Tuesday, March 29, 2016

മങ്ങാടിക്കുന്ന് മഹാത്മ്യം



എസ്.എസ്.എല്‍.സീടെ കൊഴിഞ്ഞുപോയ എല്ല് വീണ്ടും കിളിര്‍ത്തു വന്ന കൊല്ലം, കൃത്യായിട്ട് പറഞ്ഞാ, 1988. ഇമ്മിണി കൂട്ടേം കിഴിക്കൊന്നും വേണ്ട, ലോകമഹായുദ്ധം ഇണ്ടായ കൊല്ലോന്ന്വല്ല, എന്ന് വച്ച് ദുരന്തം ഒന്നുണ്ടായില്ലാന്നല്ല, ട്ടോ!.. 
ഞങ്ങള്‍ കുറെ പേര് കോളേജില്‍ പോയി തുടങ്ങിയ കൊല്ലം. അല്ല, അത് വച്ച് നോക്കുമ്പോ ലോക മഹായുദ്ധം അത്ര പ്രശ്നായിരുന്നോ എന്ന് പറഞ്ഞോരുണ്ട്. വെറുതെ! 
ഞങ്ങള്‍ ഒടുക്കത്തെ ഡീസന്റ് ആയിരുന്നു.. 

ഞാനും ജിനേഷും മോര്‍ണിംഗ് ഷിഫ്റ്റ്‌, നജീബും, രാജൂം, സനിലും, ബൈജൂം ഈവനിംഗ് ഷിഫ്റ്റ്‌. ഷംനാദും കണ്ണനും വേറെ കോളേജിലും.. പണി പാളി. അഡ്മിഷന്‍ തന്നെ ആരുടെയൊക്കെ പ്രാര്‍ത്ഥന കൊണ്ട് കിട്ടിയതായോണ്ട് ഓവറായി ഒരു ആര്‍ഗ്യുമെന്റിനു സ്കോപ്പില്ലാന്നു നമ്മക്കറിയാം.. സോ, ഒന്നും മിണ്ടാന്‍ പോയില്ല.

എനിക്ക് അല്ലെങ്കിലും വല്ല്യ പരാതിയോന്നുണ്ടായിരുന്നില്ല്യ. കാലത്തെ എട്ടേകാലിന്‍റെ ധനലക്ഷ്മി എന്തായാലും പിടിക്കണം, അല്ലെങ്കിലെന്‍റെ ചങ്ക് കീറിപ്പോവും! അപ്പൊ പിന്നെ ഈവനിംഗ് ഷിഫ്റ്റ്‌ ആയിട്ടെനിക്കെന്താ കാര്യം... പക്ഷെ പണി പാലും വെള്ളത്തില്‍ കിട്ടിയത് ക്ലാസ്സില്‍ കേറിയപ്പോഴാണ്. കോളേജിലെ തന്നെ ഏറ്റവും ബോറന്മാരായ, എന്ത് വന്നാലും ഡോക്ടര്‍ ആയിരിക്കും എന്ന് തീരുമാനിച്ചിറങ്ങിയ ഒരു കൂട്ടം കശ്മലന്മാരുടെ ഇടയില്‍ പെട്ടുപോയ ഒരു കുഞ്ഞാടിന്‍റെ അവസ്ഥ, ഞാന്‍ നിങ്ങളെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും.

ആദ്യത്തെ ഒരു മാസം കുന്ന് കയറി മുഴുമിപ്പിച്ചപ്പോ, മങ്ങാടിക്കുന്നിന്‍റെ മനം മയക്കുന്ന മാസ്മരികതയുടെ ഒരുണ്ടയും ഞാനെങ്ങും കണ്ടില്ല, പ്രത്യേകിച്ച് നാരായണന്‍ കുട്ടി സാര്‍ ഫിസിക്സും, അച്ചാണ്ട്യച്ചന്‍ 'ആശയപരമായി' സസ്യശാസ്ത്രവും, പടിപ്പിച്ചപ്പോ എനിക്കൊരു “രോമാ”ഞ്ചോം വന്നില്ല..

തോമസ്‌ മാഷും പിന്നെ തുളസി ടീച്ചറും മൂര്‍ക്കനാട് സ്കൂളില്‍ ആദിമധ്യാന്തം “പരപരാഗണം, സ്വയം പരാഗണം”; “പരപരാഗണം, സ്വയം പരാഗണം” എന്ന് പറഞ്ഞു പടിപ്പിച്ചിട്ടിപ്പോ, നേരെ ചൊവ്വേ മലയാളം പറഞ്ഞാല്‍ പോലും മനസ്സിലാവാത്ത എനിക്ക്, അചാണ്ട്യച്ഛന്‍റെ ഇംഗ്ലീഷിനു മുന്നില്‍ 'പരാഗണം' എന്ന പ്രക്രിയയോട് തികച്ചും ജാത്യാല്‍ തോന്നേണ്ടുന്ന അഭിനിവേശം പോലും നഷ്ടപ്പെട്ടു നിന്ന എന്നെ, കൂടെ എന്നെക്കാളും പകച്ചു നിന്ന ബിജുമാരെ (ഒന്നല്ല രണ്ടെണ്ണം!) ഇപ്പോഴും നല്ല ഓര്‍മയാണ്. 

സ്വന്തം സ്കൂളില്‍ (എന്ന് വച്ചാല്‍ മൂര്‍ക്കനാട്, വാസുപുരം, ചായ്പന്‍ കുഴി തുടങ്ങിയ മേട്രോസിലുള്ള സ്കൂള്സില്‍) ഞങ്ങളൊക്കെ ഐന്‍സ്റ്റീന്‍ ആണോ എഡിസണ്‍ ആണോ എന്നാ കാര്യത്തില്‍ മാത്രേ സംശയം ഉള്ളൂ എന്നുറച്ച് വിശ്വസിച്ചിരുന്ന ഞങ്ങളോടാണ്, ഇംഗ്ലീഷ് എന്ന പേരില്‍ ഈ തീവെട്ടികൊള്ള നടത്തികൊണ്ടിരിക്കുന്നത് എന്ന് മറക്കരുത്. 

തേക്കും കുഴിയിലെ തിമിംഗലങ്ങളായിരുന്ന ഞങ്ങളില്‍ പലര്‍ക്കും ഈ പ്രശ്നങ്ങള്‍ക്ക് മുന്‍പില്‍ പരസ്യമായും രഹസ്യമായും “പകച്ചു പോയ കൗമാരവുമായി” നില്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന്, അവരൊക്കെ പിന്നെ പറഞ്ഞിട്ടുണ്ട്. 

രണ്ടേ രണ്ടു കൂട്ടരേ ഏതൊരു ക്ലാസ്സിലും സന്തോഷത്തോടെ, സംശയലേശമെന്യേ ഇരിക്കൂ... എല്ലാം മനസ്സിലായവനും, ഒന്നും മനസ്സി... അല്ലെങ്കി വേണ്ട.. എന്തായാലും ഞാന്‍ ആദ്യ മാസം സമ്പൂര്‍ണ സന്തുഷ്ടനും സുസ്മേരവദനനും ആയിരുന്നു.. ബാക്കി പറയണ്ടല്ലോ! 
ഒരുപാടുണ്ടായിരുന്നു, മറക്കാനാവാത്ത "താരങ്ങള്‍" ആ കുന്നിന്‍ ചോട്ടില്‍!

“ചോര തുടിക്കും ചെറുകയ്യുകളെ പെറുക വന്നീ പന്തങ്ങള്‍” എന്ന് ഞങ്ങള്‍ക്ക് ചുക്കാപ്പീടെ കടേലെ ഒലിപ്പ് മിട്ടായിയെക്കാളും കൂടുതല്‍ ഒലിപ്പിച്ച് പഠിപ്പിച്ച എക്കണോമിക്സിലെ ഒരരിപ്പാലംകാരന്‍ ഖദര്‍ധാരി, ജെയ്സണ്‍. ഒറ്റ വ്യത്യാസം.. പേറുക വന്നീ പന്തങ്ങള്‍ എന്നിട്ട് മുന്നില്‍ നടന്നോ ഞാന്‍ പിമ്പേ വന്നോളം എന്നൊരു ലൈന്‍ ആയിരുന്നു മൂപ്പര്‍ക്ക്. 

രണ്ടാമന്‍ അതേ ക്ലാസിലെ തന്നെ, വിപ്ലവചെങ്കടല്‍ ചങ്കിലോതുക്കിയ യുവതുര്‍ക്കി.. ടെല്‍സണ്‍.. ഇടക്കൊക്കെ ആ ചെങ്കടല്‍, പ്രത്യേകിച്ചു ബസ്‌ സ്റ്റാന്റിലും, സെന്റ്.ജോസഫിന്‍റെ പരിസരങ്ങളിലും അഥവാ മല്ലീശ്വരന്‍റെ സാനിദ്ധ്യമുണ്ടാകാന്‍ ഇടയുള്ള സ്ഥലങ്ങളില്‍, ഉരുകിയൊലിച്ച് പഞ്ചാരയും പാലും പരിപ്പും ഒക്കെ കൂടിയ ഒരു പായസം ആവുമെന്നതോഴിച്ചാല്‍ മൂപ്പരൊരു അഭിനവ “che” തന്നെയായിരുന്നു. 
തമാശകള്‍ക്കപ്പുറം, അത്രയും മനോഹരമായി പ്രണയ ലേഖനങ്ങള്‍ പിന്നീട് ഒരു ലോക്കല്‍ ഖലീല്‍ ജിബ്രാനും മലയാളത്തില്‍ എഴുതീട്ടുണ്ടാവില്ല്യ.. 

പക്ഷെ മങ്ങാടിക്കുന്നിലെ ഏറ്റവും രസികന്‍, ഇവരുടെ രണ്ടു പേരുടെയും സഹപാഠിയും ഉറ്റ സുഹൃത്തും എന്നാല്‍ ഏതു പാര്‍ട്ടി എന്ന് ഒരിക്കലും പ്രഖ്യാപിക്കാതിരിക്കുകയും ചെയ്ത “തൈര്” എന്ന് മാത്രം അറിയപ്പെട്ട എല്ലാവര്‍ക്കും വേണ്ടപ്പെട്ട, ആയത് കൊണ്ട് തന്നെ എല്ലാവരുടെ പേരിലും ക്യാന്റീനില്‍ നിന്നും നിന്നു പറ്റിയിരുന്ന മനോജ് ആയിരുന്നു. 

സഞ്ചിമൃഗങ്ങള്‍ ഓസ്ട്രേലിയയില്‍ മാത്രമേ ഉള്ളൂ എന്ന് പഠിക്കുന്ന കുട്ടികള്‍ക്ക് 80-കളിലെ കോളേജുകള്‍ കണ്ടറിഞ്ഞാല്‍ മനസ്സിലാവും, കേരളത്തില്‍ എത്രത്തോളം പ്രചാരത്തിലുണ്ടായിരുന്നു ഈ ജീവികള്‍ എന്നറിയാന്‍! പ്രത്യേകിച്ചും ഒറ്റമുണ്ടും, കോട്ടന്‍ ഷര്‍ട്ടും സഞ്ചിയുടെ കൂടെ ചേരുമ്പോള്‍. ഒരിക്കല്‍ പരിഷത്തിന്‍റെ ഒരു ക്യാമ്പില്‍ നിന്ന് കിട്ടിയ ഒരു സഞ്ചിയുമായി ക്ലാസ്സില്‍ പോയി സമരം കാരണം തിരിച്ചു ബസ്സില്‍ കയറിയപ്പോള്‍ ആ കണ്ടക്ടര്‍, കണ്‍സെഷന്‍ കാര്‍ഡ് പോലും ചോദിക്കാതെ കാണിച്ച ബഹുമാനം, എന്നെ ഒരു സമ്പൂര്‍ണ സഞ്ചിക്കാരനാക്കി ആ രണ്ടു കൊല്ലത്തേക്ക്. 

അന്ന് മങ്ങാടിക്കുന്നു 'പ്രലോഭിത'മായിരുന്നില്ല, എന്ന് വച്ചാല്‍, ഞങ്ങടെ കഷ്ടകാലത്തിനു അവിടെ പെമ്പിള്ളേര്‍ക്ക് അഡ്മിഷന്‍ ഇല്ലായിരുന്നു. പക്ഷെ മുതലയും മാനും പിന്നെ അതിനെക്കാള്‍ അപകടം പിടിച്ച കുറെ മാഷന്മാരും ഉണ്ടായിരുന്നു.. 

ഒരുപാടു ആഗ്രഹിച്ചിട്ടുട്ടെങ്കിലും ഒരിക്കലും അവിടെ രാഷ്ട്രീയത്തിന്‍റെ പേരില്‍ വല്ല്യ അടിയൊന്നും നടക്കാറില്ല.. അതിനൊരു കാര്യമുണ്ട്... “കാണാന്‍ ആളില്ല, അടി കൊണ്ടാല്‍ ഒരു പട്ടീം തിരിഞ്ഞു നോക്കേല്ല്യ”.. സിമ്പിള്‍... പിന്നല്ല!! “ഇപ്പൊ വീഴും അടി .. ദെ വീണു” എന്നൊക്കെ പറഞ്ഞ് എത്ര പ്രാവശ്യം ഞങ്ങള്‍ മരിച്ചോടിപ്പോയി കാത്തു നിന്നു, ഒന്നും നടന്നില്ല.. ഓങ്ങിയ കൈ കൊണ്ട് പുറം ചൊറിഞ്ഞു അവരൊക്കെ ഞങ്ങളെ നിരാശരാക്കി.  

ക്രൈസ്റ്റ് കോളേജില്‍ പഠിക്കുന്നതിലും വല്ല്യ കാര്യമൊന്നും അന്ന് ഞങ്ങടെ നാട്ടില്‍ ഒരു പ്രീഡിഗ്രിക്കാരന് അവകാശപ്പെടാന്‍ ഉണ്ടായിരുന്നില്ല, എന്നാല്‍ വന്നു പെടുന്ന ചെല ഐറ്റംസ് കാരണം, ആ കോളെജിനു അതോണ്ടുണ്ടാവുന്ന ദുഷ്പേര് ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ? മുന്‍വശത്തെ ഡോറില്‍ കൂടെ മാത്രേ ബസ്സില്‍ കയറൂ എന്ന് വാശി പിടിച്ച ഒരു കേമനുണ്ടായിരുന്നു അന്ന്. ഒരിക്കല്‍ അദ്ദേഹത്തിനെ ദാഹാര്‍ത്തനായി നില്‍ക്കെ തന്നെ കിളി കയ്യോടെ പിടിക്കേം ഒന്ന് പോട്ടിക്ക്യേം ചെയ്തപ്പോള്‍, പരാതിയുമായി കൂട്ടുകാരേം കൂട്ടി ബസ്സോണറെ കാണാന്‍ വന്ന ആ ഉണ്ണിക്കുട്ടന്‍ എന്താ പറഞ്ഞേന്നറിയോ? “ഒരു പതിനേഴുകാരന്‍റെ വികാരം മനസ്സിലാക്കാന്‍ ആ കശ്മലനായ കിളി കൂട്ടാക്കീല്ല്യാന്ന്”, എപ്പടി?  

രാഷ്ട്രഭാഷയോടു എനിക്ക് യാതൊരു വിധത്തിലുള്ള വ്യക്തിവൈരാഗ്യം ഇല്ലാതിരുന്നിട്ടും അവസാനപീര്യടിലുള്ള ഹിന്ദി ഒരിക്കലും സംബന്ധിക്കാന്‍ കഴിയാതെ വന്നതിനു ഒരുപാടു കാരണങ്ങളുണ്ടായിരുന്നു.

മോര്‍ണിംഗ് ഷിഫ്ടിനും ഈവനിംഗ് ഷിഫ്ടിനും കൂടിയുള്ള പൊതുവായ ഗണം പന്ത്രണ്ടര മുതല്‍ ഒന്നര വരെയുള്ള സമയമാവുന്നു എന്നത് കൊണ്ടും, ഈവനിംഗ് ഷിഫ്റ്റ്‌കാര്‍ അപ്പോഴേക്കും എത്തിയിരിക്കും എന്നതും, എനിക്ക് അപ്പോഴേക്കും നല്ല വെശപ്പായിട്ടുണ്ടാകും എന്നതും, ഒക്കെ പ്രശ്നായിരുന്നു. അതിലെല്ലാമുപരി “മേം” തുടങ്ങി ആര് കര്‍ത്താവായി വന്നാലും, നമ്മുടെ കാര്യം ഗോപിയായത് ഒരുപാടു മെനക്കെട്ടില്ല എന്നും വേണമെങ്കില്‍ പറയാം. 

ഇലക്ഷന്‍ കഴിഞ്ഞാല്‍ നമുക്ക് പാര്‍ട്ടിയില്ല. അതിലും വലുത് CSAയും SAT-ഉം PSA-ഉം ഒക്കെയാണ്. എന്ന് വച്ചാല്‍ Chalakudy Students Association, Students’ Association of Thrissur എന്നിങ്ങനെ... 

അങ്ങനെയിരിക്കെ CSA-ടെ ആണോ PSA-ടെ ആണോ എന്നോര്‍മയില്ല വര്‍ഷാവര്‍ഷം നടക്കുന്ന ക്രിക്കറ്റ്‌ ടൂര്‍ണമെന്റ് ഉണ്ടാവും. 11 പേരുണ്ടെങ്കില്‍ ടീം കൊടുക്കാം. ഞങ്ങളും തീരുമാനിച്ചു കൊടുക്കന്നെ പേര്. ചെറിയൊരു പ്രശ്നം മാത്രം. ക്രിക്കറ്റ്‌ കളിയ്ക്കാന്‍ അറിയാവുന്നവര്‍, എന്ന് വച്ചാല്‍ ഒരു മാതിരി ഒപ്പിക്കാവുന്നവര്‍, 5 പേരില്ല. പക്ഷെ അഭിമാനം വിട്ടൊരു കളിയില്ല, എന്ന് ഉറപ്പിച്ചു, എന്നാലും ഒരു 3 പേരെ ഫ്രീ ആയി വാടകക്കെടുത്തു ( അത് കൊഴപ്പല്ല്യ,3 പേര് വരെ പ്രശ്നല്ല.. ഏത്?) ബാക്കി ഞങ്ങള്‍ 3 പേര് ഗോളായാലും റണ്‍ ആയാലും പ്രശ്നല്ല്യ എന്ന ധൈര്യത്തിലും. വിനോദും പാച്ചുവും കൂടി പകുതിയിലേറെ നേരം പിടിച്ചു നില്‍ക്കും. ബാക്കി എല്ലാരും അഡ്ജസ്റ്റ് ചെയ്യും. എന്തിനു പറയുന്നു ഞങ്ങള്‍ പോലുമറിയാതെ ഞങ്ങള്‍ രണ്ടു കളി ജയിച്ചു. മൂന്നാമത്തെ കളി ഞാന്‍ ജീവിതത്തില്‍ മറക്കില്ല. കഷ്ടകാലത്തിന് വിനോദ് ഔട്ട്‌ ആയി. നല്ല ബോളര്‍ ആയിരുന്നൂത്രേ! അത്യാവശ്യമായി ഒരു “ചാവേറി”നെ ഇറക്കിയെ തീരൂ.. അവര് മുന്നും പിന്നും നോക്കാതെ പറഞ്ഞു, “ഡാ, നീ പൊയ്ക്കോ”. ഞാന്‍ പോയി.. നഷ്ടപ്പെടാനോന്നുമില്ലാത്തവന്‍റെ മുന്നില്‍ ലോകമെന്നും പകച്ചു നിന്നിട്ടല്ലേയുള്ളൂ... പിന്നല്ലേ.. ഞാനാ മൂന്ന് കുറ്റീടെ മുന്നില്‍, ആകെ ഉണ്ടായിരുന്ന പത്തു മിനിറ്റില്‍, വീട്ടില്‍ കൊയ്തു മെതിക്കാന്‍ കളമുണ്ടാക്കാന്‍ ഉപയോഗിച്ചെനിക്ക് നല്ല പരിചയമുണ്ടായിരുന്ന നെലംതല്ലിയെ ധ്യാനിച്ച്, നാല് പൂശു പൂശി... 

ഒടുവില്‍ എന്‍റെ കുറ്റികളിലൊന്ന്‌ പറന്നോടിഞ്ഞപ്പോ തിരിച്ചുവന്നപ്പോള്‍ എല്ലാരും കയ്യടിച്ചു... കൂട്ടത്തില്‍ കളിയറിയാവുന്ന നസി മാത്രം ചോദിച്ചു “നിനക്കെന്താ പ്രാന്തായോ?, ആരാന്നു വച്ചാ നീ അങ്ങനെ അടിച്ചേ? അതും ഒരു മാതിരി കാടനടി. അവന്‍ കോളേജിന്‍റെ ഓപ്പണിംഗ് ബോളര്‍ ആണ്. മോന്തയുടെ ഷേപ്പ് അവന്‍ കളയാഞ്ഞത് നിന്‍റെ ഭാഗ്യം”. പക്ഷെ അന്നെനിക്കൊരു കാര്യം മനസ്സിലായി.. വിവരമില്ലാത്തവനെ പേടിക്കണം.. അല്ലെങ്കില്‍ ഞാനാ പണിക്ക് പോവില്ലല്ലോ..

എന്തായാലും അടുത്ത കളിക്ക് “വിവരം” വെച്ച ഞാന്‍ രണ്ടാം പന്തിനപ്പുറം പോയില്ല, മാത്രല്ല മാത്സിനെ തോല്‍പ്പിച്ച വട്ടന്മാരെ സൂക്ഷിക്കാന്‍ തീരുമാനിച്ച ടീം ഞങ്ങളെ ഇഞ്ചപ്പരുവമാക്കി. എന്തായാലും ഞങ്ങള്‍ നേരെപ്പോയി ദേവസ്സിയെട്ടന്‍റെ കടേന്നൊരു മൊളക് സര്‍വത്ത് എരിവു കൂട്ടിയടിച്ച് സങ്കടം തീര്‍ത്തു. 

നവദ്വാരങ്ങളിലും ദേവസ്സിയെട്ടന്‍റെ സര്‍വത്ത്, ചൂന്യമൊളക് വച്ച് തീര്‍ക്കുന്നൊരു ഉത്സവണ്ട് മോനെ.. അതൊരു സുഖാ.. പിറ്റെന്നിത്തിരി ബുദ്ധിമുട്ടാണെങ്കിലും..

പിന്നത്തെ കൊല്ലം ഷിഫ്റ്റ്‌ മാറി, എല്ലാരും മൂന്നരക്ക് വീട്ടില്‍ പോയ്ക്കോളാന്‍ കൊളെജീന്നു പറഞ്ഞെങ്കിലും സെന്റ്‌.ജോസെഫിലെ പെങ്ങന്മാരോക്കെ വീട്ടില്‍ സുരക്ഷിതരായി എത്തി എന്നുറപ്പ് വരുത്താന്‍ ഞങ്ങള്‍ ബസ് സ്റ്റാന്റ് വരെ പോയി, അവരെയൊക്കെ ഒന്നൊന്നായി ബസ് കേറ്റി വിട്ടിട്ടേ ഞങ്ങള്‍ വീട്ടില്‍ പോവാറുള്ളൂ.. അത്ര നല്ല പിള്ളേരൊക്കെ ഇപ്പോഴും ഉണ്ടോ ആവോ..

എന്നുവച്ച് എല്ലാ ദിവസവും ഞങ്ങള്‍ക്ക് അങ്ങനെ എത്താന്‍ പറ്റിയിട്ടുണ്ടെന്നല്ല ഞങ്ങള്‍ അവകാശപെടുന്നത്. ഞങ്ങളുടെ പഠനത്തിനെ തന്നെ ആധികാരികമായി സ്വാധീനിച്ച ചാക്കോയില്‍ “സ്പെഷല്‍” ക്ലാസുള്ള ദിവസങ്ങളില്‍ ഞങ്ങള്‍ പലപ്പോഴും നേരത്തെ വീട്ടില്‍ പോയതുകൊണ്ട് അത് കഴിയാതെ വന്നിടുണ്ട്. 

ഒരു തലമുറയെ, ജാതിമത ഭേദമില്ലാതെ സ്നേഹമെന്ന വികാരം പഠിപ്പിച്ച അഭ്രകാവ്യങ്ങള്‍, “അഞ്ചരക്കുള്ള വണ്ടി” മുതല്‍ “അഗ്നിച്ചിറകുള്ള തുമ്പി” വരെ, തൊട്ടപ്പുറത്തെ കോളേജിലെ ക്ലാസിലിരിക്കുന്ന അതേ ആത്മാര്‍ഥതയോടെ അല്ലെങ്കില്‍ അതിനെക്കാളും എത്രയോ "പാഷനോടെ" ഞങ്ങള്‍ വിജയിപ്പിച്ചെടുത്ത, ഉണ്ണിമേരിയുടെ “കല്യാണപറവകള്‍” അഞ്ചു തവണ വരെ ബ്ലാക്കില്‍ ടിക്കറ്റ്‌ എടുത്തു കണ്ട മഹാന്മാരെ സൃഷ്ടിച്ച, “സില്‍ക്കി”നെ ദേവതയാക്കിയ, ആനകളില്ലാത്ത അമ്പാരിയില്ലാത്ത മാനസക്ഷേത്രമായിരുന്നു, ഞങ്ങള്‍ ഓരോ മങ്ങാടിക്കുന്നുകാരനും  ചാക്കോ!!            

എന്തായാലും എട്ടാം ക്ലാസില്‍ തുടങ്ങി പന്ത്രണ്ടാം ക്ലാസ്സുവരെ ഒരുമിച്ചും അത് കഴിഞ്ഞിന്നു വരെ മനസ്സുകൊണ്ടോന്നിച്ച് നിന്ന ഒരെട്ടാള്‍ കൂട്ടം.. ഷംനാദും കണ്ണനും രാജുവും പാച്ചുവും ബൈജുവും സനിലും ഞാനും ജിനേഷും .... വഴികളിലെന്നോ ഞങ്ങളതിനെ “കൊസ്സാക്ക്സ്” എന്ന് വിളിച്ചു. അന്നും ഇന്നും എന്നും ഒരു വിളിപ്പുറത്ത് അവരുണ്ടായിരുന്നു.. ഉണ്ടായിരിക്കും.. 

വാല്‍കഷണം: മേലെപ്പറഞ്ഞ രണ്ടു പാവം ബിജുമാരും പേരിന്‍റെ മുന്നില്‍ “Dr”, എന്ന് പിന്നീട് എഴുതി ചേര്‍ത്തു എന്ന് പറയുമ്പോഴാണ്, മങ്ങാടിക്കുന്നിന്‍റെ അല്ലെങ്കില്‍ ക്രൈസ്റ്റ് എന്ന മഹാവിദ്യാലയത്തിന്‍റെ പ്രഭാവത്തിനു ഇന്നും എന്നും വണങ്ങി മാത്രം നില്‍ക്കാന്‍ സന്തോഷവും, അതിലേറെ അഭിമാനവും...!!

Monday, March 28, 2016

ഒരു കാറ്റിന്‍റെ വഴിയെ...




ഈ മൊബൈല്‍ ഫോണ്‍ എന്ന ന്യൂജെന്‍ ശ്വാസവായു നാട്ടിവതരിച്ച കാലത്തെ കഥയാണ്.. ഒരു പത്തു പതിനെട്ടു കൊല്ലം മുന്‍പ്. മനസ്സമാധാനത്തോടെ ആംചി മുംബായിലും ഗോവയിലുമോക്കെയായി ലൈഫ് എന്‍ജോയ് ചെയ്തോണ്ടിരുന്ന എന്നെയാണ്, “നീ ചില്ലറക്കാരനല്ല.. അതോണ്ട് അവിടെയൊന്നും നിന്ന് സമയം കളയണ്ടാ, ദുബായില്‍ പൊയ്ക്കോളൂ” എന്ന് ഒട്ടും സ്നേഹമില്ലാതെ പറഞ്ഞു പപ്പ തിരിച്ചു നാട്ടിലേക്ക് വിളിച്ചത്. 

നമ്മള്‍ എവിടെ ചെന്നാലും ഭയങ്കര ഭാഗ്യാണല്ലോ.. അതോണ്ട് ഞാന്‍ നാട്ടിലിറങ്ങി വിസക്കുള്ള കാര്യങ്ങള്‍ ശരിയാക്കാന്‍ തുടങ്ങിയപ്പോഴേ അവിടെ റമദാന്‍ ആയി. പിന്നെ തല്ക്കാലം പോയാലും വെറുതെ ഒരു രസത്തിന് വേണെങ്കില്‍ പട്ടിണി കിടക്കാം എന്നല്ലാതെ വേറെ പണിയൊന്നും കിട്ടില്ലാന്നു നാട്ടിലെ ആസ്ഥാന ഗള്‍ഫ്‌കാരും കുഞ്ഞാന്റിയും പറഞ്ഞപ്പോ എന്റെ യാത്ര ഒരു രണ്ടു മാസത്തേക്ക് ഞാന്‍ റീ-സ്കെട്യൂള്‍ ചെയ്തു. (അല്ലെങ്കില്‍ മല മറിച്ചേനെ എന്നല്ല.. എന്നാലും എനിക്കെന്തോ പോലെ “ഒരിത്” ഉണ്ടായിരുന്നു രണ്ട് ദിവസം. പിന്നെ ശരിയായി!)

ഇന്നത്തെ പോലെ സകല അവന്മാരുടെ കയ്യിലും ബുള്ളറ്റ് ഉള്ള കാലല്ല, അതോണ്ട് സെക്കന്റ്‌-ഹാന്റ് ആണെങ്കിലും എന്‍റെ വണ്ടിക്കൊരു ഗ്ലാമര്‍ ഉണ്ടായിരുന്നു നാട്ടില്‍. പിന്നെ കാക്ക, തന്‍-കുഞ്ഞ് etc സെന്റിമെന്റ്സ് വേറെയും. അപ്പൊ കാലത്ത് നേരത്തെ എണീറ്റ് എങ്ങോട്ടെങ്കിലും പോവാന്‍ വഴിയുണ്ടാക്കുക, മമ്മിയെ നിര്‍ബന്ധമായും ഷോപ്പിങ്ങില്‍ സഹായിക്കുക തുടങ്ങിയ വിനോദങ്ങള്‍ ഞാന്‍ പൂര്‍വാധികം സന്തോഷത്തോടെ ഏറ്റെടുത്തിരുന്നു.. കാശ് കൊടുക്കുന്ന പരിപാടി ഇല്ലാട്ടോ.. മമ്മിക്ക് വെഷമായാലോ.. അതോണ്ടാ.. 

പക്ഷെ ഒരു പാലമിടുന്നതിന്റെ ഭാഗമായി ഞാനെന്നും എന്‍റെ വണ്ടിയില്‍ മൂന്നോ നാലോ ലിറ്റര്‍ പെട്രോള്‍ സ്വീകരിക്കുമായിരുന്നു.. ഒരു കടപ്പാടിന്‍റെ സങ്കടം മമ്മിക്കൊഴിവാക്കാന്‍ മാത്രം...

ചിലവാക്കാന്‍ രണ്ടു മാസം, കയ്യില്‍ അത്യാവശ്യം ഒരിത്തിരി ചില്ലറ (ലാസ്റ്റ് ജോലിയില്‍ നിന്ന് ബാക്കിയായത്), ഒരു ബൈക്ക്,വെയിലിനിത്തിരി ചൂട് കുറവും. ഇതൊക്കെ പോരെ എന്‍റെ മാഷെ ജീവിതം സുന്ദരമാവാന്‍, കുറച്ചു കാലത്തേക്കെങ്കിലും... 

എന്നാലും ജെനറലി ഞാന്‍ അതുവരെ ഉണ്ടാക്കിയ “അത്ര വൃത്തി കെട്ടവനോന്നുമല്ല” എന്നാ ഒരു ഇമേജ് കൂടുതല്‍ വഷളാവാതെ നോക്കുന്നതിന്‍റെ ഭാഗമായി ഒരു ജോലിക്ക്, വിസ വരുന്നത് വരെ മാത്രം, അന്വേഷണം തുടങ്ങി. മാത്രല്ല കയ്യിലെ “ദെമ്പടി” മെല്ലെ കുറയാനും തുടങ്ങിയിരുന്നു.. ആത്മാഭിമാനം മൂലം പപ്പയോടോ മമ്മിയോടോ ചോദിക്കാന്‍ മടിച്ചിട്ടോന്നുമല്ല, ചുമ്മാ വെറുതെ തെണ്ടി നടക്കുന്നതിനു അവരുടെ വായിലിരിക്കുന്നത് കൂടെ കേക്കണ്ടാല്ലോന്നു കരുതി. അത്രേള്ളൂ... 

തൃശ്ശൂര്‍ക്ക് പോയത് എന്‍റെ കസിന് കുറച്ചു ഷോപ്പിങ്ങിനാണ്. പെട്രോള്‍, ഫുഡ്‌ & ബീവറേജ് എന്നിത്യാദി ചെറിയ ഉപകാരങ്ങള്‍ ഉണ്ട് താനും. തിരിച്ച് വരും വരുമ്പോള്‍ കാസിനോയില്‍ ഒരു ഇന്റര്‍-വ്യൂ എന്ന് കേട്ടു കയറി. നഷ്ടപെടാനോന്നുമില്ലാത്തവനെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാവില്ല എന്നാ ചങ്കൂറ്റമാണ് ഏതു ഇന്റര്‍-വ്യൂന്‍റെയും, ഫൂള്‍- പ്രൂഫ്‌ വിജയമന്ത്രം എന്ന്, അന്നും എന്നും എനിക്ക് തോന്നിയിട്ടുണ്ട്. അതുകൊണ്ട് പതിവുപോലെ മുംബയിലും വടക്കേ ഇന്ത്യയിലും ഞാന്‍ കുഴിച്ചെടുത്ത പെട്രോളിന്റേയും അതില്‍ വറുത്തെടുത്ത പപ്പടത്തിന്‍റെയും കണക്കും, കൂട്ടത്തില്‍ “ഇതൊക്കെ എന്ത്” എന്ന സലിംകുമാര്‍ പിന്നീട് എന്നെ കോപ്പിയടിച്ച ആറ്റിറ്റ്യൂടും കൂട്ടിക്കുഴച്ച് ഞാനൊരു പണി തരാക്കി, പിന്നെ ഇന്ത്യന്‍ കോര്‍പ്പറേറ്റ് ലോകത്തെ ഭീമനായി നമ്മുടെ മനസ്സാക്ഷിയെ വരെ സ്വാധീനിക്കും വരെ വളര്‍ന്ന മൊബൈല്‍ ഫോണ്‍ കമ്പനികളിലോന്നില്‍..

അയ്യപ്പാസിന്‍റെ കഥ പറഞ്ഞപോലെ പുറംകാഴ്ചക്ക് ചെറുതെങ്കിലും വിഗ്രഹങ്ങള്‍ ഏറെയുള്ള ഒരു സുഖമുള്ള ചുറ്റമ്പലം തന്നെയായിരുന്നു ആ ഓഫീസ്. 

കാണാന്‍ കൊള്ളാവുന്നവരും ബോയ്‌ ഫ്രണ്ട് ഉള്ളതുമായ പെണ്‍കുട്ടികളെ എനിക്ക് വലിയ കാര്യാണ്, കാരണം ‘അല്ലെങ്കില്‍ അവരെന്നെ കേറി പ്രേമിച്ചു കളയുമോ, പിന്നെ അതൊക്കെ പ്രശ്നാവില്ലേ, അതൊക്കെ മോശല്ലേ’ എന്നൊക്കെ കരുതീട്ടൊന്നുമല്ല. ഒന്നും നടക്കില്ല എന്നുറപ്പാണെങ്കില്‍ വെറുതെ ഇമ്പ്രെസ്സ് ചെയ്യാന്‍ നടന്നു ചെരിപ്പ് തേയില്ല, നേരെ ചൊവ്വേ വര്‍ത്തമാനം പറയേം ചെയ്യും. അത്രേള്ളൂ..
അതെന്തായാലും എനിക്കൊരു ചങ്ങാതിയെ കിട്ടി, പേര് സൗമ്യ. അവള്‍ക്ക് വേറെ ബോയ്‌ ഫ്രണ്ട് ഉണ്ടായിട്ടൊന്നുമല്ല, ഒടുക്കത്തെ ഗ്ലാമര്‍ ആയിരുന്നു ആ കൊച്ചിന്. എനിക്കൊരു അവസരവും കിട്ടില്ലാന്ന് ഉറപ്പായതോണ്ട് എനിക്ക് അവളെ കണ്ടപ്പോള്‍ ഒരു പെടപ്പും വന്നില്ല്യ. എന്നും  ദിവസത്തിന്‍റെ പകുതി ഒരു കൂട്ടുകാരീടെ കാര്യം പറഞ്ഞു കഴിഞ്ഞ സൗമ്യ ഒരു ദിവസം എന്നോട് പറഞ്ഞു, അനൂപേ എന്റെ ഫ്രണ്ട് ഇവിടെ ജോയിന്‍ ചെയ്യാണ് അടുത്ത 8thന്. ഒരുപാട് തവണ കേട്ട പേരും വിശേഷങ്ങളും ആയിരുന്നെങ്കിലും പതിവില്ലാതെ അന്നോരിത്തിരി നെഞ്ചിടിച്ചു എനിക്ക്. 

അങ്ങനെ ഒടുവില്‍ ആനയാണ്, ചേനയാണ് എന്നൊക്കെ പറഞ്ഞ ആ ദിവസം വന്നു. ഒരു ജൂണ്‍ 8 തിങ്കളാഴ്ച. പിന്നീടുള്ള എന്‍റെ ജീവിതനിയോഗങ്ങള്‍ക്ക് കാര്യവും കാരണവുമായി എന്‍റെ ദിവസങ്ങളിലേക്ക് ഞാന്‍ ചോദിക്കാതെ വന്ന ആ തിങ്കളാഴ്ച ഞാന്‍ പിന്നെ മറന്നിട്ടില്ല. 

കളഭകുറിയിട്ട്, ഫ്ലാറ്റ് ഹീല്‍സ് ചെരുപ്പില്‍, കൊലുന്നനെ, ചന്ദന നിറത്തില്‍, അല്പം ആടിയാടി നടന്നു വന്ന പെണ്‍കുട്ടി. ആദ്യം എനിക്ക് മഞ്ചുവാര്യരുടെ രൂപം തോന്നി പിന്നെ തോന്നി, ഛെ അല്ല പേരറിയാത്ത വേറെ ഒരു നടിയുടെ ചായ ആണല്ലോ?  

നിറം എന്തായാലും വടിച്ചരച്ച ചന്ദനം എടുത്തു നേരെ നെറ്റിയില്‍ പുരട്ടുമ്പോഴുള്ള ഒരു തണുപ്പില്ലേ.. അതുപോലൊരു കുളിരെന്‍റെ ഉള്ളിലേക്ക്, അവളെ കണ്ടപ്പോഴോക്കെയും ഇറങ്ങാന്‍ തുടങ്ങിയെങ്കിലും, സെയില്‍സ് മാനേജറില്‍ നിന്നും ഒരു പൊടിക്കും താഴെ വരാന്‍ പറ്റാത്തത് കൊണ്ട്, ശരിക്കും ചാണ്ടിക്കും പിണറായിക്കും നടുവില്‍ പെട്ട PC-യെ പോലെ ആയി ഞാന്‍ എന്ന് പറഞ്ഞാല്‍ മതിയല്ലോ.. (വെറുതെയല്ല മൂപ്പരുടെ മണ്ഡലം “പൂഞ്ഞാര്‍” ആയിപ്പോയത്).   
തുടക്കം അതൊരു തമാശ... കസ്റ്റമര്‍ സര്‍വീസ് എക്സിക്യുട്ടീവിനോട് സെയില്‍സ് ഫിഗേര്‍സ് ചോദിക്കുന്ന നിര്‍ദോഷമായ നേരംപോക്ക്.
പിന്നെ അതൊരു സൗഹൃദമായി. ചിലപ്പോഴൊക്കെ നമുക്ക് സമയം തിരിച്ചറിയാതെ സംസാരിക്കാനാവുന്ന കൂട്ടുകാരുണ്ടാവും. അങ്ങനെയെന്തോ ഒന്ന്. 

ഓഫീസിലെ സമയം കഴിഞ്ഞും കുശലാന്വേഷണങ്ങള്‍ വൈകി രാത്രിയിലെക്കും പലപ്പോഴും ഓഫീസിനു മുന്‍പേ രാവിലെ പോലും “വെറുതെ” സംസാരിക്കുന്നതിലെക്കും നീങ്ങി. ഉറക്കം അങ്ങനെ നിര്‍ബന്ധമുള്ള കാര്യമൊന്നുമല്ലെന്ന്‍ എനിക്ക് ആ കാലത്ത് പിടികിട്ടി. എന്നാലും വീട്ടില്‍ ഉള്ളവര്‍ക്ക് ബുദ്ധിമുട്ടൊഴിവാക്കാന്‍, ഞാന്‍ ഫോണ്‍ റിങ്ങര്‍ ഓഫ്‌ ചെയ്തു വച്ചു... നമ്മളാല്‍ കഴിയുന്ന ചെറിയ സഹായങ്ങള്‍.. അല്ലാതെ മമ്മിയെ പേടിച്ചോന്നുമല്ല, സത്യം.. 

പക്ഷെ ഒരിക്കല്‍ എന്നോട് “സംസാരം കഴിഞ്ഞാല്‍ റിങ്ങര്‍ ഓണ്‍ ചെയ്യണം, ഫോണ്‍ തിരികെ ശരിക്കു വക്കുകയും വേണം” എന്ന് മമ്മി പറഞ്ഞപ്പോള്‍ ഞാന്‍ ചമ്മിയോന്നുമില്ല.. വെറുതെ എന്തിനാ.. 

ദൈവസഹായം ആ കുട്ടീടെ അച്ഛന്റെ രൂപത്തിലും വന്നു, ഒന്നുകൂടെ വ്യക്തമായി പറഞ്ഞാല്‍ BSNL സ്റ്റാഫ്‌ എന്ന നിലയില്‍ അദ്ദേഹത്തിനു കിട്ടിയ ഫ്രീ ഫോണ്‍ കണക്ഷന്‍റെ രൂപത്തില്‍. അതിനൊക്കെ ഒരു പരിധി ഉണ്ടെന്നു ഞങ്ങള്‍ പിന്നെ തെളിയിച്ചു, അത് വേറെ കഥ.. എന്തായാലും അടുത്ത ഒന്ന്-രണ്ടു മാസം രാത്രി ഉറങ്ങിയാലും ഇലെങ്കിലും കാലത്തെണീറ്റ് ആത്മാര്‍ത്ഥമായി” ജോലിക്ക് പോവാന്‍ പറ്റും എന്നെനിക്ക് മനസ്സിലായി.. പിന്നൊരിക്കലും  നടന്നില്ലെങ്കിലും..

കാണാന്‍ കൊള്ളാവുന്ന പെണ്‍കുട്ടികളോട് കെട്ടാമോ എന്ന് ചോദിക്കാന്‍ മാത്രം മണ്ടനാണോ ഞാന്‍.. നോ വേ.. (എന്തിനാ വെറുതെ.. ഏത്!)
അതോണ്ട് ഞാന്‍ എന്‍റെ ഒരു കൂട്ടുകാരന്‍റെ പ്രൊഫൈല്‍ വച്ച് ഒരു കല്യാണാലോചനയുടെ കാര്യം പറഞ്ഞപ്പോ അവള്‍ “സ്വന്തം കാര്യം പറഞ്ഞതാല്ലേ” എന്ന് ചോദിച്ചപ്പോ ഒരു പാട്ട ലഡ്ഡു മൊത്തം പൊട്ടി എന്‍റെ മേലാസകലം !!

മൊബൈല്‍ ഫോണ്‍ കമ്പനിയിലെ ജോലി എന്ന വകയില്‍ ആദ്യം എന്‍റെ കയ്യില്‍ കിട്ടിയ ഫോണിന് ഏതാണ്ട് നമ്മുടെ പഴയ ഇന്‍സ്ട്രമെന്റ് ബോക്സിന്‍റെ അത്ര വലുപ്പം വരും. പഴയ പാനസോണിക് കോഡ്-ലെസ്സ് ഫോണ്‍ കണ്ടിട്ടുള്ളവര്‍ക്ക് പെട്ടെന്ന് മനസ്സിലാവും. ഏതാണ്ടാ പരുവത്തിലുള്ള ഒരു സാധനം. 

സ്വയരക്ഷക്ക് കൂടി ഉപയോഗിക്കാം എന്നത് കൊണ്ട് തികച്ചും ഉപകാരപ്രദമായ ഒരു വസ്തു. വച്ചൊരു കീറാ കീറ്യാല്‍ ഏതു  ഗുണ്ടയും ഒരു സെക്കന്‍റില്‍ ഫ്ലാറ്റ് ആവണപോലത്തെ ഒരു പീസ്.
പക്ഷെ അത് വച്ചുള്ള വാര്‍ത്താവിനിമയം പലപ്പോഴും “വെല്ലുവിളികള്‍” നിറഞ്ഞതായിരുന്നു എങ്കിലും.. 

സിനുവിന്‍റെ ഭാഷയില്‍ ഗേറ്റില്‍ ചാരി ഒരു കാല്‍ ഗേറ്റില്‍ കയറ്റി വച്ച് നായ ഒന്നിന് പോണ സ്റ്റൈലില്‍, (എന്ന് വച്ച അതന്നെ.. പോസ്റ്റ്ങ്കാലുമ്മേ മോഹന്‍ലാലിന്റെ പോലെ ഒരു സൈഡ് ചരിച്ച്, ഇമ്മടെ റോക്കി പൂശണ പൂശന്നെ.. അല്ലാണ്ടെത്തൂട്ടാ ഗഡീ.!) നിന്നാ മാത്രേ ഞങ്ങടെ വീട്ടില്‍ മൊബൈല്‍ സിഗ്നല്‍ കിട്ടാന്‍ ചാന്‍സ് ഉണ്ടായിരുന്നുള്ളൂ.. 

എന്നിട്ടും പലപ്പോഴും ഞാന്‍ ആ വഴി തന്നെ തെരഞ്ഞെടുത്തു. എന്‍റെ ആ നില്‍പ്പിന്‍റെ അപകടകരമായ സാധ്യതകളെ, പലരും പലവട്ടം സംശയത്തോടെ നോക്കി, പിന്നെ “നല്ലൊരു ചെക്കനായിരുന്നു..” എന്ന് ദീര്‍ഘനിശ്വാസത്തോടെ പറഞ്ഞു ആ വഴി കടന്നു പോയിട്ടുണ്ട്. 

അവര്‍ക്കറിയില്ലലോ എന്‍റെ സാറെ, പൂത്തോള് നിന്ന് കരുവന്നൂര്‍ പുഴ വഴി എന്‍റെ വീട്ടിലേക്ക് വീശുന്ന ഒരു പ്രത്യേകതരം കാറ്റിനെപ്പറ്റി.. 

നൂറ്റാണ്ട് ഒന്ന് മാറിമറയുന്ന തിരക്കില്‍ ആ കാറ്റ് ഞാനെന്‍റെ കൂടെ കൂട്ടി.. ഇന്നെക്കും എന്നേക്കും കൂട്ടിനായി... ആ തിങ്കളാഴ്ചയില്‍ നിന്ന്‍ ഇന്നേക്ക് അങ്ങനെ ഇന്നേക്ക് 18 വര്‍ഷം!! കാറ്റിനു രൂപം മാറിയും മറിഞ്ഞും വന്നു. അതിപ്പോ രണ്ടിളം തെന്നല്‍ കൂടെ ചേര്‍ന്നൊരു സുഗന്ധമുള്ള കാറ്റായി പലപ്പോഴും ഒരു കൊടുങ്കാറ്റ് ആയും എനിക്ക് ചുറ്റും...
-----------------------------------------------

ഒന്നര പതിറ്റാണ്ടിനിപ്പുറം ദൂരങ്ങള്‍ അളക്കുന്ന മാര്‍ഗങ്ങള്‍ ഏറെ. പക്ഷെ ഒരു സോഫയുടെ ദൂരങ്ങള്‍ മൊബൈല്‍ ഫോണ്‍ കൊണ്ടളക്കാന്‍ ശ്രമിക്കുമ്പോള്‍ കുടുംബങ്ങളിലെ ദൂരങ്ങള്‍ കുറയുന്നോ കൂടുന്നോ.. എനിക്കറിയില്ല... സെല്‍ഫിയില്‍ നമ്മള്‍ നമ്മളെ മാത്രം കാണുമ്പൊള്‍ ചുറ്റുമുള്ള ഒരു ലോകത്തിനെ നമ്മള്‍ മറന്നു പോവുന്നോ. അറിഞ്ഞൂടാ..
സ്ഥായിയായത് മാറ്റം മാത്രമാണെന്നത് പറഞ്ഞതാരോ. 

കാരണങ്ങള്‍ക്കൊപ്പം ഓര്‍മകളും കൂട്ടായിരിക്കട്ടെ.. 
ആള്‍ക്കൂട്ടങ്ങളില്‍ തനിച്ചാവുമ്പോള്‍ കൂട്ടിനുണ്ടാവാന്‍ ഈ ഇളം തെന്നലുകള്‍ എനിക്ക് ധൈര്യമാണ്, ആശ്വാസമാണ്. നടുക്കടലുകളില്‍ ദൂരങ്ങള്‍ താണ്ടാന്‍ ബാക്കിയാവുമ്പോള്‍ ഈ കാറ്റുകള്‍ ദിശയും കരുത്തുമാണ്... ജീവിതം സുഖാണ്... 

വാല്‍കഷ്ണം: പാതി തമാശയായും പാതി കാര്യമായും രാജി ഒരിക്കല്‍ പറഞ്ഞപോലെ “ജീവപര്യന്തം ആണെങ്കില്‍ പോലും പണ്ടേ കഴിഞ്ഞേനെ”... എന്നിട്ടും പരോളില്ലാതെ ഞങ്ങള്‍ മുന്നോട്ട്...