Saturday, July 26, 2008

" വെല്‍കം റ്റു ദുബായ്, നൈസ് റ്റു മീറ്റ് യു."

ഇതൊരോര്‍മക്കുറിപ്പൊന്നുമല്ല.. ഒരുപക്ഷെ.. ഓര്‍മിക്കാനൊരു കുറിപ്പെന്നു പറയുന്നതാവും കുറേ കൂടി ശരി!!

കുറെ നാളായി ഇതു വഴി വന്നിട്ടു. ഓര്‍മയില്ലാണ്ടൊന്നുമല്ല. എഴുതാന്‍ ഒന്നുണ്ടായിരുന്നില്ല...അല്ലെങ്കില്‍ തന്നെ എന്തെഴുതാന്‍... അച്ചനുമമ്മയും വരുന്നു.. അല്ല സോറി.. പപ്പയും മമ്മിയും വരുന്നു... ജാടക്കു പറഞ്ഞതാണെന്നു പറഞ്ഞോളൂ...സാരല്യ...പക്ഷെ മറിച്ചു പറഞ്ഞാല്‍ അവരാണെന്നു എനിക്കു തോന്നില്യാ..


ഈ ചൂടില്‍ എന്തു ചെയ്യാന്‍ എന്നു ഞാന്‍ എന്നോടു തന്നെ ചോദിച്ചു ...

പപ്പയുടെ ഓര്‍മകളുടെ സുഖമുള്ള ചൂടില്‍ ഈ സൂര്യന്റെ 50 ഡിഗ്രീ ഒരു സുലൈമാനീടെ ചെറുചുടേ ആവൂന്ന്` എനിക്ക് എപ്പഴേ ഒറപ്പാണ്`.

വെറും ഒന്നര വ്യാഴവട്ടംന്ന്` ഇത്തീരി സൌകര്യത്തില്‍ പറഞ്ഞാലും 18 കൊല്ലത്തില്‍ ഒറ്റ ദിവസോം കൊറയില്ല്യാല്ലോ.. ബരാഹ കൊര്‍ണിഷിന്‍റെ ഒരറ്റത്തൂന്നു ഞാന്‍ ചുമ്മാ എക്സര്‍സൈസിനു വേണ്ടി ബാങ്കു സ്ട്രീറ്റ് വരെ എന്നും നടന്നു പൊവും എന്നു പപ്പ പണ്ടു പറഞ്ഞപ്പൊള്‍ അതു പ്രമേഹം കുറക്കാനും നിയന്ത്രിക്കാനുമുള്ള ഒരുപായമായിട്ടാണെന്നെ ഞാനും അന്നു കരുതിയുള്ളൂ.. അതില്‍ ഒരു സാധാരണക്കാരന്‍റെ അവസാനത്തെ ദിര്‍ഹം വരെയും എങ്ങനെയെങ്കിലും "സേവ്" ചെയ്യാനും അതു ഞങ്ങള്‍ക്കയക്കാനുമുള്ള ബദ്ധപാടായിരുന്നു എന്നറിഞ്ഞപ്പൊല്‍, ആ ദൂരം ഒരു ദിവസം ഒന്നു നടക്കാന്‍ ശ്രമിച്ചു "വിവരമറിഞ്ഞപ്പോള്‍" എനിക്കൊന്നു കണ്ണു നനക്കാന്‍ പോലും അവകാശമില്ലാന്നു തോന്നി...

RTAടെ പുതിയ നിയമങ്ങള്‍ കാരണം driving licence test കിട്ടാന്‍ ഉള്ള കാലതാമസവും, ബര്‍ദുബായിലും ദേരയിലും ടാക്സി കിട്ടാനുള്ള പ്രയാസവും ,ലൈന്‍ തെറ്റി വണ്ടി ഓടിക്കുന്ന ഡ്രൈവര്‍മാരും, കൂടുന്ന സ്കൂള്‍ ഫീസും, ഏറുന്ന ഫ്ലാറ്റ് വാടകയും, ബഡ്ജറ്റ് എയര്‍ ലൈന്‍സിന്‍റെ കൂടുന്ന ടിക്കറ്റ് കൂലിയും , ഇന്‍ഫ്ലേഷനും, ക്രെഡിറ്റ് കാര്‍ഡ്` ട്രാപ്പും, ബാന്‍ ലിഫ്റ്റ് ചെയ്യാനുള്ള പ്രശ്നങ്ങളുമൊക്കെ നവദുബായുടെ പ്രധാന പ്രശ്നങ്ങളായി ഞാന്‍ അവതരിപ്പിക്കാന്‍ ഒരിക്കല്‍ ശ്രമിച്ചപ്പോള്‍ ചെറുതായി ചിരിച്ചു എഴുന്നേറ്റു പോയ പപ്പയുടെ പരിഹാസത്തിന്‍റെ ആഴം ഇന്നെനിക്ക് ഏതാണ്ട് മനസ്സിലാവുന്നു.

18 വര്‍ഷത്തില്‍ ഒരേ ഒരു കമ്പനിയില്‍ ജോലി ചെയ്തു തിരിച്ചുപോയ, ലൈസന്‍സിനു ചെലവാകുന്ന കാശ് എന്‍റെ മക്കള്‍ക്ക് അയച്ചു കൊടുക്കാം എന്നു കരുതിയ, രണ്ടു വര്‍ഷത്തിലൊരിക്കല്‍ കമ്പനി ടിക്കറ്റില്‍ നാട്ടില്‍ വന്നു ഞങ്ങളെ കണ്ടിരുന്ന, ഇപ്പോള്‍ പപ്പയുടെ മക്കള്‍ക്ക്‌ കിട്ടുന്നതിന്‍റെ ചെറിയൊരു ഭാഗം മാത്രം ശമ്പളം കിട്ടിയിട്ടും ഞങ്ങള്‍ മഴ കൊള്ളാതിരിക്കാന്‍ ഒരു നല്ല വീട് പണിതു തന്ന (പപ്പയുടെ മക്കള്‍ക്ക്‌ ഇപ്പോഴും പറ്റാത്ത), ജീവിതത്തിലെ ഏറ്റവും നല്ല സമയമൊക്കെയും ഈ പൊള്ളുന്ന മരുഭൂമിയില്‍ ഒറ്റയ്ക്ക് എരിച്ചു തീര്‍ത്ത, എന്നും കൂട്ടിവക്കുന്ന നാണയ തുട്ടുകളില്‍ നിന്നു എനിക്കും എന്‍റെ പ്രിയ പെട്ട ചിന്തു മണിക്കും  (എന്‍റെ അനിയന്‍) നേടാവുന്ന എന്തും നേടാനും ചെയ്യാവുന്ന എന്തും ചെയ്യാനുമുള്ള സാഹചര്യവും വിദ്യാഭ്യാസവും ഒരുക്കി തന്നു , ഒടുവില്‍ എല്ലാത്തിനുമൊടുവില്‍ തിരിച്ച് എത്തുമ്പോഴേക്കും ജീവിതത്തിലും സായാഹ്നം ആയി എന്ന് തിരിച്ചറിഞ്ഞ അസംഖ്യം അച്ഛന്മാരില്‍ ഒരാള്‍ ആയിരുന്നിട്ടും അന്നും ഇന്നും എന്നും സന്തോഷത്തോടെ ചിരിക്കാന്‍ പറ്റുന്ന, ജീവിക്കാന്‍ പറ്റുന്ന പപ്പയുടെ ചിരിയുടെ അര്‍ത്ഥം എനിക്കിപ്പോഴറിയാം.

മമ്മി ഇന്നാളൊരിക്കല്‍ പറഞ്ഞു എനിക്കൊന്നു വിമാനത്തില്‍ കയറണം എന്ന്.. എത്രയോ തവണ സ്വന്തം അവസരങ്ങള്‍ അറിഞ്ഞു കൊണ്ടു തന്നെ ഒരു കുഞ്ഞു വീടിനും പിന്നെ ഞങ്ങളുടെ പഠിപ്പിനും വേണ്ടി വേണ്ടെന്നു വച്ച, പിന്നീട് ഞങ്ങളെ ഒറ്റക്കാക്കാതിരിക്കാന്‍ വീണ്ടും വിമാനവും ദുബായിയും ഒന്നും വേണ്ടെന്നു വച്ച , ഇടിവെട്ടിനെ പേടിച്ചു നിലവിളിച്ച രണ്ടു കുട്ടികളെ കമ്പിളിക്കടിയില്‍ ചേര്‍ത്തുപിടിച്ചു സ്വന്തം പേടി മാറ്റിയ, പിന്നെ എപ്പോഴൊക്കെയോ ഇതിനുമൊക്കെ അപ്പുറം സ്വന്തം ജീവിതത്തിന്‍റെ വസന്തകാലം ഞങ്ങളുടെ സാമ്പത്തിക സുരക്ഷിതത്തിനു വേണ്ടി ഹോമിച്ച, മമ്മി.


"ഒറ്റ കമ്പിളിയുടെ ഉള്ളില്‍ മൂന്നാത്മാക്കള്‍.... ഓടിനിടയില്‍ നിന്നും കോളാമ്പിയിലെക്കും ബക്കറ്റിലെക്കും ചിലപ്പോള്‍ വക്കില്‍ തട്ടി പുതപ്പിനടിയില്‍ നിന്നും പുറത്തേക്കു നില്ക്കുന്ന കാല്‍ വിരലിലേക്കും തെറിച്ചു വീഴുന്ന വെള്ളത്തുള്ളികളും അവ സൃഷ്ടിക്കുന്ന വല്ലാത്ത ഒരു സുഖമുള്ള മരവിപ്പും ..തണുപ്പും ... ആ സുരക്ഷിതത്വം എനിക്കു തിരിച്ചു കിട്ടിയില്ല, പിന്നൊരിക്കലും....


എന്നിട്ടും തിരക്കിനോടുവില്‍ അവരെ ഒറ്റക്കാക്കി ഞങ്ങള്‍ കടലും കടന്നു പോന്നു, കൃത്യമായി പറഞ്ഞാല്‍ എല്ലാം കഴിഞ്ഞു ഞങ്ങളുടെ കൂടെ കുറച്ചു കാലം ഒരുമിച്ചു കഴിയാന്‍ പപ്പാ തിരിച്ചു വന്നപ്പോള്‍, ഞങ്ങള്‍ അവിടെ നിന്നും പടിയിറങ്ങി വിജയങ്ങളുടെ പടവുകള്‍ തേടി . ഒരുപാടു ഒരു പാടു ദൂരെ ഞങ്ങള്‍ സ്വന്തം തിരക്കുകള്‍ക്കിടയില്‍ കൂടുതല്‍ തിരക്കുകള്‍ സൃഷ്ടിച്ചു. ആ പുകമറയില്‍ സന്തോഷിച്ചു..

എന്തായാലും ഒടുവില്‍ അവരു വരുന്നു.
പപ്പക്കു പരിചയമില്ലാത്ത എങ്കിലും കാണാന്‍ കൌതുകമുള്ള ഈ പുതിയ ദുബായ് കാണാന്‍ പപ്പയും.. പണ്ടെന്നൊ വേണ്ടെന്നു വച്ച വിമാനയാത്ര ഒരിക്കല്‍ ഒന്നറിയാന്‍ മമ്മിയും...
സത്യത്തില്‍ അതിനേക്കാളും ഒക്കെ മേലെ മമ്മി പറഞ്ഞ പോലെ "നിങ്ങളെ എല്ലാവരെയും ഒന്നിച്ചു കാണാന്‍ ഞങ്ങള്‍ ആലോചിച്ചിട്ടു വേറെ വഴിയൊന്നുമില്ലാത്തതുകൊണ്ടും..."....

അവരിങ്ങോട്ടു വരുന്നു...
മല വീണ്ടും അബ്ദുള്ളയെതേടി...കടങ്ങളെല്ലാം ബാക്കി...
ക്ഷമിക്കുക..ഉറ്റവരെ... ഞങ്ങള്‍ക്കിപ്പൊഴും തിരക്കാണു... പാമില്‍ നിന്നു പാമിലേക്കുള്ള ട്രാഫിക് ബ്ളോക്കില്‍ അതിനൊരു പനയുടെ,കേരത്തിന്റെ, അമ്മയുടെ രൂപമാണെന്നു മറന്നു പൊയ ഞങ്ങളോടു ക്ഷമിക്കുക.....
ഞാനും പറയട്ടെ, പപ്പയോടും മമ്മിയോടും " വെല്‍കം റ്റു ദുബായ്, നൈസ് റ്റു മീറ്റ് യു."





20 comments:

Anonymous said...

kannu niranju poyi..

പരദേശി said...

ഓര്‍മയിലൊരുപാടു തവണ നമ്മള്‍ക്കു ചുറ്റും മുത്തിനുമെലെ ചിപ്പി പൊലെ അല്ലെങ്കില്‍ കാമ്പിനു മെലെ ചിരട്ടയും ചകിരിയും പൊലെ നമ്മെ പൊതിഞ്ഞു ഒടുവില്‍ സ്വയം പിളര്‍ന്നു നമ്മേ വളരാന്‍ വിട്ടവരെ മറക്കാതിരിക്കാന്‍...

ഈ വാക്കുകള്‍ക്കെത്ര ഭംഗി കുറഞ്ഞാലും ആ ഓര്‍മകള്‍ക്കൊരിക്കലും മാറ്റു കുറയില്ലെന്ന വിശ്വാസത്തൊടെ....

മറ്റൊരാള്‍ | GG said...

"സത്യത്തില്‍ അതിനേക്കാളും ഒക്കെ മേലെ മമ്മി പറഞ്ഞ പോലെ "നിങ്ങളെ എല്ലാവരെയും ഒന്നിച്ചു കാണാന്‍ ഞങ്ങള്‍ ആലോചിച്ചിട്ടു വേറെ വഴിയൊന്നുമില്ലത്തതുകൊണ്ടു".... "
നന്നായി..

കുടുംബസംഗമത്തിന് മറ്റൊരാളുടെ ആശംസകള്‍!!

നന്നായിരിക്കുന്നു സുഹൃത്തേ, ഓര്‍മ്മകള്‍ക്ക് മാറ്റുകുറയാത്ത വളരെ ഹൃദയസ്പര്‍ശിയായ ഈ ഓര്‍മ്മക്കുറിപ്പ്.

കുഞ്ഞന്‍ said...

പരദേശി മാഷെ...

എന്നും ഇങ്ങനെ പരദേശിയായാല്‍ മതിയൊ സ്വദേശിയാകേണ്ടെ... വരികള്‍ പലതും പൊള്ളിക്കുന്നവയാണ്..എന്ന് വോറൊരു പരദേശി.

മാഷിന്റെ കുടുംബസംഗമം മനോഹരമാകട്ടെ..

Rare Rose said...

വായിച്ചിട്ട് എന്താ പറയേണ്ടത്...ആ പപ്പയുടെയും മമ്മിയുടെയും മനസ്സ് വരികളിലൂടെ കണ്ടപ്പോള്‍ തന്നെ ആ സ്നേഹവും കരുതലും അറിയാനാവുന്നു...മാറ്റു കുറയാത്ത ആ സ്നേഹവും പ്രയത്നവും തിരിച്ചറിയാന്‍ കഴിയുന്നുണ്ടല്ലോ ഈ തിരക്കുകള്‍ക്കിടയിലും...
പപ്പയോടും മമ്മിയുമോടൊപ്പം തിരക്കുകളില്ലാതെ മനോഹരമായ ഒത്തുചേരല്‍ ആശംസിക്കുന്നു......

മുസാഫിര്‍ said...

എല്ലാ മക്കള്‍ക്കും ഇങ്ങിനെ ഒരു തിരിച്ചറിവ് ഉണ്ടായെങ്കില്‍ എന്ന് ആശിച്ച് പോകുന്നു, ഈ പോസ്റ്റ് വായിച്ചിട്ട്.

sami said...

Kunjettaa..
njaanenthaa parayendath....?

Sureshkumar Punjhayil said...

Ganbheeram Suhruthe. Mangalasamsakal.

Anonymous said...

I have fallen for you, your writing...simple and great..it makes me cry and laugh,emotions with different colours and shades.please keep on writing..all the best and lots of love

Vipin said...

Njaaninna Ithu vaayikkane...

Veruthe enthinaadaa ellaarem Karayikkane?
Ini Inganathe "Akaashadhoothukal" irakkalle!

Really Good....

THENDRAL...... said...

valere valere estapettu....parayan vakkukal ella...eniyum orupadu ezhuthaan deivam sahaikkatte..enu nerunnu...

Anonymous said...

edo eghane senti...ezhuthi manusharee karaikanano..nente..plan..

Shinoj said...

ഹൃദയസ്പര്‍ശി ...വളരെ നന്നയിരിക്കുന്നു‌...

priyadevan said...

tugged at strings which i(thought) had silenced for the longest time now.!!

hashina said...

Anoopettaaaa...No words..it is said we realize our parents' love when we become one ! so true..we are very lucky..to have parents who struggled to love us enough :)

Anonymous said...

super anoop.....

malutty said...

Anuvettaaaaaaaaaaa ......... :( :(:( .... Njaanendaaaa parayaaaaa ............................... Ee sneham nammal egayaa avarkku thirichu kodukkaaaa .......

malutty said...

Jeevidathill achanammaar sahicha vedanakku pagaram aayi i nammal endu cheyyum .. Thirichu endaannu nammal kodukkunadu .. Onnorthu povum ..,, thirich sabathigamaayi kodukkuvaan kazhiyunnudo potte oru ashosa vaakkupolum kodukkaan samayamillaa ... Really touching ... :(

സുധി അറയ്ക്കൽ said...

സത്യം പറഞ്ഞാൽ കരഞ്ഞു പോയി.

Unknown said...

ഓർക്കുക വല്ലപ്പോഴും ഇതാണ് നമ്മൾ ........ഇതു ആത്മാവാണ് ഉള്ളിൽ നിന്ന് വന്നത് .