ എന്ന് മനസ്സിലായി. എന്നല്ല ഉപന്യാസ മത്സരത്തിനു ആരും ഇല്ല താനും. 
 
“നിനക്ക് കേറാന്‍ പറ്റോ”, എന്നാ ചോദ്യത്തിനെ “എത്ര മണിക്ക് തീരും” എന്ന ഒരു മറുചോദ്യം കൊണ്ട് ഞാന്‍ നേരിട്ടു.. 
 
“ഒരു മണിക്ക് തീരും”.. 
 
കര്‍ത്താവേ.. രോഗി, വൈദ്യന്‍, പാല് എല്ലാം, ഒക്കെ.. ഒരു മണിക്കെറങ്ങിയാല്‍ ഒന്നരക്ക് വീട്ടില്‍, കിറുകൃത്യം.
 
“ഞാന്‍ കേറാം, ക്ലബിന് വേണ്ടിയല്ലേ, ക്ലാസ് പോവും സാരല്ല്യ. പക്ഷെ എങ്ങാനും വീട്ടീന്ന് ചോദിച്ചാല്‍ നിങ്ങള്‍ ഒന്ന് പറയേണ്ടി വരും..”
 
“അത് ഞങ്ങള്‍ പറഞ്ഞോളാം. അങ്ങോട്ട്‌ വൈകീട്ട് വരാം”. 
 
“അതൊന്നും വേണ്ട, വേണെങ്കില്‍ ഞാന്‍ പറയാം.” (വെറുതെ എന്തിനാ പറന്നു പോണതിനെ പിടിച്ചു.. ഏത്?)
 
കേറി ഇരുന്നു, ഒന്നും അറിഞ്ഞുടാത്തവന്‍റെ ദാര്‍ഷ്ട്ട്യത്തില്‍ തകര്‍ത്ത് വായീതോന്നിയതൊക്കെ എഴുതി, ഒരു മണിക്കെറങ്ങി, ഓടി, നേരെ പഠിച്ചു ക്ഷീണിച്ച അവസ്ഥയില്‍, വീട്ടില്‍ ലാന്‍ഡ്‌ ചെയ്തു. 
 
ഡോക്ടര്‍ ആവാനുള്ള ചെക്കന് മമ്മി സ്പെഷ്യല്‍ ഉണ്ടാക്കിയതൊക്കെ, ഓ, വേണ്ടിയിരുന്നില്ല, എന്നാ മട്ടില്‍ തള്ളിക്കേറ്റി, ഞാന്‍ കൃതാര്‍ഥനായി, ഒരു ശനി (ആഴ്ച്ച !) കൂടി കഴിഞ്ഞു.
 
പക്ഷെ, ആ യാത്ര അധികം നീണ്ടില്ല. പോള്‍ സാറിന് പീസിയോളം വരില്ലെങ്കിലും, ഉള്ള റെപ്പ്യുട്ടെഷന്‍ കൂടുതല്‍ ആവാതെ നോക്കാന്‍ അദ്ദേഹം, “ഇനി അനൂപ്‌ വേണെങ്കില്‍ വീട്ടില്‍ ഇരുന്നു പഠിച്ചാലും മെഡിക്കല്‍ എന്ട്രാന്‍സൊക്കെ ചീള് പോലെ കിട്ടും” എന്നാ അര്‍ത്ഥത്തില്‍ ഒരു പോസ്റ്റ്‌ കാര്‍ഡ്‌ അയക്കുകയും, അതിലെ ദുഷ്ടത മാത്രം മനസ്സിലാക്കിയ എന്‍റെ കുടുംബം, എന്‍റെ കോച്ചിംഗ് സ്വപ്നങ്ങളെ കശക്കി എറിയുകയും ചെയ്തു.
 
എന്‍റെ മോര്‍ണിംഗ് ഷോകള്‍ക്ക് അതൊരു അവസാനമാകും എന്ന് നിങ്ങള്‍ കരുതിയെങ്കില്‍ അതെന്‍റെ കുറ്റല്ല. “LLB കൊച്ചിങ്ങിനു ഫ്രെണ്ട്സോക്കെ പോവുന്നുണ്ട്, അതും എഴുതി നോക്കാല്ലോ, തൃശൂര്‍ BTC സൂപ്പര്‍ ആണത്രേ!” എന്ന് പറഞ്ഞു ഞാന്‍ ഇത്തവണ ബാണം തൃശൂര്‍ക്ക് തന്നെ തൊടുത്തു. 
 
ഡോക്ടറോ വക്കീലോ എന്തെങ്കിലുമൊക്കെ ആവടെയ് എന്ന് കരുതീട്ടോ, അതോ ഇവനിനി നേരെയവാനോന്നും പോണില്ല എന്ന് കരുതീട്ടോ, എന്‍റെ പ്രതീക്ഷകള്‍ക്ക് കടകവിരുദ്ധമായി എന്‍റെ അഭ്യര്‍ത്ഥന അനുവദിക്കപ്പെട്ടു! 
 
അങ്ങിനെ ഞാനും കണ്ണനും മിറാജും ഗംഗേഷും ഒക്കെ കൂടി കുറെ സിനിമകള്‍, കുറെ നല്ല ദിവസങ്ങള്‍, കിന്നാരത്തുമ്പികള്‍ കുറെയേറെ പറന്നിറങ്ങിയ ദിവസങ്ങള്‍. 
 
മറക്കരുത്, അവസാനത്തെ രാത്രിയും, ക്രൈംബ്രാഞ്ചും തൊട്ടു, ശങ്കരന്‍ കുട്ടിക്കൊരു പെണ്ണ് വേണം വരെ മലയാളത്തിലൊരു സംവിധായകനും കഴിയാത്ത വിധം KS ഗോപാലകൃഷ്ണന്‍ സര്‍ (അടൂരല്ല, അങ്ങേരെ ആര് സാറെന്ന് വിളിക്കും..) ഒരൊറ്റ വര്‍ഷത്തിനുള്ളില്‍, ഓര്‍മയിലെ കുളിരായി, 5 സിനിമകള്‍ ചെയ്ത കൊല്ലായിരുന്നു, അത്. (മരിക്കാത്ത ഓര്‍മ്മകള്‍... എന്താല്ലേ!)
 
ആ സുന്ദരകാലത്ത് നിന്ന് പന്തടിച്ചപോലെ ഞാന്‍ വന്നു വീണത് യുനിവേഴ്സിറ്റി കാമ്പസിന്‍റെ വല്ലാത്തൊരു തിരക്കിലേക്കായിരുന്നു..
“ഇവന്‍ രാജൂന്‍റെ കസിന്‍ ആണ് അതോണ്ട് ഇന്ന് തന്നെ എടുത്തോണം” എന്ന കമെന്‍റ് ചേര്‍ത്ത് എന്നെ സ്വീകരിച്ച “ജിണ്ട&കോ”-യുടെ ആദ്യത്തെ ദിവസത്തെ സ്വീകരണം എനിക്കിപ്പോഴും ഓര്‍മയുണ്ട്, മൂപ്പരുടെ യഥാര്‍ത്ഥ പെരോര്‍മയില്ലെങ്കിലും.. 
 
‘ഷര്‍ട്ട്‌ ഉള്ളിലിടാന്‍ നീ എന്താ പെണ്ണ് കാണാന്‍ വന്നതാണോ’ എന്ന് ചോദിച്ചു തുടങ്ങിയത് പിന്നെ “മണ്ണെണ്ണ വേണ്ട പമ്പ് വേണ്ട” എന്ന് പറഞ്ഞ പോലെ അത് വേണ്ട, ഇത് വേണ്ട എന്ന് പറഞ്ഞ്, “അപ്പൊ ഇനി എന്ത് വേണം ചേട്ടാ” എന്ന് ചോദിച്ചപ്പോ “ഒരുപാട് ചോദ്യോം വേണ്ട” എന്ന് പറഞ്ഞ് അവരായിട്ടു തന്നെ അവസാനിപ്പിച്ച് തന്നു. അല്ലെങ്കില്‍ കാണായിരുന്നു.. 
 
മണ്ണുത്തീന്നു സെക്കന്റ്‌ ഷോ കഴിഞ്ഞു ചിറക്കാകോട് വഴി ഒരു വിടല്‍ വിട്ടാല്‍ 20- 25 മിനിറ്റില്‍, ഹോസ്റ്റല്‍ പിടിക്കാം. രണ്ടു സൈഡിലും നിറയെ മരങ്ങളും, കട്ട ഇരുട്ടും, കൂട്ടത്തില്‍ ഹോസ്റ്റലില്‍ നിന്നും കേട്ട ബെസ്റ്റ് പ്രേതകഥകളും കൂട്ടുള്ളത് കൊണ്ടും, ആ വരവിനു എപ്പോഴും നല്ല സ്പീഡ് ആയിരുന്നു താനും. 
 
ഫോറസ്ട്രീലെ നാരായണന്‍ മൂത്രോഴിക്കാന്‍ നിന്നപ്പോ തൊട്ടടുത്ത് വന്നു നിന്ന ചേട്ടന്‍ ബീഡി കത്തിക്കാന്‍ തീപ്പെട്ടി ചോദിക്കുന്നു. കത്തിച്ചപ്പോള്‍ താഴെ വീണ കൊള്ളി, ഞാനെടുത്തു തരാം എന്ന് പറഞ്ഞു കുനിഞ്ഞ നാരായണന്‍, കണ്ടത് തീപ്പെട്ടി ചോദിച്ച ആളിന്‍റെ പോത്തിന്‍റെ പോലെയുള്ള കാല്. 
 
എടുത്തു പിടിക്കാതെ തന്നെ, മുള്ളിപോയ സീനില്‍ നിന്ന് രക്ഷപെടാന്‍ ഉള്ള മരണപ്പാച്ചിലില്‍ വേറൊരാള്‍ തടഞ്ഞു നിര്‍ത്തി, എന്ത് പറ്റി എന്തിനാ ഓടുന്നേ എന്ന് ചോദിക്കുന്നു.. 
 
കഥ പറഞ്ഞു തീര്‍ന്നപ്പോള്‍ “ഇങ്ങനെയായിരുന്നോ കാല്‍” എന്ന് ചോദിച്ച് പഴയതിനേക്കാള്‍ വണ്ണമുള്ള ഒരു പോത്തുംകാല്‍ കാണിക്കുന്നു.. പോരെ പൂരം.. പിന്നെ, പതിവുപോലെ ബോധം വന്നപ്പോള്‍ തലയ്ക്കു മീതെ ഉഷ കെടന്നു കറങ്ങുന്നതും ഒക്കെ ആ ഹോസ്റ്റലിന്‍റെ മൈത്തോളോജിയുടെ ഭാഗമായിരുന്നു.. 
 
ഒരു സ്ഥിരക്കാരന്‍ അല്ലെങ്കിലും എനിക്കും ഒരു മുറി ഉണ്ടായിരുന്നു അവിടെ. ജനല് തുറന്നാല്‍ ഒരു പാടു കരിക്ക് തൊണ്ടുകള്‍ കൊണ്ടുള്ള ഒരു കുന്ന് പുറകില്‍ ഒളിപ്പിച്ച ഒരു മുറി.
 
കുറെയേറെ ഓര്‍മ്മകള്‍ ആ എട്ടു മാസം എനിക്ക് തന്നു. ജീവിതത്തില്‍ ഞാന്‍ ഏറ്റവും നന്നായി ഫുട്ബോള്‍ കളിച്ചത് യുണിവേഴ്സിറ്റിയില്‍ ചേര്‍ന്നതിന്‍റെ മൂന്നാമത്തെയോ നാലാമത്തെയോ ദിവസം ആണ്. ഇന്റര്‍ കൊളെജിയറ്റ് ഫുട്ബോള്‍ നടക്കുന്നു. അടുത്ത കളി വെറ്റിനറിക്കെതിരെ, അതില്‍ മിനിമം നാല് സുഡാനികളും. ആരോ പറഞ്ഞു ഞാന്‍ തട്ടിമുട്ടി കളിക്കും എന്ന റോങ്ങ്‌ ഇന്‍ഫര്‍മേഷന്‍ കിട്ടിയ സീനിയേര്‍സ് എന്നെ നേരെ പൊക്കിയെടുത്തു, ഗ്രൂണ്ടിലെത്തിച്ചിട്ടു പറഞ്ഞു, ഇന്ന് നീ ഡീസന്റ് ആയി കളിച്ചാല്‍, നിനക്ക് റാഗിങ്ങ് കുറച്ചു ഡീസന്റ് ആക്കി തരാം, അല്ലെങ്കില്‍ നിന്‍റെ കാര്യം പോക്കാ.. 
 
പിന്നെ ഞാന്‍ എന്നെ മറന്നു, എന്‍റെ സ്വപ്നം മറന്നു, ജീവന്‍ മറന്നു. ലക്‌ഷ്യം മാര്‍ഗത്തെ സാധൂകരിക്കും എന്നാ ഗീതാവാക്യത്തെ മാത്രം ഓര്‍ത്തു. ആ ഭീകരന്‍ സുഡാനിയെ നാലോ അഞ്ചോ തവണ നേരിട്ടു ടാക്കിള്‍ ചെയ്തു. ഒരൊറ്റ ലക്‌ഷ്യം, ഹോസ്റ്റലില്‍ മനസ്സമാധാനം. 
 
കളി കഴിഞ്ഞപ്പോ ഷിന്‍ ഗാര്‍ഡ് നാലു കഷണം.. അതിനു മുന്‍പും, പിന്‍പും ഞാന്‍, അത്രയൊന്നും നിശ്ചയമില്ലാത്ത ആ കളി ഇത്ര നന്നായി കളിച്ചിട്ടില്ല, ഇനിയൊട്ടു പ്ലാനുമില്ല, പക്ഷെ കാര്യം നടന്നു.
 
അന്നും ഇന്നും എന്നും ചങ്കൂറ്റമുള്ള പെണ്ണ് എന്നാരു പറയുമ്പോഴും എന്‍റെ ഓര്‍മയില്‍ എല്ലാരേയും തള്ളി മാറ്റി വരുന്ന ഒരു രൂപേള്ളൂ, “നമ്പൂരി”. വിദ്യ എന്ന പേര്, എന്നത് ശാന്തിയുടെയും സമാധാനത്തിന്‍റെയും യാതൊരു സൂചനയും ആയിരുന്നുമില്ല... 
 
മാടക്കത്ര സബ്-സ്റെഷനീന്ന് വരുന്ന 11KV ലൈനിനു തല വക്കാവും മൂപ്പരോട് മുട്ടുന്നതിനെക്കാളും നല്ലതെന്നൊരു ജനസംസാരം യുനിവേഴ്സിറ്റിയില്‍ ഉണ്ടായിരുന്നത് വെറുതെ ഒന്ന്വല്ലേനും... എന്നാ പിന്നെ അങ്ങോട്ട്‌ ചാരി നിക്കാവും തനിക്കും, തടിക്കും, നല്ലതെന്ന്, ഒരു തൃശ്ശൂക്കാരന്‍ എന്ന നിലക്ക് ഞാനും കരുതി. 
 
ഫ്രേഷെര്‍സ് ഡേക്ക് അവള്‍ കുറത്തിയുടെ മക്കളില്‍ പിടിച്ചപ്പോള്‍ ഞാന്‍ കാളിയമര്‍ദ്ദനം വച്ച് കീറി.എന്‍റെ മേലെ സീനിയേര്‍സ് കാളിയ മര്‍ദനം തുടങ്ങുന്നതിനു മുന്‍പേ തന്നെ ഞാനും കവിതയുടെ ഗതി തിരിച്ച് വിടാന്‍ തീരുമാനിച്ചു. പകുതി വിവരല്ല്യായ്മ ബാക്കി പകുതിയും അത് തന്നെ എന്ന സ്ഥിതീല്‍ ചെയ്തതാണേ.. 
 
പക്ഷെ നിയോഗങ്ങള്‍ ബാക്കിയായത് കൊണ്ടോ എന്തോ നടന്നതൊക്കെ വേറെ ആയിരുന്നു.
 
പക്ഷെ അതിനിടയില്‍ ആ കൂട്ടത്തില്‍ എവിടെയോ ഒതുങ്ങി നിന്ന ഒരു കണ്ണടയില്‍ കൊളുത്തി എന്‍റെ കാഴ്ച മുറിഞ്ഞു, പിന്നെ അകം മുറിഞ്ഞു. അതുണക്കാനോ, ആഴം കൂട്ടാനോ എന്തെങ്കിലുമൊക്കെ ചെയ്യാന്‍ തുടങ്ങുമ്പോഴേക്കും ഞാന്‍ തിരുവനന്തപുരത്തിനു പോയി, ആരോ പറഞ്ഞപോലെ വെപ്പും വെളമ്പും പഠിക്കാന്‍.. 
 
തലസ്ഥാനത്ത് അന്ന്16 AC തിയേറ്റര്‍. ഒന്നില്‍ നിന്നും മറ്റൊന്നിലേക്കുള്ള സൈക്കിള്‍ തീരുമ്പോള്‍, ആദ്യത്തേടത്ത് പടവും മാറിയിട്ടുണ്ടാവും. എല്ലാര്‍ക്കും വീക്കെന്റില്‍ ഉറക്കം. എന്നാല്‍ എനിക്ക് ശനിയും ഞായറും ഉറക്കമില്ലാതായി.. ഏയ്‌.. അതൊന്ന്വല്ല,ട്ടോ..!! കണ്ണൂര്‍ എക്സ്പ്രസ്സില്‍ റിസര്‍വേഷന്‍ ഇല്ലാണ്ടോറങ്ങാന്‍ ഭയങ്കര പാടാണ്.. മാത്രല്ലാ, ശനിയാഴ്ച മാത്രായിട്ട് ഒറങ്ങീട്ടെന്തിനാ.. 
 
പൂച്ചിന്നിപാദം , ആനക്കല്ല്, ഒല്ലൂര്‍ , മരത്താക്കര, കുട്ടനല്ലൂര്‍, നടത്തറ, മണ്ണുത്തി വഴി വെള്ളാനിക്കര.. ബസ് റൂട്ട് ഒന്നുമല്ല.. നാല് കൊല്ലം എന്‍റെ KB100 ഏറിയ പങ്കും ഓടിയ വഴിയാണ്... 
 
കണ്ണ് കൊണ്ടും അല്ലാതെയും കഥയും മിമിക്രിയും കഥാപ്രസംഗവും വരെ പറയുമായിരുന്നു അയാള്‍. ക്ലെയിം ഒന്നും ഇല്ല താനും. രണ്ടു പേര്‍ക്കിടയിലെ നിശബ്ദത സമ്പൂര്‍ണമായും സ്വാഭാവികവും ആസ്വാദ്യകരവും ആകുന്നതാണ് പൂര്‍ണത എന്ന് എന്നെ പഠിപ്പിച്ചോരാള്‍... മണിക്കൂറുകളോളം അപ്പര്‍ ഓര്‍ചാട്സിലെ ആ മരത്തിന്‍റെ കീഴിലെ സിമന്റ് ബെഞ്ചില്‍ ഇരുന്നിട്ടുണ്ട്, മുന്‍പ് പോയ ഒരു പാട് പേരെപോലെ, പിറകേ വന്ന മറ്റൊരുപാടു പേരെ പോലെ.
 
കവിതയെഴുതുന്നത് പോലെ കത്തെഴുതുന്നവരുണ്ട്... എഴുതിയ കത്തിന് അതെ വെള്ളകടലാസു കൊണ്ട് കവര്‍ വെട്ടിയുണ്ടാക്കി ആ കവറിനു മുകളില്‍ സുന്ദരമായി ചിത്രം വരച്ച് എഴുത്തിനെയാകെ ഒരു കവിതയാക്കുന്നവരുമുണ്ട്.. ജീവിതത്തില്‍ ജയിച്ചാലും തോറ്റാലും അത് സുന്ദരമായി ചെയ്യുന്ന ഒരു പാട് പേരെ ഞാനീ ക്യാമ്പസില്‍ കണ്ടിട്ടുണ്ട്.. പറഞ്ഞതിലേറെ, പറയാത്തതിനെ സ്നേഹിച്ചവര്‍. 
 
രാത്രിയുടെ നേര്‍പാതിയില്‍ ബാസ്കെറ്റ്ബോള്‍ കോര്‍ട്ടിന്‍റെ നടുവില്‍ ബക്കറ്റില്‍ കലക്കിയ കള്ള് കപ്പില്‍ മുക്കിയെടുത്ത് അതിനൊടുവില്‍ ചക്രവര്‍ത്തിനി പാടി, മെഹ്ഫില്‍ തുടങ്ങിയ മറക്കാത്ത രാത്രികള്‍ തീര്‍ത്തവര്‍. 
 
ഓര്‍മ്മകളും, സുഹൃത്തുക്കളും, ഒരുപോലെ, ദേശീയ പാതയിലെ ആ വലിയ ഗേറ്റിനു പുറകില്‍ ഉപേക്ഷിച്ചു പോയവര്‍.. അങ്ങിനെ അങ്ങിനെ..
“ഒരു നല്ല സൗഹൃദം, അത് പോരെ” എന്നാണ് തുടങ്ങിയത്.. എനിക്ക് പോരെന്നു പറയാനാണ് തോന്നിയത്, പറഞ്ഞതും. പിന്നല്ല.. സൗഹൃദങ്ങള്‍, അതെനിക്ക് വേണ്ടത്ര ഉണ്ടായിരുന്നു... ചിത്രപണികളും ബോര്‍ഡറുമൊക്കെയുള്ള വെള്ളകവര്‍ ആര് കണ്ടാലും അഡ്രെസ്സ് നോക്കാതെ തന്നെ എന്‍റെ റൂമിലേക്കെത്താന്‍ തുടങ്ങിയപ്പോള്‍ അയാള്‍ ആരൊക്കെയോ ആവാന്‍ തുടങ്ങിയിരുന്നു.. 
 
എനിക്ക് ശങ്കകള്‍ ബാക്കിയായിരുന്നോ, ആവോ? ഒടുവില്‍ ചോദ്യങ്ങള്‍ ഇനി ചോദിക്കരുതെന്ന കുറിപ്പോടെ കിഷോര്‍ കുമാറിന്‍റെ “ഹമേ തുംസെ”യുടെ നാല് വരി മാത്രമുള്ള കത്ത് എനിക്കയച്ചു തന്നു. പിന്നൊരിക്കലും പറയണമെന്നോ ചോദിക്കണമെന്നോ തോന്നീട്ടുമില്ല.
 
തലക്കും മുകളില്‍ വെള്ളം വന്നപ്പോഴും നീന്താതി
രുന്നത് ഞാനാണ്.. അല്ല ഞങ്ങളാണ്.. 
 
അല്ലെങ്കിലും നിശബ്ദതയുടെ സ്വാതന്ത്ര്യത്തില്‍ അതിന്‍റെ പൂര്‍ണതയില്‍ ഞങ്ങള്‍ക്ക് വിശ്വാസമായിരുന്നു, എന്നും.. ഓര്‍ചാഡ്‌സിലെ ആ സിമന്‍റ് ബഞ്ചിനത് മനസ്സിലായിരുന്നു... അത് ശരിയുമായിരുന്നു.. അല്ലെങ്കില്‍ അതായിരുന്നു ശരി.. 
 
വാല്‍കഷ്ണം : ഒരിക്കല്‍ വെട്ടു കുന്നത്തുകാവില്‍ സിനിമാ നടന്‍ ദേവനെ കാണാന്‍ സ്റെജിന്‍റെ മുന്നില്‍ കള്ളി മുണ്ടുടുത്ത് കുത്തിയിരിക്കുമ്പോള്‍ അവരെന്‍റെ പേര് വിളിച്ചു, ഉപന്യാസ രചനക്ക് സമ്മാനം തരാന്‍. പിന്നെ.. ഞാന്‍ കുറെ പോവും... ഒന്ന് കള്ളിമുണ്ടി ഗ്ലാമര്‍, രണ്ടു ഈ സമ്മാനം കൊണ്ട് വീട്ടിപ്പോയാല്‍, വേറെ സമ്മാനം വരാന്‍ വഴിയാവും... ഉപേക്ഷിച്ചു ഞാന്‍..
 
ത്യാഗം അല്ലാണ്ടെന്താ..

Tuesday, December 18, 2018

ഓര്‍മയിലൊരു ജാവ, അല്ല യെസ്ഡി!!

വിഴിഞ്ഞം റൂട്ടില്‍, വെള്ളാര്‍ ജങ്ങ്ഷനീന്ന് റൈറ്റ് എടുത്ത് (കോവളം എത്തണ്ട,അതിനു മുന്‍പേ. അല്ലെങ്കിലും ബീച്ചില്‍ നീന്താന്‍ ഒന്ന്വല്ലല്ലോ വന്നത്!), നേരെ ഒരൊറ്റ കിലോമീറ്റര്‍.. അടയാളം പറയാന്‍ ആണെങ്കില്‍ നിരനിരയായി ശില്‍പം കൊത്തുന്ന ശബ്ദത്തോടെ, മെറ്റല്‍ ഒടക്കുന്ന തരുണീമണികളെ ( തരുണന്‍മാരെയും) കണ്ടാല്‍, കറക്റ്റ്, നേരെ വിട്ടോ..ഹോട്ടല്‍ സമുദ്രയുടെ ഗേറ്റ് ലെഫ്ടില്‍ കാണുമ്പോ, വലത്തോട്ട് നോക്കണം..

നീലയാണോ പച്ചയാണോ ആ പെയിന്റിന് എന്നെന്നിക്കിപ്പോഴും ഒറപ്പില്ല.. അതിന്‍റെ രണ്ടിനും ഇടയിലെവിടെയോ ആയ കളറില്‍ ഒരു കെട്ടിടം. പക്ഷെ കയറുമ്പോള്‍ ഇടത്ത് വശത്തുള്ള മതിലിന്‍റെ സൈഡില്‍ കൂടെ ഉള്ളില്‍ ചെന്ന് ഇടത്തോട്ടു തിരിഞ്ഞാല്‍ നേരെ ബീച്ചിലോട്ട് ഇറങ്ങാം.. കോവളം ബീച്ചിലേക്ക്.. ഒറിജിനലല്ല , ഇത് ചെറുത് .. 

നാലും മൂന്ന് ഏഴു തെങ്ങ്. മുക്കാല്‍ ഭാഗവും വേര് പോറത്തും, കുറച്ചു അകത്തുമായി കടപ്പുറത്ത് അങ്ങിനെ നീളത്തില്‍.. പിന്നെ വീട്, അല്ല വീട് പോലെ കുറച്ചു കൂരകള്‍. പക്ഷെ പേര് ചില്ലറയല്ല, Italia!! അതായിരുന്നു നമ്മുടെ ഹോസ്റ്റല്‍.. എന്ന് വച്ചാല്‍ അത് പോലൊക്കെ.. തിരിച്ചു ഉള്ളിലോട്ട് കേറി മുന്‍വശത്തെക്കെറങ്ങിയാല്‍ റോഡിനപ്പുറം, ഒരു ചെറിയ ഒറ്റനില കെട്ടിടം. അങ്ങോട്ട്‌ കയറുന്ന വഴിടെ സൈഡില്‍ , എന്ന് പറഞ്ഞാല്‍ വഴി ഒന്നുല്ല, വേലിയില്ലാത്തോണ്ട് എങ്ങിനേം കയറാം., ഒരു ഓല മേഞ്ഞ KTDC ബിയര്‍ പാര്‍ലര്‍ ഒക്കെ പോലെ ഒരു അഡ്ജസ്റ്റ്മെന്റ് കെട്ടിടം, അവിടെയും പേര് സൂപ്പര്‍.. Bon apetit ( പോടാ പട്ടീന്നല്ല, bon apetit, എന്ന്വച്ചാ enjoy ur meal, എന്നൊക്കെ പറയാം.. അതായിരുന്നു നമ്മടെ കോളേജ്, അല്ല *ഇന്‍സ്റ്റിറ്റ്യൂട്ട്. അത്ര ഡെക്കറേഷന്‍ ഒക്കെ മതി. 

കൊണ്ടു വിടാന്‍ വന്ന, മമ്മിയും പപ്പയും ഒക്കെ പോയി. റൂമില്‍ കേറി നോക്കി ഒന്ന് നോക്കി, പൊറത്തെറങ്ങിയപ്പോള്‍ ഒരു നല്ല ബുദ്ധിജീവി ലുക്ക്‌ ഒള്ള ഒരു ഘടി, ഹായ്-ക്ക് വരെ ഒരു സായിപ്പ് ടച്ച്‌. പേര് നവീന്‍, ചോയ്ച്ചപ്പോ ടോക്-എച്ചാ.. അപ്പൊ മൂപ്പര്‍ടെ കൊഴപ്പല്ല.. ഇമ്മള്‍ ചയ്പന്‍ കുഴീം മുര്‍ക്കനാടും ഒക്കെ ആയിപ്പോയതിന് അവന്‍ എന്ത് ചെയ്യാന്‍, പാവം.. 

അവിടുന്നാ തുടങ്ങ്യെ ആധിധേയത്വത്തിന്‍റെ ദൈവശാസ്ത്രം..., സിമ്പിള്‍ ലാംഗ്വേജ് യൂസ് ചെയ്താല്‍, വെപ്പ്, വെളംബ്, അടിച്ചു തളി, അതൊക്കെ തന്നെ, കൂട്ടത്തിലിത്തിരി അറയോരുക്കലും.. പക്ഷെ കഴുത്തേക്കോണോം ഇച്ചിരി ആംഗലേയോം പിന്നെ അത്യാവശ്യം നിറമുള്ള പക്ഷികളുടെ സാന്നിധ്യം കൂടിയാവുമ്പോള്‍, സംഭവം കളറാണ്... 

കോണകം കഴുത്തീപ്പോയീട്ടു, നേരെ ചൊവ്വേ ആവശ്യമുള്ള ഇടങ്ങളില്‍ വരെ വെറും ഒരു ലക്ഷ്വറി മാത്രാണെന്നാണ്, നമ്മടെ ഒരു ലൈന്‍... അപ്പൊ പിന്നെ കാലത്ത് തന്നെ, പേട്ട തുള്ളാന്‍ പച്ചില കെട്ടി ഇറങ്ങിയ കന്നിക്കാരന്‍റെ മനസ്സോടെ ആദ്യായിട്ട് കോളേജിലേക്ക് പുറപ്പെടുന്ന ഒരു ചങ്കിലെ കാറ്റും, ഇടിയും അത് നിങ്ങള്‍ക്ക് മനസ്സിലാവൂല്ല സാറേ.. 

വെറും ബൈബിള്‍ അല്ല, ദെ ഈ കൈത്തണ്ട വണ്ണള്ള സാധനം ആണ് പ്രിന്‍സീടെ റൂമില്‍! എന്നിട്ട് എത്ര പേര് നന്നായീന്ന് ചോദിക്കണ്ട.. ജാത്യല്ലോള്ളത് തൂത്താ പൂവാത്ത മെനി മെനി ഐറ്റംസ് അവിടെ വന്നു വന്നു വീണത് അദ്ധേഹത്തിന്‍റെ കുറ്റല്ലല്ലോ.. 

പിന്നെ ബൈബിളിനും ഒരു പരിധില്ല്യെ.. പിന്നെ കണ്ട മനുഷ്യന്‍ ഭക്ഷണം വെളംബാനുള്ള പ്രാക്ടിക്കലിന് ഇടയിലാണ്. ഒരു പുണ്യവാളന്‍.. പാന്റിട്ടാലും കോട്ടിട്ടാലും, ഇഷ്ടികക്ക് ഒരു തൂക്കം ആണ് മാഷേ, എന്ന് മൂപ്പരോട് ആരെങ്കിലും പറഞ്ഞു കൊടുത്തെങ്കില്‍ എത്ര നന്നായേനെ.. അതും ഒരു ട്രേയില്‍ ഒരു 12 X 6 ന്‍റെ കമ്പനി കട്ട എട്ടെണ്ണം വച്ചാല്‍ ഉഷാര്‍ ആയി, കൂട്ടത്തില്‍ ഒരു നാലു ജഗ്ഗ് വെള്ളോം. അത് മൂന്നു വിരലില്‍ താങ്ങി നടന്നപ്പോള്‍, വന്നത് ഹോട്ടല്‍ മാനേജ്‌മന്റ്‌ പഠിക്കാനാണോ യൂണിയന്‍കാരന്‍ ആവാനാണോന്ന്, “ഒരു മാത്ര വെറുതെ നിനച്ചു പോയി”.. 

അന്നേക്ക് മൂന്നു ദിവസം ലോകനാര്‍ക്കാവില്ലെങ്കിലും വെള്ളാര്‍ക്കാവിലമ്മയാണെ തള്ളവിരലും പെരുവിരലും ഒബിസിറ്റി ട്രീറ്റ്മെന്റിലാര്‍ന്നു സൂര്‍ത്ത്ക്കളെ, ട്രീറ്റ്മെന്റിലാര്‍ന്നു. 

പോക്സോ ഒന്നും അന്നില്ലാഞ്ഞത് നന്നായി, അല്ലെങ്കി കാണായിരുന്നു…
 
വന്നെറങ്ങിയതിന്‍റെ രണ്ടാം ദിവസം ഒരു മുറി മുഴുവന്‍ തീപ്പെടിക്കൊള്ളി വച്ചു അളന്നു തിട്ടപ്പെടുത്തിയത് ചില്ലറ കാര്യാണോ.. 

അത് പോട്ടെ, മുറി കഴിഞ്ഞു അടുത്ത അളവിനു മുറ്റത്തേക്ക് കാലെടുത്തു വക്കാനോരുങ്ങുമ്പോ വന്ന ഒരു പനി ഇണ്ടല്ലോ, അതുപോലെ ജീവിതത്തില്‍ ഉപകാരപെട്ടിട്ടുള്ള ഒരു പനി, ഇത് വരെ വേറെ വന്നിട്ടൂല്ല്യ, ഇനി വരാനൂല്ല്യ.. 

പറയാനോരുപാട് മുഖങ്ങളുണ്ട്.. പണ്ടേ പാതി വെള്ളക്കാരനായ (ഇപ്പൊ മൊത്തവും) കണ്ണൂക്കാരന്‍ വണ്ടി പ്രാന്തന്‍ സുനില്‍ തൊട്ട്, മാവേലിക്കര മാക്സ് അലയാസ് വരക്കും കവി, (അവൻ വരക്കുന്നതാണോ എഴുതുന്നതാണോ കൂടുതൽ നല്ലതെന്ന് ഞങ്ങൾക്ക് ഒരിക്കലും തീരുമാനിക്കാൻ പറ്റിട്ടില്ല്യ...!), ഒരായിരം തവണ കക്കൂസിലിരുന്നു "സൗ സാല്‍ പഹ്ലെ" ആഞ്ഞു പാടിയിട്ടും ഇപ്പോഴും മടുപ്പില്ലാത്ത എന്‍ പ്രിയ സഹമുറിയന്‍, ആലുവാക്കാരന്‍ സുന്ദരകില്ലാടി പൊതു(വാള്‍) മുതല്‍, “ഇന്നാദ്യായിട്ടു ലൈറ്റ് ആയിട്ട് ഫിറ്റ്‌ ആയി ഘടി”, എന്നെന്നോട് വര്‍ഷത്തില്‍ ഒണ്‍ലി 300 days പറഞ്ഞ ( ബാക്കി ദിവസം അവന്‍ വീട്ടിലായിരുന്നു!), നമ്മടെ സൊന്തം ക്ലീറ്റസും, മൂന്നുമാസത്തില്‍ ഒരിക്കെ കൃത്യം 7 മണിക്കൂറില്‍ കടുത്തുരുത്തി കണ്ടു, ഫണ്ട്‌ മോബിലൈസ് ചെയ്ത് തിരിച്ചെത്തുന്ന (അങ്ങിനെങ്കിലും പോന്നുംകട്ടേനെ ഒന്നു കാണാല്ലോന്ന് കരുതി അപ്പന്‍ കാശയക്കാത്തോണ്ട്, അതോണ്ട് മാത്രം!), സാക്ഷാല്‍ ശ്രീമാന്‍ ചാക്കോച്ചനും, കണ്ടാല്‍ മാത്രല്ല, നല്ല പെടക്കണ ഐഡിയാസ് പാറ്റുമ്പോഴും ചെമ്മീനെപ്പോലെ, ലക്ഷം ലക്ഷം പിന്നാലെ എന്ന ലൈന്‍ ഉള്ള ദുര്‍ബലാക്ഷനും, ഒറ്റ നോട്ടത്തില്‍ മഞ്ചു വാരിയരെ ( ഉദാഹരണം സുജാതയിലെ, മാത്രം) ഓര്‍മിപ്പിക്കുന്ന അഞ്ചു അഥവാ ചെങ്കുവും, എന്‍റെ നാട്ടില്‍ തേങ്ങ പറക്കിയിടുന്നതും, പ്ലാസ്റ്റിക്‌ വള്ളിയില്‍ നെയ്ത സൈക്ലിളില്‍ തൂക്കുന്നതും, ചിലപ്പോള്‍ ചോറ്റുപാത്രം ഒളിപ്പിച്ചു സ്കൂളില്‍ കൊണ്ട് പോവുന്നതും അല്ലാതെ കൊട്ടക്ക് എത്രയോ അര്‍ത്ഥതലങ്ങള്‍ ഉണ്ടെന്നു DEMO ചെയ്ത രാജനും... 

അങ്ങിനെയങ്ങിനെ, കുരിശുകളാല്‍ സമൃദ്ധമായിരുന്നു, കടപ്പുറം. 

ബാലേട്ടന് പണ്ടു ഹോട്ടല്‍ മാനേജ്‌മെന്റ് പഠിക്കുമ്പോഴും മതിലിനപ്പുറത്തെക്ക് നോക്കി “പാവാട പ്രായത്തില്‍ നിന്നെ ഞാന്‍ കണ്ടപ്പോള്‍” എന്ന പാട്ട് പാടാന്‍ വല്യ ഇഷ്ടായിരുന്നു, ഇപ്പൊ പക്ഷെ ഭജനയാണ്‌ പഥ്യം.. അപ്പുണ്ണിക്ക് പക്ഷെ എന്നും ഗീതാഞ്ജലിലെ, ഓ പ്രിയ പ്രിയാ എന്നാ പാട്ടായിരുന്നു ഇസ്തം!!
 
ഓരോരോ ആചാരങ്ങളാവുമ്പോ..! 

ഇവരൊക്കെ ഓരോ കഥയായോണ്ട് ഒന്നായി വേറെ വഴിയേ പറയാം.
ക്ലാസ്സ്‌ തുടങ്ങി രണ്ടാമത്തെ വെള്ളിയാഴ്ച രാത്രി കണ്ണൂര്‍ എക്സ്പ്രസ്സ്‌ പിടിച്ചതും കൂടെ കൊച്ചി, കോഴിക്കോട്, പാലക്കാട്‌, തൃശൂര്‍ തുടങ്ങിയ മഹാനഗരങ്ങളിലെക്കുള്ള ഒരു പാട് മഹാരഥര്‍, പില്‍ക്കാലത്ത് കപ്പലോട്ടിയ (കപ്പലുകള്‍??) കോഴി(കളരി) എന്ന് പ്രസിദ്ധനായ സാറും, ഒക്കെയുണ്ടായിരുന്നു, എല്ലാര്‍ക്കും ഒത്ത നടുവില്‍ പട്ടാംബീന്നിത്തിരി പാല്പായസോം..
 
തീവണ്ടിയോട്ടിയ നായര്‍ പിന്നേം ഒരുകൊല്ലം കഴിഞ്ഞാണ് കൂടെ കൂടിയത്. പക്ഷെ, നഞ്ചെന്തിനു നാനാഴി.. രണ്ടു കൊല്ലം, അത് പോരെ..
ബൈ ദി വെ, പാതിരക്കും പുലര്‍ച്ചക്കും ഒക്കെ ആണ് കണ്ണൂര്‍ എക്സ്പ്രസ്സ്‌ മിക്ക സ്റ്റേഷനിലും എത്തുന്നത് എന്നതോണ്ട് മാത്രോന്നല്ല യാത്രക്കാരു പലരും ഒറക്കം വേണ്ടാന്ന് വച്ചത് എന്നൊക്കെ പാണന്മാര്‍ പാടുന്നുണ്ടാവും.... ദുര്‍ബുദ്ധികള്‍.. 

കൊല്ലം മാറി ഇറ്റാലിയ മാറി, സിതാര വന്നു.. ജീവിതം യൗവനയുക്തവും പ്രണയ സുരഭിലവുമായി.. നുമ്മക്കല്ല, കാണാന്‍ കൊള്ളാവുന്നോന്‍(ള്‍)മാര്‍ക്ക്‌. കുറെ പേര് ഡെയിലി, വീക്ലി, മന്ത്ലി subscription മോഡലില്‍ ആയിരുന്നു.. ഈ മൊബൈല്‍ ഫോണിലെ പോലെ enjoy as you go ... കോണ്ട്രാക്റ്റ് ഇല്ലാതെ.. അസൂയ ഒന്ന്വല്ലാട്ടോ.. സഹിക്കാന്‍ പറ്റാണ്ടായ പിന്നെ, അതിനു വേറെ പേരെന്തെങ്കിലും വേണം വിളിക്കാന്‍, അസൂയാന്നല്ല... 

ചില കാര്യങ്ങള്‍ക്ക് ആഗ്രഹം മാത്രം പോരല്ലോ.. അതുകൊണ്ട് ഒരു കിണ്ണന്‍കാച്ചി വണ്ടി അതും 250 cc ടെ യെസ്ഡി(Yezdi), ആര്യനാട് ഇണ്ടെന്നു കേട്ടപ്പോള്‍ ഞാനും ക്ലീറ്റസും പിന്നെ ഒന്നും ആലോചിച്ചില്ല.. നേരെ സുനിലുമായി consult ചെയ്തു, ലവനാണല്ലോ ആസ്ഥാനവണ്ടിക്കാരന്‍.
“ഒന്ന് കാണേണ്ടി വരും, അല്ലാതെ പറയാന്‍ പറ്റില്ല”.. സാര്‍ പറഞ്ഞാ പിന്നെ അപ്പീലില്ല.. 

എവിടുന്നൊക്കെയോ ഒപ്പിച്ച എണ്ണായിരം രൂപയുമായി ഞങ്ങള്‍ ആര്യനാട്ടേക്ക്, നെക്സ്റ്റ് അവൈലബിള്‍ ഡേയില്‍... 

പ്രണയം ആദ്യ ദര്‍ശനത്തില്‍ തന്നെയായിരുന്നു, അവളൊന്ന് സംസാരിക്കാന്‍ സോറി സ്റ്റാര്‍ട്ട്‌ ആവാന്‍ കുറച്ചു മടിച്ചെങ്കിലും. അല്ലെങ്കിലും അങ്ങിനെ എളുപ്പത്തില്‍ വഴങ്ങുന്നത് കുലസ്ത്രീകള്‍ക്ക് ഇണങ്ങുന്നതാണോ.. 

തിരിച്ചു വരുമ്പോഴാണ്, യെസ്ടിയുടെ ശബ്ദത്തിനു ഇത്രമാത്രം മാന്ത്രിക ശക്തിയുണ്ടെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞത്... ഓരോ ബീറ്റിലും സപ്തസ്വരങ്ങള്‍ മാറി വന്നപ്പോഴേ, ഞങ്ങളിലാരോടാവും അവളേറെ അടുക്കുക എന്ന മത്സരം അറിയാതെ തുടങ്ങിയിരുന്നു.
 
സിതാര ഒരുപക്ഷെ ഒരു യെസ്ഡിക്ക്, പ്രത്യേകിച്ചും ഞങ്ങളെപ്പോലെ കടം വാങ്ങിയാലും ഇല്ലെങ്കിലും ഒരു ലിറ്ററില്‍ അധികം പെട്രോള്‍ വാങ്ങാന്‍ കെല്‍പ്പില്ലാത്ത കാമുക മുതലാളിമാര്‍ക്ക് തികച്ചും സ്ട്രാറ്റജിക് ആയ ലൊക്കേഷന്‍ ആയിരുന്നു. കാരണം, നേരെ മുന്നില്‍ പെട്രോള്‍ ബങ്ക്, തിരുവനന്തപുരത്തെക്ക് ഒരു കയറ്റം തുടങ്ങുന്നതിനു തൊട്ടു മുന്‍പും.
എന്ന് വച്ചാല്‍ ചാരി വച്ചിരിക്കുന്ന തെങ്ങിന്‍ കടക്കല്‍ നിന്ന് നേരെ തള്ളി കൊണ്ടുപോയി ഒരു ലിറ്റര്‍ അടിക്കുന്നു, നേരെ തിരുവനന്തപുരം, എവിടെ പോയാലും തിരിച്ചു പാറമട കയറ്റം എത്തുമ്പോള്‍, അവള്‍ എനിക്ക് ഇനി കഴിയില്ലെന്ന് പ്രഖ്യാപിച്ചു നിശബ്ദയാവുന്നു, ഇറക്കത്തില്‍, ഞങ്ങള്‍ പതിവുപോലെ പിണങ്ങി മിണ്ടാതെ ഇറക്കം ഇറങ്ങി വന്നു, നേരെ തെങ്ങിന്‍ ചോട്ടില്‍.. 

ഒരു അഞ്ചിന്‍റെ അല്ലെങ്കില്‍ അമ്പതിന്‍റെ കോയിന്‍, ഉണ്ടെങ്കില്‍ താക്കോലോക്കെ വെറും തമാശയല്ലേ ചേട്ടാ എന്നാ മട്ടില്‍, കൂടെ നിക്കുന്ന ചങ്ക്.. മാത്രോ? മോട്ടോര്‍ സൈക്കിളിന്‍റെ ഭാഗങ്ങളൊക്കെ കൃത്യമായി വരച്ചടയാളപ്പെടുത്താന്‍ മാത്രം പ്രാഗത്ഭ്യം ഞങ്ങള്‍ സിദ്ധിക്കുന്നതും, മിക്കവാറും അതെ തെങ്ങിന്‍ ചോട്ടില്‍ നിന്നു തന്നെയാണ്.
 
ഇപ്പോഴിറങ്ങുന്ന ജാവക്കുണ്ടോ എന്നറിയില്ല, പക്ഷെ, ഏതാണ്ട് അഞ്ചു പേര്‍ വരെ ഒരു ട്രിപ്പില്‍, നിങ്ങളോക്കെയാണെങ്കില്‍ ഞാന്‍ ഡബിള്‍ ഓക്കെ എന്ന് പറഞ്ഞ ഒരു attitude ഞങ്ങടെ ചങ്കിനുണ്ടായിരുന്നു... 

പിന്നെ മിക്ക ദിവസവും ആദ്യം ഞങ്ങള്‍ കോട്ടിട്ടു കിക്ക് ചെയ്യും, പിന്നെ കൊട്ടൂരിയും അവസാനം ടൈ വരെ ഊരിആഞ്ഞു ചവിട്ടിയും സ്റ്റാര്‍ട്ട്‌ ആകില്ല എന്നുറപ്പാവുമ്പോ , റോഡിലോട്ടു തള്ളി കയറ്റി, മൂന്നു പേരും കയറി, വെള്ളാര്‍ ഇറക്കത്തില്‍ നിന്ന് ഒരൊറ്റ പോക്കാണ്, കോളേജ് വരെ. ഇറക്കം ആണ്, പെട്രോളും ലാഭം, പണി തിരിച്ചു വരുമ്പോമ്പോഴാണെന്ന് ഒറ്റ പ്രശ്നെള്ളൂ.. 

കഥകള്‍ ഏറെയുണ്ട്.. സിതാരയുടെ ഫസ്റ്റ് ഫ്ലോറും, Xanadu വും ഗ്രൌണ്ട് സീറോയുടെ ആസ്ഥനമന്ദിരങ്ങള്‍ ആയിരുന്നു. 

നാല് മുറി, എട്ടു പേര്‍, പിന്നെ നീളത്തിലൊരു വരാന്ത, ഞങ്ങള്‍ അത്താഴകഞ്ഞി ഇരുന്നു കേടന്നും കുടിക്കുമിടം. അറ്റത്തൊരു ഫോണും, വെറും ലാന്‍ഡ്‌ ലൈന്‍. കറക്കി കറക്കി ഡയല്‍ ചെയ്യുമ്പോ ക്രിം ക്രിം എന്ന് സൌണ്ട് വരണ ഐറ്റം ... മൊബൈല്‍ ഫോണിന്‍റെ ഫോട്ടോ പോലും കണ്ടിട്ടില്ല, പിന്നെയാണ്..
 
ഒരിക്കല്‍ ഒരു സഹസിത്താരന്‍ ഒരു ഫോണ്‍ എടുക്കാന്‍ എന്നെ ഏല്‍പ്പിച്ചു, ഒരു ഇന്‍സ്ട്രക്ഷന്‍ ഉള്‍പ്പെടെ, “ എന്നെ ചോദിച്ചാല്‍ ഞാന്‍ ഇല്ലാന്ന് പറഞ്ഞാല്‍ മതി”. ഫോണ്‍ വന്നു, ഞാന്‍ സന്ദേശം കൈമാറി, അത് കഴിഞ്ഞു ചോദിച്ചു, ആരായിരുന്നു, എന്താ പ്രശ്നം.. “ഏയ്‌ പ്രശ്നോന്നൂല്ല, എന്‍റെ അച്ഛനാണ്, ഒരേ കാര്യം ചോദിയ്ക്കാന്‍ പിന്നേം പിന്നേം ഫോണ്‍ വിളിച്ചാല്‍ ഉത്തരം മാറില്ലല്ലോ ഭായ്, മാറുമ്പോള്‍ അങ്ങോട്ട്‌ വിളിച്ചു പറയാം, അത്രേള്ളൂ!” ..
 
പകച്ചു പോയി എന്‍റെ ബാല്യോം യൗവനോം ഒറ്റയടിക്ക്.. അതിന്‍റെ ആന്റി ക്ലൈമാക്സ്‌ ഈ ഫോണ്‍ വിളിച്ച ആളെ ഒരിക്കല്‍ നേരിട്ട് കണ്ട അന്ന് ഞാന്‍ അവനോടു വന്നു മാപ്പ് പറഞ്ഞു, അവനെ പറഞ്ഞിട്ട് കാര്യല്ല്യ, പുള്ളിക്കാരന്‍ അമ്മാതിരി സ്റ്റാറാര്‍ന്നു!! 

വേറൊരിക്കല്‍ ക്ലീറ്റസിനെയും സുനിലിനെയും നമ്മുടെ സ്റ്റാര്‍ റേസര്‍ രവികുമാര്‍ പോരിനു വിളിച്ചു, ലവന്‍ RX ഇലും ഇവര്‍ യെസ്ടിയിലും. തിരുവല്ലം അമ്പലത്തിനോടടുത്ത് വരുന്ന പുതിയ bypass റോഡില്‍ മത്സരം. എന്താണ് സംഭവിച്ചതെന്നു രവിക്കും ക്ലീറ്റസിനും മനസ്സിലായില്ല പക്ഷെ യെസ്ഡി ജയിച്ചു, പിന്നെ പോരെ പൂരം. രവി ക്ലീറ്റസിനും സുനിലിനും അവരെത്ര വല്യ തെറ്റാ ചെയ്തതെന്ന്, പ്രഭാഷണം അതും കട്ട കലിപ്പില്‍.. അല്ലാണ്ട് തോറ്റതോണ്ടാല്ലാത്രേ... എന്തായാലും അവര്‍ നീ പോടാ പാണ്ടി എന്നും പറഞ്ഞു സ്കൂട്ടായി.. 

പാര്‍ക്കിംഗ് ചെയ്യുന്ന സ്ഥലത്ത് സാജന്‍റെ വാലില്ലാത്ത സ്ലീക്കും, രാകേഷിന്‍റെ പറക്കും RXഉം ഒക്കെ ഉണ്ടാവും, പക്ഷെ “തരത്തീപ്പോയി കളിയെടാ കൊച്ചനെ” എന്ന മട്ടിലൊരു നില്‍പ്പങ്ങ് നിന്നാ, ലവള്‍ തന്നെ റാണി.. ഒന്നരവര്‍ഷം, ആഘോഷം.. അബ്രാമിന്‍റെ ജിമ്മന്‍ ബൈക്ക് മുതല്‍, പല നിറത്തിലും തരത്തിലുമുള്ളവരെ ഒതുക്കിയും മിക്കവാറും ഒതുങ്ങിയും പതുങ്ങിയും മൂപ്പരങ്ങിനെ സിതാരയുടെ സ്വന്തം ആയി വാണു. നവീനയും സഞ്ജയും പിന്നെ അന്ന് തുടങ്ങിയ നടത്തം ഇപ്പോഴും ഒരുമിച്ചായോണ്ട് പിന്നാലെ ആരും പോവാറില്ല അന്നേ.. അവര്‍ ബസ്സില്‍ തന്നെ പോവാറുണ്ടോന്നാണ് സംശയം. 

ഉണ്ണിയുടെ നേതൃത്വത്തില്‍ അയ്യപ്പന്‍റെയും സിബിയുടെയും സഹകാര്‍മികത്വതില്‍ സിതാരയില്‍ ഒരുപാട് ജ്ഞാനസ്നാനങ്ങള്‍ നടന്നിട്ടുണ്ട്.. അവരൊന്നും പിന്നെ നല്ല നടപ്പിലേക്ക് തിരിച്ചു പോയിട്ടില്ല, ദെ ഇന്നേ വരെ.. അത്രക്കും പുണ്യള്ള ഭൂമിയായിരുന്നു, സിതാര.. 

ഇടക്ക് മേലോട്ട് ഒറ്റക്കല്ലാതെ നടന്നു പോയ മാക്സും അജിത്തും നൈസ് ഈവനിങ്ങ്സ് ടൈം കഴിഞ്ഞും ലേറ്റ് ആവുമ്പോള്‍, അവര് ചുമ്മാ അന്താക്ഷരി കളിക്കാണെന്ന് ചിന്തിക്കാതെ പാറമട വരെ ചുമ്മാ ഒന്ന് പോയിനോക്കാന്‍ xanadu വിലെ മജീഷ്യന്മാര്‍, ചോക്കുവായും, ചാക്കോയായും, ബാലനായും, ദുര്‍ബു ആയും ഒക്കെ എത്തിയിരുന്നു.. അസൂയയില്ലാതെ, വെറും കാഴ്ചയുടെ ആനന്ദം മാത്രം തേടിയെത്തിയ ശുദ്ധാത്മാക്കള്‍.. അവരെയൊക്കെ നമ്മുടെ നായികാ മോഹത്തേര് പോലെ പുറകിലേറ്റി പാറമടക്കപ്പുറം വരെ കൊണ്ടുപോയി കൊണ്ട് വന്നു. മിക്കപ്പോഴും അവര്‍ നിരാശരായി മടങ്ങി എന്നാണു കഥയെങ്കിലും.. 

പിന്നെയുമുണ്ട് താരങ്ങള്‍, രാത്രി 3 മണിക് സിനിമ കഴിഞ്ഞു വന്നു കെടന്നോറങ്ങി അഞ്ച് മണിക്കെഴുന്നെറ്റ് രണ്ടു മണിക്കൂര്‍ രണ്ടര കിലോ തൂക്കമുള്ള പുസ്തകം അപ്പടിയേ വിഴുങ്ങി ടോപ്പിലെത്തുന്ന അനൂപും, ദൈവം എന്നെ സൃഷ്ടിച്ചത് തന്നെ ഗേള്‍സിന് വേണ്ടിയാണെന്ന് പാന്റില്‍ എഴുതിയോട്ടിച്ച രാജും, എന്തിനോടും കൃത്യമായി അകലവും അടുപ്പവും വച്ച അച്ചടിയേക്കാള്‍ ഭംഗിയുള്ള അക്ഷരമുള്ള പഴയ വിപ്ലവ ശിംഗം അനുവും ഒക്കെ അനുഭവിച്ചിട്ടുണ്ട് നമ്മുടെ നായികയെ.. 

സുനില്‍ അവന്‍റെ മുട്ടും റോഡും ഇപ്പൊ മുട്ടും, ദെ മുട്ടി എന്ന മട്ടില്‍ ഓടിക്കുമ്പോ, അതിലും റോഡ്‌ ഗ്രിപ്പോള്ള വണ്ടിയില്ല, പക്ഷെ വളവിലല്ലേ അങ്ങിനെ ചെയ്യാന്‍ പറ്റൂ, നേരത്ത് അവനത് കാണണം എന്നാഗ്രഹമുള്ളവരോന്നും ആ ഏരിയയില്‍ ഇല്ല താനും. പിന്നെ അത് കാണിക്കാന്‍ പട്ടം വരെ പോയാല്‍ ഫൈന്‍ കൊടുക്കാന്‍, വണ്ടി വില്‍ക്കേണ്ടിയും വരും.. 

അവസാന കൊല്ലം, അവസാന പരീക്ഷ അടുത്തപ്പോഴാണ് ഇനിയും വച്ചോണ്ടിരുന്നാല്‍, എന്‍റെയും ക്ലീറ്റസിന്‍റെയും സുനിലിന്‍റെയും ഔദ്യോഗിക പ്രണയമായിരിക്കുംപോള്‍ തന്നെ, ക്ലാസ്സിലെ ഒരുപാട് പേര്‍ക്ക് ഓര്‍മ്മിക്കാന്‍ സുന്ദരമായ നിമിഷങ്ങള്‍ സമ്മാനിച്ച നായികയെ, മറ്റൊരു നായകനൊപ്പം അയച്ചില്ലെങ്കില്‍ കട്ടപണിയാവും, ന്ന് ഞങ്ങള്‍ കാമുകര്‍ ഒന്നടങ്കം തീരുമാനിച്ചത്. കാരണം ഞങ്ങളുടെ ആരുടെ വീടുകളിലും മുന്‍ ചക്രവും പിന്‍ ചക്രവും പോയിട്ടു, ഒരു മഡ്ഫ്ലാപ്പ് പോലും വച്ചു കേറാന്‍ ഇവളേം കൊണ്ട് നമുക്ക് സാധിക്കാത്തതു കൊണ്ട്, ഉടനെ മറ്റൊരു നായകനെ കണ്ടു പിടിക്കണം എന്നും തീരുമാനം ആയി. 

അന്ന് സ്വര്‍ണപണിക്കു വലിയ ഡിമാന്റ് ഉള്ള കാലാണ്.. തൃശൂര്‍ ജില്ലയിലെ വല്ലച്ചിറയും പള്ളിശ്ശേരിയും ഒക്കെ അതിന്‍റെ തലസ്ഥാനവും..
ക്ലീറ്റസിന്‍റെ സമര്‍ത്ഥമായ സെയില്‍സ് പിച്ചില്‍ രണ്ടു സ്വര്‍ണപ്പണിക്കാര്‍ നായികയെ തേടി തിരുവനന്തപുരത്ത് എത്തുന്നു.. പിന്നെ ഞങ്ങള്‍ എല്ലാരും ചേര്‍ന്ന് ഒടുക്കത്തെ ഗുണഗണവര്‍ണന... തലേന്ന് മൂന്നു മണിക്കൂര്‍ നിര്‍ത്താതെ കിക്ക് അടിച്ചു ഗിന്നസ് ബുക്കുകാരെ, (റെക്കോര്‍ഡ്‌ രേഖപ്പെടുത്താന്‍), ഇന്നിനി വേണ്ട, രണ്ടു ദിവസം കഴിഞ്ഞു വിളിക്കാം എന്ന് വിചാരിച്ചിരിക്കുമ്പോഴാണ്‌ ആ നല്ല രണ്ടു ശമരിയാക്കാര്‍ അത് വഴി വന്നത്. പിന്നെ പിച്ചോട്‌ പിച്ച്.. 

എല്ലാം കഴിഞ്ഞു അവര് പുറപ്പെടുമ്പോള്‍ മണി കുറച്ചായി.. വയറും മനസ്സും നെറച്ച് ദീര്‍ഘ നിശ്വാസോം വിട്ടു ഞങ്ങള്‍ വിതുമ്പുന്ന ഹൃദയത്തോടെ ഉറങ്ങാന്‍ കെടന്നു.. (അതാണല്ലോ അതിന്‍റെ ഒരു രീതി...!)

അതിന്‍റെയും പിന്നത്തെ ആഴ്ച പരിപാടി ഒക്കെ അവസാനിപ്പിച്ച് ഞാനും ക്ലീറ്റസും നാടിലെത്തി, അതിന്‍റെ പിറ്റേന്ന് ഞാന്‍ ബെര്‍തെ, വീടിന്‍റെ പടിക്കല്‍ നിക്കുമ്പോണ്ട്, നമ്മുടെ യെസ്ഡി രണ്ടു പുതുനായകരെയും കൊണ്ട് പടിക്കല്‍ നിക്കുണൂ.. എന്‍റെ നല്ല ജീവന്‍ ആത്മാവിനെയും കൊണ്ട്, തോമസ് കുട്ടീ വിട്ടോടാ.. ന്നും പറഞ്ഞു പാഞ്ഞു പോയത് എന്‍റെ ദേ, മൂക്കിന്‍റെ താഴെക്കൂടെയാണ്.. 

ഒരു കോമ കിട്ടിയെങ്കില്‍ ചുമ്മാ കേറി കേടക്കായിരുന്നൂന്ന്, ഞാന്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചു പോയി, സത്യം..
 
നടന്നാണോ എഴഞ്ഞാണോ എന്നൊന്നും എനിക്കിപ്പോഴും തിട്ടമില്ലാത്ത രീതിയില്‍ ഒരു കണക്കിന് ഞാന്‍ ചിറയിന്മേല്‍ കയറി.. ഒരാള്‍ നേരെ വന്ന്, “എന്‍റെ പോന്നു ചേട്ടാ, ഞങ്ങക്ക് പറ്റീത് പറ്റി, ഞങ്ങടെ കാശും, വഴിയില്‍ ചെലവായ കാശും തന്നാല്‍ ഞങ്ങള്‍ പൊക്കോളാം, അല്ലെങ്കില്‍ കലിപ്പാവും ഘട്യെ.. ചെട്ട്നറിയോ, തിര്വന്തരത്ത്ന്ന് ഇവിടെത്താന്‍ മൂന്നിവസം ഇടുത്തു, അത് പോട്ടെ, കയ്യിലെ കാശും പോയി. മാത്രല്ല ഈ രോമം ഇനി ശരിയാവുന്നും തോന്നണല്ല്യ.. ഇമ്മക്ക് വേണ്ട ഘടീ..” 

കാശ് പോയ വഴി ഇനി പോലീസല്ല പട്ടാളം വിചാരിച്ചാ പിടിക്കാന്‍ പറ്റില്ല്യ, അന്ന് ചിപ്പോള്ള നോട്ടോന്നുല്ല്യല്ലോ.. 

അത് എങ്ങിന്യെങ്കിലും മാനേജ് ചെയ്താലും, ഈ ട്രാന്‍സാക്ഷന്‍ എങ്ങാനും മമ്മി അറിഞ്ഞാല്‍ ... അന്ന് തീരും... അല്ല, വേണ്ടാന്നു വെക്കും, ഞാന്‍ കൈയും കാലും കൊണ്ടുള്ള സകല പരിപാടീം..

രണ്ടും കല്പിച്ച് ഞാന്‍ പറഞ്ഞു, “കലിപ്പോന്നും വേണ്ട ഭായ്, ഞാന്‍ നാളെ അങ്ങോട്ട്‌ വരാം, നിങ്ങള്‍ ഇപ്പൊ പോ..” 

“ഞങ്ങളെ തിരിച്ചു ഇങ്ങട് വരത്താണ്ടിരിക്ക്യ ചേട്ടനും നല്ലത്” എന്ന് പറഞ്ഞവരു പോയി.. 

ഞാന്‍ രാജുനെ വിളിച്ചു, പോള്‍ മാഷ്ടെ മോന്‍ ക്ലീറ്റപ്പനെ വിളിച്ചു, മാറ്റര്‍ കൂലംകഷമായി ചര്‍ച്ച ചെയ്തു, ഒരു വഴിയുമില്ല എന്ന സുചിന്തിതമായ തീരുമാനത്തിലെത്തി.
 
എന്തൂട്ട് ചെയ്യാനാ, നിങ്ങള്‍ അവന്മാര്‍ക്ക് സ്റ്റാര്‍ട്ട്‌ ആവാത്ത ഒരു അലമ്പ് വണ്ടി കൊടുത്തു,അവന്മാരുടെ കാശു വാങ്ങി പുട്ടടിച്ചു, അവന്മാര്‍ മൂന്നെവ്സം വഴീല്‍ കെടന്നു, കയ്യിലെ കാശും പോയി, 3 ദിവസത്തെ പണീം പോയി.. ഇന്നന്നെ അടിക്കാണ്ട് പോയേന് സമ്മയ്ക്കണം അവരെ”, എന്നായിരുന്നു, സാമാന്യം രാഷ്ട്രീയോം സൊസൈറ്റി ഭരണോം ഒക്കെ ശീലള്ള രാജൂന്‍റെ കമന്റ്‌. ഞാന്‍ പിന്നെ ഒന്നും ആലോചിച്ചില്ല, അളിയാ നീ എന്തെങ്കിലും വഴി കണ്ടേ തീരൂ എന്ന് പറഞ്ഞു അവനെ അടപഡലം കൂട്ടിപ്പിടിച്ചു.. 

പിറ്റേന്ന് കാലത്ത് ഞാനും രാജൂം നേരെ പള്ളിശ്ശേരിക്ക് വച്ചു പിടിച്ചു, പോള്‍-സണ്‍ ( പോള്‍ മാഷ്ടെ പുത്രന്‍) വീട് കാണിച്ചു തന്നു, അവന്‍മാര്‍ ഇറങ്ങി വന്നു.. 

രാജു മുന്നില്‍, ഞാന്‍ പുറകില്‍... പിന്നെ അവന്‍ 56 ഇഞ്ചും ( കുറച്ചു കുറയും, പക്ഷെ അപ്പൊ വീര്‍പ്പിച്ചതുള്‍പ്പെടെ ഒരു 54 എന്തായാലും വരും!) വിരിച്ചു ഒരൊറ്റ അലക്ക് ആണ്. “ഡാക്കള്‍ടെ **ത്രാട്ട് കരുവന്നൂര്‍ വേണ്ടാട്ട... ഇനി ആ ഭാഗത്തെങ്ങാനും നിങ്ങള്‍ വന്നൂന്നറിഞ്ഞാ രണ്ടിന്‍റെയും കാലുണ്ടാവില്ല, ട്ടടാ.. വണ്ടി നിങ്ങള്‍ ഓടിച്ച്ട്ടെന്നല്ലേ വന്നെ.. പിന്നെ പഴയതാവുമ്പോ ഇത്തിരി റിപ്പയര്‍ ഒക്കെ ഇണ്ടാവും.. അതിനൊരു മാതിരി നമ്പര്‍ എറക്ക്യാലിണ്ടല്ലാ, എറച്ചീല്‍ മണ്ണാവൂട്ടാ..” എന്നിട്ടവന്‍ സ്ലോ മോഷനില്‍ തിരിച്ചു നടന്നു, ഞാന്‍ പിന്നാലെയും.. 

വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്ത് എടുക്കുമ്പോ അവന്‍ എന്നോട് ചോദിച്ചു “ഡാ, അവന്‍മാര്‍ പിന്നാലെ വെര്ണ്ടാ..?? നീ നോക്ക്യേ..” 

“ഇല്ല്യ, നീ വിട്ടോ”, ഞാന്‍ പറഞ്ഞു.. 

“അപ്പൊ ഓക്കെ” ..
 
അവര്‍ അപ്പോഴും വെടി കൊണ്ട പന്നീടെ പോലെ നിക്കുന്നുണ്ടായിരുന്നു.. ഞങ്ങള്‍ ഒറ്റ ശ്വാസത്തില്‍ കരുവന്നൂരെത്തി.. എന്നിട്ടാ രാജു ബാക്കി പറഞ്ഞെ..പുല്ല്, ഉള്ളു കാളീട്ട് പാട്ണ്ടാര്‍ന്നില്ല, ഇനി വരില്ല, ന്നാ തോന്നണേ!” എന്തായാലും അവരു പിന്നെ വന്നില്ല... നായേടെ വലുപ്പല്ല ശൌര്യാണ് കാര്യം.. ത്രേ.. (നടക്കാണെങ്കില്‍!) 

പക്ഷെ ആ ശകടത്തിന്‍റെ ഓര്‍മ്മകള്‍ ഒരു പാട് തവണ എന്നെ തേടി വന്നു.. ഒരുപക്ഷെ ജീവിതത്തിലെ ഏറ്റവും നല്ല കുറെ നാളുകളുടെ ഓര്‍മകളിലേക്ക് കൂടി കൂട്ടാന്‍ ജാവ വീണ്ടും വരുന്നു. മഹീന്ദ്രക്ക് നന്ദി!!!
 

വാല്‍കഷണം : ഏറ്റവും നല്ല തമാശ, വണ്ടി വിറ്റു, ഞങ്ങള്‍ നാടും വിട്ടു, ഒരു വര്‍ഷം കഴിഞ്ഞപ്പോഴാണ് ആ വണ്ടിയില്‍ ബാങ്ക് ലോണ്‍ വരെ ഉണ്ടായിരുന്നു എന്നറിഞ്ഞത്.. ഭാഗ്യം, കൈ എത്തുന്നതിലും ഒരുപാടു ദൂരത്തായിരുന്നു അപ്പോഴേക്കും, ഞാനും ക്ലീറ്റസും.. 

എന്തായാലും ഒരു പാട് ശരികള്‍ക്കും, ശരികേടുകള്‍മപ്പുറം, ഈ ജീവിതത്തില്‍ ഏതെങ്കിലും സരസ്വാതീക്ഷേത്രത്തിനോട് ഇത്രേമേല്‍ ഞാന്‍ കടപ്പെട്ടിട്ടില്ല... അവിടുത്തെ പല അധ്യാപകരോളം ആദരവുള്ളവരാരുമില്ല. 

ഞങ്ങളുടെ പ്രിയ കൂട്ടുകാരന്‍, the super cool dude of our batch, a real racer and above all our dearest friend രവികുമാര്‍, ഞങ്ങളെ വിട്ടു പോയിരിക്കുന്നു. അവനോളം ബൈക്കുകളെ നമ്മളാരും സ്നേഹിച്ചിട്ടില്ല. ഈ കുറിപ്പും എന്‍ പ്രിയ നന്‍പന്‍റെ മരിക്കാത്ത ഓര്‍മകള്‍ക്ക് മുന്‍പില്‍... 

*Institute of Hotel Management and catering technology (IHMCT, Kovalam, Trivandrum)
**ത്രാട്ട് – ഭീഷണി (തൃശൂര്‍ ഭാഷയുടെ ഭാഗം)

 #yezdi #jawa #ihmct #kovalam #trivandrum #hotelmanagement #friends #nostalgia