Friday, July 31, 2015

ഒരു സൈക്കിള്‍ പുരാണം

ഒരു ഒന്നൊന്നര സൈക്കിളിനു പോകാവുന്ന ഒരു ബണ്ട്... പിന്നെ അത്യാവശ്യം 2 ആൾക്ക് വെള്ളൊള്ള ഒരു തോട് ..  ഇത്തിരി പോയാൽ ഒരു പത്തഞ്ഞൂറു പറ കോള് .. തോടിന്റെ സൈഡിൽ കുറച്ചു  മൂർഖനൊ അണലിയോ ഉള്ള ഒരു കാടും. ങാ.. പിന്നെ വീടിന്‍റെ നേരെ മുന്നില് അത്ര ചെറിയതൊന്നുമല്ലാത്ത ഒരു പൊഴേം... അത്രേള്ളൂ..

വേറെ കാരണണ്ടായിട്ടൊന്നുമല്ല, മമ്മി,  സൈക്കിൾ ചവിട്ടാൻ കുറച്ചു കഴിഞ്ഞിട്ട് മതീന്ന് തീർത്ത്‌ പറഞ്ഞേ..!! എന്ത് പറഞ്ഞാലും "വേണ്ടാ" ന്നേ പറയൂ.. അതന്നേ... എന്തൊരു നെഗറ്റിവിറ്റി... അല്ലെങ്കിൽ പിന്നെ, വെറുതെ വെള്ളത്തീപോയി ചാവണ്ടല്ലോന്നു വിചാരിച്ചാവും.. പച്ചക്ക് പറഞ്ഞാ കാര്യായിട്ടൊള്ള ഒരു കാരണോല്ല്യാന്നെ! എന്തായാലും എന്‍റെ കാര്യം കഷ്ടം.

സൈക്കിളിന്‍റെ സൈഡീന്നു കുത്തികേറാൻ ഞാൻ ആരുമറിയാതെ പഠിച്ചു വച്ചിട്ടുണ്ടെന്ന് ഞാനും പറഞ്ഞില്ല.. ഹല്ല പിന്നേ. (പറഞ്ഞാ കാണായിരുന്നു! )

പക്ഷെ, പപ്പാ നാട്ടിലെത്തിയപ്പോ ഞാൻ ഒരു "മാൻ റ്റു മാൻ" ടോക്കിൽ കാര്യം പറഞ്ഞു.. "കളിയല്ല ..വയസ്സു് 10 കഴിഞ്ഞു ഇനിയും ഈ പരിപാടി പഠിക്കാതെ പുര നിറഞ്ഞു നില്കാൻ എനിക്ക് കഴിയില്ല"..

"അതോണ്ട്?"

സഹായിക്കണം, സഹകരിക്കണം... "സൈക്കിൾ ചവിട്ടാൻ പഠിക്കാണ്ട്  എനിക്ക് പുറത്തിറങ്ങാൻ പറ്റില്ല്യ..."

"ശരി.. പക്ഷെ സൈക്കിൾ എവിടുന്നു കിട്ടും നമ്മുടെ വീട്ടിൽ ഇല്ലല്ലോ.."

"അതൊക്കെ കിട്ടും അന്തോണിയേട്ടന്‍റെ കടയിൽ വാടകയ്ക്ക് കിട്ടും"

"എടാ പക്ഷെ നീ ചെറുതല്ലേ.. കാലെത്തില്ല.. "

"അര വണ്ടി കിട്ടും... അതാവുമ്പോ കാലെത്തും .!!"

"ഓക്കേ.. എന്നാ അത്  ആരെങ്കിലും കൂട്ടി എടുത്തിട്ട് വാ"

ചോറുണ്ണാൻ പോവാനുള്ള സ്കൂൾ ബെൽ ഒരു മണിക്കടിച്ചാൽ, വീട് വരെയുള്ള ഏതാണ്ട് മുക്കാൽ കിലൊമീറ്റർ (വണ്‍ വേ!) ഒറ്റ ശ്വാസത്തിന് കവർ ചെയ്ത് , നിന്ന് കൊണ്ട് തന്നെ രണ്ടു പിടി ചോറ് വായിലോട്ടു എറിഞ്ഞു പിടിപ്പിച്ചു തിരിച്ചു കൃത്യം ഒന്നേ പതിമൂന്നിന്  ഗ്രൗണ്ടിൽ പറന്നെത്തുന്നത് എക്സെർസൈസിനല്ല, മാഷെ.. വൈകിയാൽ മാച്ച് കളിക്കാൻ കൂട്ടാത്തോണ്ടാണ്.. എന്നിട്ടന്നെ റിസർവ് ആണ് !! അപ്പപ്പിന്നെ എന്‍റെ ജീവിതാഭിലാഷം നടത്തി തരാം എന്നൊക്കെ പറഞ്ഞാൽ, ഞാൻ എന്ത് പതുക്കെ പോയിരിക്കും, ആലുംപറമ്പിലേക്ക്  എന്ന് ഒന്നാലോചിച്ചു നോക്ക് ! ഉസൈൻ ബോൾട്ടും ബെൻ  ജോണ്‍സനും ഒന്നും മെനക്കെടാതിരുന്നത് നന്നായി. നാണക്കെടായേനെ .. പിന്നല്ല!

പക്ഷെ അവിടെ എത്തിയെങ്കിലും ഈ ഡിമാന്റ് സപ്പ്ളെ കർവിന്‍റെ പ്രശ്നം കാരണം എന്‍റെ ആവേശത്തിന് ചെറിയൊരു പണി കിട്ടി. എന്നുവച്ചാൽ അവിടെ ആകെ ഒരു കുട്ടി വണ്ടിയെ ഉള്ളൂ അതാമ്പിള്ളേർ കൊണ്ടുപോവേം ചെയ്തു.. തിരിച്ചു വന്നാൽ കിട്ടും.

പക്ഷെ അതോണ്ടും തീർന്നില്ല പ്രോസെസ്സ് ഇഷ്യൂസ് ...

"അല്ല നീ ഏതാ? മുമ്പ് കണ്ടട്ടില്ല്യല്ലോ .. ആളറിയാണ്ട് എങ്ങന്യാണ്ടാ വണ്ടി തരണേ.. അത്വല്ല നിനക്ക് സൈക്കിൾ ചവട്ടാനറിയോ? " 


ചതിച്ചു.... വിദ്യാരേട്ടന്‍റെ കടെടെ എറക്കിലുള്ള അന്തൊണ്യെട്ടന്‍റെ ചെറിയ തിണ്ണ കം സൈക്കിൾ ഷോപ്പ് കം ഓഫീസിൽ ഇരുന്നു ഒരു പഞ്ചർ ഒട്ടിച്ചു ഊതി ഒണക്കുന്നതിനിടയിലാണ് മൂപ്പർ ആ ലളിതമെങ്കിലും അർത്ഥഗർഭമായ ആ പ്രശ്നം ഉന്നയിച്ചത്. അത് രാമാനന്ദ് സാഗറിന്‍റെ രാമായണത്തിൽ "എടുക്കുമ്പോൾ ഒന്ന്, തൊടുക്കുമ്പോ പത്ത്,  അത് കഴിഞ്ഞാൽ ഒരു നിശ്ചയോല്ല്യ " എന്ന കണക്കിൽ എന്‍റെ ചങ്കിൽ തന്നെ ചറപറാന്നു കേറേം ചെയ്തു.

വിദൂരതയിലേക്ക് കണ്ണും നട്ട് , ചിന്തിച്ച് ഇരിക്കാൻ ഒക്കെ ശ്രമിച്ചെങ്കിലും അന്തോണ്യെട്ടൻ കണ്‍സേണ്‍ റീ ഇറ്റരേറ്റ് ചെയ്തു.. "നീ എന്താണ്ടാ ഒന്നും മിണ്ടാത്തെ"..

ദൈവം തൂണിലും തുരുമ്പിലും ഉണ്ട്.. സത്യം... അല്ലെങ്കിൽ ശബ്ദം കേട്ട് എത്തി നോക്കിയ വിദ്യാരേട്ടൻ, " ങാ .. ഇതിമ്പടെ പൊയ്യാറ അനിലന്റെ ചെക്കനാ.. മൊളക്കലെ രാമേട്ടന്റെ അളിയൻ... നീ എന്താണ്ട ഇവടെ ഒറ്റക്ക്?" എന്ന് ചോദിച്ചു മാലാഘയാവണോ...!

"സൈക്കിൾ എടുക്കാൻ വന്നതാ "

"അത് ശരി .. അച്ഛൻ വന്നട്ട്ണ്ട്രാ?"

"ഇണ്ട് "..

"അന്തോണീ, അതിമ്പടെ ചെക്കനാ.. വണ്ടി കൊടത്തോട്ടാ.." എന്നും പറഞ്ഞു പോയപ്പോൾ ഞാൻ മൂപ്പരുടെ തലയിൽ ഒന്നല്ല ഒരു മൂന്ന് മൂന്നര വളയം കണ്ടു.. മൂർക്കനാട് തേവരാണെ!

ഒടുവിൽ കാത്തിരിപ്പിന് ഒടുക്കം കുറിച്ചു അരവണ്ടി ഏലിയാസ് കുട്ടി സൈക്കിൾ തിരിച്ചെത്തി.

ഭാഗ്യത്തിന് സൈക്കിൾ കടയോടു ചേർന്ന നാല് ചക്ര ചായവണ്ടിയിലെ അച്ഛാച്ചനോടു പറഞ്ഞിട്ട് കൊണ്ട് പൊയ്ക്കോളൂ എന്ന് പറഞ്ഞേൽപ്പിച്ചു അന്തൊണ്യെട്ടൻ പോയതോണ്ട് വണ്ടി, "8" എടുപ്പിച്ചു നോക്കാതെ തന്നെ എന്‍റെ കയ്യിൽ കിട്ടി. പക്ഷെ.. പണ്ട് ചന്തു  പറഞ്ഞപോലെ ആർത്തിക്കൊപ്പം പ്രാപ്തിയും വച്ചളന്നപ്പൊൾ വീണ്ടും ഞാൻ തന്നെ എന്നെ തോല്പിച്ചു.. എന്ന് വച്ചാ, എനിക്ക് അത് വച്ചു ഒരു കുന്തോം ചെയ്യാൻ അറിഞ്ഞൂടാത്തോണ്ട് ഞാൻ ആരും അറിയാതെ അത് ഉരുട്ടി ഉരുട്ടി വീടിലെത്തി..

പോയിട്ട് മണിക്കൂർ 2 കഴിയാറായത് കൊണ്ട് കാർമുകിലുകൾ വീട്ടിലും ഉരുണ്ടു കൂടാൻ തുടങ്ങിയിരുന്നു... എന്നാൽ എന്‍റെ മോക്ഷമാർഗം അഥവാ കുട്ടിവണ്ടി തേടിയുള്ള യാത്ര, തനിയെ ആയിരുന്നു എന്ന കാര്യം എങ്ങനെയോ അവർ ശ്രദ്ധിക്കാതെ പോയത്, എന്‍റെ ശാരീരികമായ സൌഖ്യത്തിൽ കലാശിച്ചു എന്ന് മാത്രം.

തുടർന്നു ഒരു 2 മണിക്കൂറോളം തകൃതിയായ സൈക്കിളഭ്യാസം...റെക്കോർഡ് ഡാൻസോഴികെ എല്ലാം നടന്നു..ലേലം വിളി, ചീത്ത വിളി കയ്യടി..  പപ്പാ എന്‍റെ എന്റെ സീറ്റിനു പുറകിൽ കൈ വച്ചിരിക്കുന്നിടത്തോളം ഞാൻ ഗംഭീരായിട്ടു സൈക്കിൾ ചവിട്ടി. ഇടക്ക് ഒന്ന് കയ്യെടുത്തപ്പോള്‍ മാത്രം ഞാൻ ഭൂമിയെ എന്‍റെ ഷോൾടർ, തല എന്നെ ഭാഗങ്ങൾ വച്ചു ബ്ലോക്ക്‌ ചെയ്തു. അതിനൊടുവിൽ എനിക്കും സൈക്കിളിനും സംഭവിച്ച അത്ര ചെറുതല്ലാത്ത കുറച്ചു പെയിന്റ്  നഷ്ടങ്ങൾക്കപ്പുറം, ഞാൻ ഒരു ലോക്കൽ (വീടിനു ചുറ്റും മാത്രം) സൈക്കിൾ പൈലറ്റ്‌ ലൈസൻസിനു അർഹനായെന്നു പപ്പ പ്രഖ്യാപിച്ചു.

എന്‍റെ ബോഡി റി പെയിന്റിംഗ് ആൻഡ്‌ പോളിഷിംഗ് കഴിയുമ്പോഴേക്കും പപ്പാ തിരിച്ചു പോയി .. സ്കൂളിലെ തെരക്കുകളിൽ എല്ലാരും മുങ്ങി. സൈക്കിൾ ഒന്നൂടെ കൊണ്ടുവന്നു പ്രാക്ടീസ് ചെയ്യാനുള്ള  തീവ്രമായ ആഗ്രഹം മമ്മി ക്രൂരമായി തള്ളി കളഞ്ഞു.. കാരണം.. മഴ, അന്നത്തെ വീഴ്ചകൾ, കോസ്റ്റ് ഓഫ് പെയിന്റിംഗ് അറ്റ്‌ ബേബി ക്ലിനിക്‌, സീറ്റ്‌ പുറകീന്ന് പിടിക്കാൻ ആളില്ല etc etc .. അപ്പീൽ പോവാൻ വേറെ മേൽകോടതി ഇല്ലാത്തോണ്ട് ഞാൻ അങ്ങ് സഹിച്ചു..

ഒടുവിൽ ഒരുപാടു ദിവസത്തെ കഠിനമായ പ്രയത്നഫലമായി ഒരിക്കൽ കൂടി വാടകയ്ക്ക് അരവണ്ടി എടുക്കാൻ എനിക്ക് അനുവാദം കിട്ടി... ഒരുത്സവത്തിന്‍റെ ആഘോഷവുമായി ഞാൻ സൈക്കിളെടുക്കാൻ പുറപ്പെട്ടു. വണ്ടിയെടുത്തു തിരിച്ചു വരുന്ന വഴി മൂർക്കനാട് പള്ളിയുടെ അവിടെ നിന്നും നേരെ പോയി യുണിയൻ ഓഫീസിനു മുന്നില് നിന്ന് തിരിഞ്ഞു പോകുന്ന നല്ല ഒന്നാന്തരം റോഡ്‌ ഉണ്ടായിട്ടും അജയൻ ചേട്ടന്‍റെ കടയുടെ മുമ്പീന്നു എനിക്കേടത്തോട്ടു തിരിയാൻ തോന്നിയത്  അങ്ങനെ നിറമുള്ള പൂക്കാലമോന്നും അവിടെ കാത്തു നിക്കാന്നു പറഞ്ഞതോണ്ടല്ലാട്ടോ.. വെറുതെ.. എന്നാലും നീരോലി തോടിന്റെ വരമ്പത്ത് കൂടെ ഒരു പാല്‍ നിറമുള്ള അറബി കുതിരയെ നയിക്കുന്ന പോലെ ഒന്ന് പോയാലോ എന്നൊരു തോന്നൽ  ലേശം ഇണ്ടായിരുന്നില്ല എന്ന് പറഞ്ഞൂടാന്നു മാത്രം..

എല്ലാം കൃത്യമായിരുന്നു.. കൊച്ചു പെണ്ണിന്‍റെ വീടിന്റെ അവിടെ ഒന്ന് നിർത്തി, ശ്വാസം എടുത്തു വലത്തോട്ടു തിരിഞ്ഞു, വരമ്പത്തൂടെ നെഞ്ചു വിരിച്ചു നേരെ വിട്ടു. ആദ്യത്തെ വളവ്  വളയുമ്പോ പാടത്തിന്‍റെ നടുവിൽ വളഞ്ഞു പുളഞ്ഞങ്ങനെ ആകാശത്തോട്ടു കണക്ട് ചെയ്യുന്ന, ആ വല്ല്യ ചമ്പ തെങ്ങ്. അതിന്‍റെ കടയിൽ ഒന്ന് കാൽ ചവിട്ടി വീണ്ടും മുന്നോട്ടു.. ഫോക്കസ് ! ഫോക്കസ് !


ഇനി ഒരു 20 മീറ്റർ, വരമ്പ് തീരും, പിന്നെ നല്ല റോഡ്‌. സ്പീഡ് ഇത്തിരി കൂടിയാവാം എന്ന് മനസ്സിൽ.. കാലൊന്നമർത്തി ചവിട്ടാൻ തുടങ്ങിയപ്പൊളാണ് പെട്ടെന്ന്  അച്യുതചാച്ചന്‍റെ ശബ്ദം "എന്താടാ ഇതിലെ .. സൂക്ഷിച്ചു പോ ..!"  ഒരു നിമിഷം... എന്‍റെ കയ്യിൽ നിന്നും എല്ലാം വഴുതി പോയി.. സൈക്കിളും.. ഞാനും.. ഹാന്റിലും.. ഒക്കെ പോയി....  വണ്ടി അച്യുതചാച്ചന്‍റെ മോട്ടോർ കുഴിയിലേക്ക് പറന്നിറങ്ങി.. ഒരടി വ്യത്യാസത്തിൽ ഞാനും.... മഴ പെയ്യാത്തപ്പോഴും ആ കുഴിയിൽ രണ്ടാൾക്കു മേലെ വെള്ളം കാണും ... കണ്ണിൽ ഇരുട്ടല്ല, മറിച്ചു  വെള്ളം വന്നു നിറയുന്നത് ഞാൻ കണ്ടു.. പക്ഷെ തൊട്ടടുത്തു ഉണ്ടായിരുന്നത് കൊണ്ടും, ഞാൻ പറന്നിറങ്ങുന്നത് കണ്ടു നിന്നതോണ്ടും നിമിഷങ്ങൾക്കുള്ളിൽ തന്നെ അച്ചാച്ചൻ എന്നെയും, പിന്നാലെ എത്തിയവർ സൈക്കിളും പൊക്കിയെടുത്തു.... സൈക്കിൾ ചവിട്ട് കുറച്ചധികം കാലത്തേക്ക് മുടങ്ങി എന്ന് ഞാനിനി വേറെ പറയണ്ടല്ലോ.. മാത്രല്ല വീഴ്ച്ചയേക്കാൾ അതികഠിനമായിരുന്നു "മാതൃ താഡനം"..

അങ്ങനെ, അന്ന് നേരെ വരുന്നതിനു പകരം നെഞ്ചും വിരിച്ചു പാടവരമ്പത്ത് കൂടെ വന്നു അച്ച്യുതച്ചാച്ചന്‍റെ മോട്ടോർ കുഴിയിലെക്കു ഡൈവു ചെയ്താണ് എന്‍റെ റോഡ്‌ (ആൻഡ്‌ തോട്?) ഡ്രൈവിംഗ്‌
ഞാൻ ഒഫീഷ്യലി ആരംഭിച്ചത്... 

വാല്‍ കഷ്ണം : പിന്നീട് അതെ തോട്ടില്‍, അതെ ആങ്കിളില്‍,  തെയ്യകുട്ടി കുരുത്തി വക്കുന്ന ചീപ്പ് മോത്തെക്ക് ഡൈവ് ചെയ്താണ്‌ സിനുവും സൈക്കിള്‍ ഡ്രൈവിംഗ് തുടങ്ങിയത്. അന്നാ പരിപാടിക്ക് പിന്നീടവനെ നിര്‍ബന്ധിക്കാതിരിക്കാന്‍ ഒരു കാശുകുടുക്ക മൊത്തം പോട്ടിച്ചവനെന്‍റെ കയ്യില്‍ തന്നു. കാശ് ഞാന്‍ വാങ്ങിയെങ്കിലും കാര്യം സമ്മതിക്കാതിരുന്നതു കൊണ്ട്, പിന്നെ അവന്‍ സൈക്കിളും ബൈക്കും വച്ച് കാണിച്ച ഒരുപാട് അഭ്യാസം കാണേണ്ടിയും വന്നു, ആത്മാര്‍ത്ഥതയുടെ കൂലി!!