Saturday, September 26, 2009

റോസാപ്പൂവിന്റെ തുടുത്ത കവിളെന്നെ മോഹിപ്പിചില്ല

താഴെ കൂര്‍ത്തു നിന്ന മുള്ളെന്നെ നോവിച്ചുമില്ല...

ആ തണ്ടിനറ്റത്തെ മുറിവില്‍ നിന്നിറ്റു വീണ കണ്ണു നീരെന്റെ

നെന്ചില്‍ വീണു പൊള്ളിയേടം തണുപ്പിക്കാന്‍

ഞാനേതു ഹിമാലയം തേടണം......

Tuesday, July 21, 2009

എന്റെ കടിഞ്ഞൂല്‍ പ്രണയ കഥയിലെ ..........

സി എ മാഷ്ഡെ റ്റ്യുഷന്‍ ക്ലാസ്സിലൊന്നുമല്ല ഞാന്‍ ആ ചങ്ങാതിയെ ആദ്യം കണ്ടതെന്നൊക്കെ ഒരു ജാഡക്കു പറയാന്നു വച്ചാലും സംഭവം അവിടെ വച്ചു തന്നെയാണു. മാഷ്ഡെ ക്ലാസ്സ് വെക്കേഷനില്‍ തന്നെ നേരത്തേ തുടങ്ങും. ഗ്രാമറും കഥകളുമൊക്കെയായി യഥാര്‍ഥ ഭാഷാപഠനം ആയൊരു നല്ലകാലം... പരീക്ഷപേടി ഇല്ലാതെ.. മാത്രല്ല ഈ സമയത്തു സമീപത്തുള്ള കോണ്‍വെന്‍റ്റ് സ്കൂളുകളിലേയും അല്ലാത്തതുമായ പല കിളികളും അവിടെ ഒരു ഇടക്കാലാശ്വാസമായി ഞങ്ങള്‍ക്കു കിട്ടുകയും ചെയ്യും.. ആനന്ദലബ്ദിക്കിനിയെന്തു വേണം.. ആയതു കൊണ്ടു തന്നെ ആ റ്റ്യുഷന്‍ ക്ലാസ്സുകള്‍ക്കായി , മാമന്‍റോടെ പാര്‍ക്കാന്‍ പോവുക തുടങ്ങിയ സുഖവാസ പരിപാടികളൊക്കെ ത്യജിക്കാനും ഞങ്ങള്‍ക്കൊട്ടും മടി ഇല്ലായിരുന്നു താനും.. ( എന്നു വച്ചു ഞാന്‍ അഥവാ ഞങ്ങള്‍ ആരെങ്കിലും മറിച്ചു ചെയ്യാന്‍ മുതിര്‍ന്നാലും വിനീത് ശ്രീനിവാസന്‍ പാട്ടില്‍ പറഞ്ഞപോലെ മാതാപിതാക്കള്‍ ഗുണ്ടകളായേനെ എന്നല്ലാതേ വേറൊന്നും സംഭവിക്കില്ലയിരുന്നു എന്നതും , തികച്ചും സമാധാന (സ്വശരീരാരൊഗ്യ) പ്രേമികളായ ഞങ്ങള്‍ അതിനൊന്നും വഴി കൊടുത്തില്ലെന്നതും ചരിത്ര സത്യം..)

പതിവുപൊലെ ഒരു ദിവസം , റ്റ്യുഷന്‍ ക്ലാസ്സില്‍ ഇത്തിരി നെരം വൈകി വരാനുള്ള എന്‍റെ അവകാശം ഉപയോഗിച്ചു ഞാന്‍ ഒരു കണക്കിനു ഓടി വന്നു കോണി ഓടിക്കേറി ക്ലാസ്സിലേക്കു കേറുമ്പൊഴും മൂപ്പരുടെ " ആ സാറു വന്നോ? വാ വാ വന്നിരിക്കൂ" പതിവു ചോദ്യം,കേള്‍ക്കാത്ത പോലെ ഇരിക്കാന്‍ തുടങ്ങായിരുന്നു ഞാന്‍.. ആ ചോദ്യവും എനിക്കൊഴികെ ഒരുപാടു കാലത്തേക്കെങ്കിലും വേറെ ആര്‍ക്കും അനുവദിച്ചു കൊടുക്കാതിരുന്നതുമായ സ്ഥിരം നേരം വൈകാനുള്ള അവകാശവും ഒരു പരിഹാസത്തിന്‍റെയാണൊ അതോ വാല്‍സല്യത്തിന്‍റെ ആയിരുന്നൊ പ്രകടനം എന്നെനിക്കിതു വരെ നിശ്ചയല്ല്യ.. ഇനീപ്പൊ മറിച്ചാണെങ്കിലും എനിക്കത് മാഷ്ക്ക് എന്നോടുണ്ടായിരുന്ന ഒരു സ്നേഹത്തിനു ഞാന്‍ വാങ്ങിയെടുത്ത വിലയായി മാത്രം കാണാനെ എനിക്കു പറ്റൂ...

എന്തോ ആവട്ടെ, ഞാന്‍ ഇരിക്കുന്നതിനു മുന്‍പു പുറകിലോട്ടൊന്നു തിരിഞ്ഞു നോക്കി ഒന്നു മനസ്സുഖം വരുത്തി ഇരിക്കാമെന്നു വിചാരിച്ച എന്‍റെ ഉള്ളൊന്നു കാളി. എന്റമ്മേ "അതാരാ!!!" ജിനേഷിന്‍റെ പള്ളക്ക് തന്നെ കുത്തി ഞാന്‍ ചൊദിച്ചു...കയ്യീന്നു അറിയാതെ പേന വീണുപോയി. അറിഞ്ഞു കൊണ്ടിട്ടു പോയേനെ എന്നതു വെറെ കാര്യം.. പക്ഷെ അപ്പോ വീണതു അറിയാതെ തന്നെയായിരുന്നു.. അഞ്ചപ്പം കൊണ്ടയ്യായിരം പേരെ ഊട്ടാനുള്ള സെറ്റപ്പ് പോലെ "സി.എ" പണിതു വച്ച കിളിക്കൂട്ടിലെ മൂന്നാമത്തെ ബെഞ്ചിന്‍റെ താഴെക്കു വീണ പെന്‍സിലെടുക്കാന്‍ ഞാന്‍ പെട്ട പാട്, അതു പറഞ്ഞറിയിക്കാന്‍ മൂര്‍ക്കനാട്ട് തേവരാണേ എന്നെകൊണ്ട് പറ്റില്ല്യ.

ഒരു മിനിട്ട് കൊണ്ട് ഒന്നര മണിക്കൂര്‍ സ്കൂള്‍ ഗ്രൌണ്ടില്‍ തലകുത്തിമറിഞ്ഞ പോലെ വെയര്‍ത്തു. ഒരു കണക്കിനു എണീറ്റിരുന്നപ്പൊല്‍ ജിനേഷ് സൈഡില്‍ ഇരുന്നു പിറുപിറുത്തു.. " ഗായത്രീടെ കസിനാന്നാ പറഞ്ഞേ, എന്തായാലും സൂപ്പറാ"ണു.." "ആണൊ ?". പണ്ടാരടങ്ങാനായിട്ടു വീട്ടില്‍ എന്തു മല മറിക്കാനായിട്ടായിരുന്നു ഞാന്‍ ഇന്നു തന്നെ നേരം വൈകി വന്നതു..കംപ്ലീറ്റ് ഇമേജ് കളഞ്ഞില്ല്യേ? സ്വയം ചോദിക്കല്ലാണ്ട് ഇനി എന്തു ചെയ്യാനാ.. സാരല്യ.. വന്നതു വന്നു..

സാര്‍, ജീന്‍ വാല്‍ ജീന്റെ കൂടെ ( സോറി... ക്രിഷ്ണന്‍ നായര്‍ സാറിനി ഒരു നൂറു തവണ പറഞ്ഞു തന്നാലും നമ്മക്കു ഴാങ് വാല്‍ ഴാങ് എന്നൊന്നും വരില്യ ഘടീ.. ശീലായി. ഇനിന്തൂട്ട് കാട്ടാനാ..!!) ദൂരം കുറച്ചു പോയെങ്കിലും ഞാന്‍, അപ്പൊഴും പേന വീണ ഗാപ്പില്‍ അതെടുക്കാന്‍ ഒന്നു ചെരിഞ്ഞു കുനിഞ്ഞപ്പൊള്‍ ഒരു മാതിരി ഒരൊന്നന്നര സെക്കന്റ് വ്യക്തമായും അതിനു മുന്‍പൊരര സെക്കന്റ് ഭാഗികമായും കണ്ട ആ ഫേസിന്റെ ക്ലൊസപ്പില്‍ ഫ്രീസ് ആയിപോയിരുന്നു..

"കോട്ടപ്പൊറം ഉസ്കൂള്ളാര്‍ന്നുത്രെ.. എന്തായാലും പുല്യാന്നാ കേട്ടെ, ബയങ്കര പടിപ്പിസ്റ്റാന്നാ പറഞ്ഞെ.. " ജിനേഷിന്‍റെ ശബ്ദമില്ലാത്ത കമന്ററി പീച്ചി വെള്ളം തൊറന്നിട്ട പോലെ നടന്നു കൊണ്ടേയിരിക്കുന്നുണ്ടായിരുന്നു.. വല്യ ആകാംഷ ഒന്നുല്ല്യാന്ന് കാണിക്കണംന്ന്ണ്ടായിരുന്നെങ്കിലും സഹിക്കാന്‍ പറ്റാണ്ടായപ്പൊല്‍ ചൊദിച്ചു, "ആരാ പറഞ്ഞെ??" .. "അതു ശരി, അപ്പ നിന്‍കര്‍ഞ്ഞാ കൊള്ളാല്ലെ, അന്നാ പിന്നെ എന്താ ഇത്ര വല്യ പോസ്... ഘടി..??." എന്നായി അവന്‍.. " രമേഷാ പറഞ്ഞെ... അവനോട് ഗായത്രി പറഞ്ഞതാ... ജിനേഷ് പറഞ്ഞതോണ്ട് വിശ്വസിക്കാം, അന്നും ഇന്നും അവനറിയാത്ത നാട്ടുവിശെഷങ്ങള്‍ മൂര്‍ക്കനാട്ട് ഇണ്ടാവാറില്ല്യ.. മൂര്‍ക്കനാട് അതിനൊക്കെ വളര്‍ന്നോ.. നല്ല കഥ..

ഒരുമാതിരി കാണാന്‍ കൊള്ളവുന്ന പെണ്‍പിള്ളെരേ കണ്ടാല്‍ ഉള്ള ആ ഒരു നെഞ്ചിലെ ആ "പൈലൊ പൈലോ" എന്ന ഇടി, എനിക്കീ പാര്‍ട്ടിയെ കാണുമ്പൊള്‍, കുറെ ദിവസം കഴിഞ്ഞിട്ടും നിക്കാണ്ടായപ്പൊല്‍ എനിക്കിതു പണീയാവുംന്നു മനസ്സിലായി..

പക്ഷെ അതിനിടയില്‍ തലയില്‍ ഇടിത്തീ പോലെ അവന്‍ വീണ്ടും ആ വാര്‍ത്ത കൊണ്ടുവന്നിട്ടു.. " ഇല്ലടാ അവള്‍ സ്കൂള്‍ തൊറന്നാ തിരിച്ചു പോവും" ..
വീണ തീക്കു മുടി കരിഞ്ഞെങ്കിലും ഞാന്‍ സമാധാനിച്ചു..പിന്നെ പ്രാര്‍ത്ഥിചു " ആ മടത്തിലെ കിളികളെങ്കിലും ഈ കൂട് വിട്ടു അത്ര പെട്ടെന്നൊന്നും പോവല്ലേന്നു.. എന്നാല്‍ അനിവാര്യമായ പണ്ടാരടങ്ങല്‍ സ്കൂള്‍ തുറക്കലിന്റെ രൂപത്തില്‍ വരന്നെ ചെയ്തു.. ഒന്നാന്തി മഴേത്ത് അതും തിങ്കളാഴ്ച, റ്റ്യുഷനു പോവാന്‍ എനിക്കു ദൈവം സഹായിച്ചു യാതൊരു ശുഷ്കാന്തിയും ഉണ്ടായിരുന്നില്ല..

പിന്നേ... കാലത്ത് എന്നെ അങ്ങ്ട് കെട്ടി എഴുന്നള്ളിച്ചിട്ടെന്തിനാണാവോ? മാഷ് മൂക്കട്ടയും മൂക്കിപ്പൊടിയും ചെര്‍ത്തുണ്ടാക്കുന്ന കസ്തൂര്യാദി ( ഇനിപ്പൊ ഗൊപി ചന്ദനാദിയാണോ എന്തൊ) ഗുളികേടെ ഒരു കടും തവിട്ടു നിറത്തിലുള്ള കൂട്ട് ആ വെളുത്ത തൂവലയില്‍ മൂപ്പരങ്ങനെ ലെയര്‍ ലെയര്‍ ആയി നൂറ്റൊന്നാവര്‍ത്തിച്ചു തേച്ചുപിടിപ്പിക്കുന്നതുമ്, അപ്പൊഴെക്കും സാറിന്‍റെ ഭാര്യ താഴെ നിന്നും ഒരു ചെറിയ മില്‍ക്ക് ലിഫ്റ്റില്‍ ( ചരടും ഒരു ചതുരപെട്ടീം കൊണ്ടൊരു സൂത്രം)കയറ്റിവിടുന്ന ഒരു ഗ്ലാസ്സ് പാല്‍ കുടിച്ചു മുന്‍പ് പറഞ്ഞ അതെ തൂവാല വച്ച് മുംബൈ ലൊക്കല്‍ സ്റ്റേഷനില്‍ ഷൂ പോളിഷ് ചെയ്യുന്ന പയ്യന്മാര്‍ അവരുറ്റെ ആ വാക്സ്ട് ശീല വച്ചു ഷൂവിന്‍റെ മുന്‍വശം തിളക്കാന്‍ വലിക്കുന്ന പോലെ രണ്ട് വലി മീശക്കു താഴെ വലിക്കുന്നതും നോക്കി ഫ്രെന്റ് ബെഞ്ചിലിരിക്കാന്‍ എനിക്കെന്തു മോട്ടിവേഷന്??? (എനിക്കപ്പൊഴെക്കും അവിടത്തേക്ക് പ്രൊമോഷന്‍ കിട്ടിയിരുന്നു. സാറിനെന്‍റെ പേന പതിവിലും, ആവശ്യത്തിലും കൂടുതല്‍ വീഴുന്നുണ്ടൊ എന്നൊരു സംശയം തൊന്നിയിട്ടൊ, അതോ ഞാന്‍ ആദ്യം പടിച്ചോട്ടെ എന്നു കരുതിയോ..രണ്ടായാലും..)

ഇതൊന്നും പോരാണ്ട് ഒന്നു തിരിഞ്ഞു നൊക്ക്യാലോ.. ചൂരക്കൊട്ടക്കു ചുരിദാറിട്ടപൊലേം, പിന്നെ ദലേര്‍ മെഹന്ദി ദാവണി ഉടുത്തപൊലേം നാലു "സുഷും ആഷും"..
ജീവിത നൈരാശ്യം വരാന്‍ ഒരു മാന്ധ്യോം വേണ്ട മക്കളെ... !

ഇനീപ്പൊ കാണാന്‍ അതി ദാരുണ പ്രശ്നങ്ങളൊന്നുമില്ലാതിരുന്നവരും ഇക്കഴിഞ്ഞ കുറേ ദിവസങ്ങളായി എനിക്ക് കാഴ്ചക്കു സംഭവിച ചെറിയ വെല്ലുവിളി മൂലം നായും നരുന്തുമൊക്കെ ആയി പോയെങ്കില്... അതെന്‍റെ കുറ്റാണൊ ഭായ്, നിങ്ങള്‍ തന്നെ പറ...

പക്ഷെ അതോണ്ടൊന്നും പ്രശ്നം തീരില്ലല്ലൊ... റ്റ്യുഷന്‍ ഒഴിവാക്കാനെന്തു വഴി??? സാര്‍ സദ്ദാം ഹുസൈനാണെങ്കില്‍ മമ്മി സാക്ഷല്‍ ഒസാമ ബിന്‍ ലാദനാണു. ചെകുത്താനും നടുക്കടലിനും ഇടക്കെന്നൊക്കെ പറയുന്നതു വെറും "simple forms of confusing paradigms".... അതുകൊണ്ട് ക്ലാസ്സ് മുടക്കുന്നതൊക്കെ വെറും നടക്കാത്ത സ്വപ്നം എന്നു ഞാന്‍ മനസ്സിലാക്കി... പോയി.. രാജാവിന്റെ മകനെ മനസ്സില്‍ ധ്യാനിച്ച്... വെറും യാന്ത്രികമായി..

പക്ഷെ അധികം വൈകാതെ 10ഡി-ലെ അനൂപിനോട് ജിമീഷ് പറഞ്ഞപൊലെ " എന്റെ മാവും പൂത്തു മോനെ!!"

ഓണപരീക്ഷയുടെ അവധിക്കു, അറിയാന്‍ പാടില്ലാത്ത കളിയായിരുന്നിട്ടും, അവതാരോദേശ്യത്തില്‍ കാര്യായ പെന്റിങ്ങൊന്നും ഇല്ലാത്തതുകൊണ്ട്, ഞാന്‍ ജിനേഷിന്‍റെ കൂടെ, ക്രിക്കറ്റ് കളിക്കാന്‍ പോയി..

അങ്ങനെ ഗ്രൗണ്ടില്‍ എനിക്ക് താങ്ങി വല്യ ശീലമൊന്നും ഇല്ലാത്ത ബാറ്റും പിടിച്ചു ഞാന്‍ നില്‍ക്കുമ്പോളാണ് ഗ്രൌണ്ടിന്‍റെ മറ്റേ അറ്റത്ത്‌ നിന്ന് ദിക്ക് വടക്കായിട്ടും സൂര്യനുദിക്കുന്ന പോലെ എനിക്ക് തോന്നിയത്‌ ... ( ജിനെഷിന്‍റെ ഭാഷയില്‍ " ഘടീ ... അടി പാര്‍സല്‍ വരുട്ടാ.. നോക്കീം കണ്ടുമൊക്കെ തോന്നിയാല്‍ മതീ..)..സൂര്യന്‍ ഗ്രൌണ്ട് വഴി ചുമ്മാ ആലുംപറമ്പിലേക്ക്‌ കടന്നു പോയതിനിടയില്‍ അന്ന് വരെ (അതിനു ശേഷവും ) ബാറ്റ് നേരെ പിടിക്കാന്‍ അറിയാതിരുന്ന ഞാന്‍ ആദ്യമായും അവസാനമായും സിക്സര്‍ അടിച്ചു ... അതും തോമാസ് മാഷ്ടെ വളപ്പിലേക്ക്‌ !!!!

അത് പിന്നെ പ്രശ്നായി..പന്ത് പോയി മാഷ്ടെ പശൂന്‍റെ മേത്ത് വീണു.. അതിനുത്തരം ഒഴിവാക്കാന്‍ ഞങ്ങള്‍ ‍മൊത്തമായും ചില്ലറയായും പലായനം ചെയ്തതും, തോമാസ് മാഷ്ടെ വളപ്പിലേക്ക്‌ അടിച്ചാല്‍ സിക്സ് ആവുമെങ്കില്‍ ഇരിഞാലക്കുടക്ക് അടിച്ചാല്‍ എത്ര റണ്‍സ് ആവും എന്ന് കണക്കു കൂട്ടി നിന്ന തങ്കപ്പന്‍ മാഷ്‌ പിന്നാലെ വന്നത് കാണാതെ പോയതും മനസ്സാ വാചാ കര്‍മണാ അറിയാത്ത കാര്യത്തിനു മാഷിന്‍റെ പശൂനുള്ള അന്നത്തെ പുല്ലിന്‍റെ QUOTA തങ്കപ്പന്‍ കവര്‍ ചെയ്യേണ്ടി വന്നതും ചരിത്രം.. അതുപോട്ടെ.

കരുവന്നൂര്‍ പോഴേല് ഒഴുകിവന്ന ഒരുമാത്രി വെള്ളമെല്ലാം, കുറച്ച് ഇല്ലിക്കല്‍ ഡാമില്‍ തടഞ്ഞു നിന്നതോഴിച്ചാല്‍ ഭൂരിഭാഗവും അറബിക്കടലിലേക്ക് തന്നെ ഒഴുകി പോയി ...ഞാന്‍ പരീക്ഷകള്‍ക്ക് ഇത്തിരി ദുഖതോടെയും നിശബ്ദ അനുരാഗത്തിന് സന്തോഷത്തോടെയും തല വച്ച് കൊടുത്തു..

മൂത്രശങ്ക വരാന്‍ പ്രത്യേകിച്ചസുഖമോന്നും ഇല്ലാതിരുന്നിട്ടും ഒരുപാട് വെള്ളമൊന്നും കുടിക്കുന്ന ശീലം ഇല്ലാഞ്ഞിട്ടും ഞാനൊരു പാടു തവണ മൂത്രപുരയിലേക്ക് യാത്ര പോയി.. വെറൊന്നുമല്ല.. അങ്ങോട്ട്‌ പോവുന്ന വഴിയുടെ ഇടതു ഭാഗത്തായി സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്‍റെ മുകള്‍ നിലയിലാകുന്നു ഞങ്ങളുടെ സ്കൂളിലെ പരിശുദ്ധ ബി ഡിവിഷന്‍ , എന്ന് വച്ചാല്‍ ഒരേയൊരു സമ്പൂര്‍ണ വനിതാ ക്ലാസ്സ്‌. അഥവാ "സംകൃതം" പഠിയ്ക്കുന്ന മോശകോടന്മാരുടെ എ ക്ലാസ്സ്‌ ഒഴിച്ച് (എനിക്കവരെ പണ്ടേ കണ്ടു കൂടാ , അസൂയ അല്ലാതെ വേറെ വിശേഷം ഒന്നൂല്ല്യട്ടോ..) സുന്ദരികളുടെ സാനിധ്യമുള്ള ഒരേയൊരു ക്ലാസ്സ്‌.

ഇതിനിടയില്‍ ഞാന്‍ എന്തൊക്കെയോ ചെയ്യാന്‍ ശ്രമിച്ചിട്ടും അവളത്‌ കാണാതെ പോയത്‌ അവളുടെ കുറ്റമാവാന്‍ വഴിയില്ല.. കാരണം എനിക്ക് മുട്ടിന്‍റെ ചിരട്ട അകാരണമായി കൂട്ടിയിടിക്കുന്ന രോഗം വന്നത് ഏതാണ്ടാ കാലത്താണ്. അതും മിക്കപോഴും കഥാനായികയെ കാണുന്ന സമയങ്ങളില്‍ ആയത്‌ ആരുടെയും കുറ്റം അല്ലല്ലോ.. പ്രത്യേകിച്ചും എന്റെ .....

"ഷൈന്‍" ചെയ്യാന്‍ പലതവണ പല വഴിയില്‍ ശ്രമിച്ച് പരാജയപെട്ടു എന്നത് ഒരു ചെറിയ സങ്കടം.. ദുബായ്കാരായ നമ്മുടെ സ്വന്തം "സ്നോവൈറ്റ്‌" അവിടെയില്ലാതിരുന്നത് കൊണ്ട്‌ "ആത്മബലവും പുരുഷബലവും" ഒക്കെ കുറച്ചു കുറവായിരുന്നൂന്നു പറഞ്ഞാല്‍ മതീല്ലോ..

ഇറ്റിവെട്ട് കൊണ്ടവനെ പാമ്പു കടിച്ചെന്നു പറഞ്ഞു കേട്ടിട്ടേയുള്ളൂ!!!! ഒന്ന് തിളങ്ങാന്‍ Scope അന്വേഷിച്ച് സ്കൂള്‍ തെരഞ്ഞെടുപ്പിലും ഞാന്‍ ഒരു ഭാഗ്യപരീക്ഷണത്തിനു മുതിര്‍ന്നു.. അതിനു മുന്‍പും പിന്‍പും അത്യാവശ്യം അരിവാളിനോടു ആഭിമുഖ്യം ഉണ്ടായിരുന്നിട്ടു കൂടി ആ ഒരു വര്‍ഷം , എനിക്കാ അരിവാള് പിടിക്കുന്ന കയ്യോടൊരു പ്രതിപത്തി തോന്നി.. വിനാശ കാലേ.. ബാക്കി പറയണ്ടല്ലോ.. എന്റെ സ്വന്തം വോട്ടു തന്നെ കിട്ടാന്‍ ഞാന്‍ പെട്ട പാടെനിക്കറിയാം.. അന്ന് കെട്ടി വക്കാന്‍ കാശൊന്നും വേണ്ടിയിരുന്നില്ല എന്നതിന് ഞാന്‍ ആരോടു നന്ദി പറയണം ?

പിന്നെ യുവജനോത്സവങ്ങള്‍ , ശാസ്ത്ര പ്രദര്‍ശനങ്ങള്‍ , ക്വിസ് മത്സരങ്ങള്‍ അതൊരു മത്ത്‌ പിടിപ്പിക്കുന്ന യാത്ര ആയിരുന്നു.. നിഴലിനും നിലാവിനും ജീവന്‍ വയ്ക്കുന്ന പ്രായവും.. എന്തിനോടും സംസാരിക്കാന്‍ പറ്റുന്ന, കണ്ണ് തുറന്നു സ്വപ്നം കാണുന്ന ഒരു കാലം ... ഒരു പോണി ടെയില്‍, കണങ്കാലിന് ഒരിഞ്ചു മേലെ നില്‍ക്കുന്ന പാവാട, തിളങ്ങുന്ന കണ്ണുകള്‍, കൊലുന്നനെയുള്ള രൂപം, ..... എന്തിനു പറയണൂ .. ഉറക്കം ബുദ്ധിമുട്ടായി .... പിന്നെ അത് ശീലായി....എന്ത്.? ഉറക്കല്ല്യായ്മന്നെ.. കുറച്ചു കാലത്തെക്കെങ്കിലും !!


സ്കൂള്‍ അവസാനിച്ചു, ... തവളയെ മുറിക്കണോ.. കണക്കു കൂട്ടണോ എന്ന ചോദ്യത്തില്‍ ഉത്തരം മുട്ടി ഞാന്‍ ഒടുവില്‍ തവള ആവുമ്പോള്‍ പരിപാടി തീര്‍ന്നാല്‍ വേണമെങ്കില്‍ തിന്നാം, പിന്നെ തവളയെ പിടിക്കാന്‍ ( ഓഫ് കോഴ്സ് കോളേജിലെ ആവശ്യത്തിനു) എന്ന പേരില്‍ മുങ്ങാം എന്നീ സൗകര്യങ്ങളെ കണക്കിലെടുത്ത്‌ ഞാന്‍ അങ്ങനെ തീരുമാനിച്ചു. ( എന്‍റെ മമ്മിക്കു മോനൊരു ഡോക്ടര്‍ ആവാന്‍ ഇനി വെറും ആറേഴു കൊല്ലം മതി എന്നൊരു വിശ്വാസം ഉണ്ടായെങ്കിലും , ഞാന്‍ ഒരു നിമിഷം പോലും അങ്ങനെയൊരു ദൈവനിഷേധം ചിന്തിച്ചിട്ടില്ല്യാട്ടോ..) ..പക്ഷെ വിധി വീണ്ടും ജിനെഷിന്‍റെ രൂപത്തിലും അവന്‍റെ ന്യൂസിന്‍റെ കണ്ടന്റ് കൊണ്ടും എന്നെ ഞെട്ടിച്ചു.., " ഇനിയൊരു ട്യുഷനും കൂടെ സ്കോപ്പ്‌ ഉണ്ട് മോനെ" എന്ന് പറഞ്ഞു കൊണ്ട്‌.. അങ്ങനെ ഞാന്‍ കൂടത്തില്‍ കണക്കും കൂട്ടാന്‍ തീരുമാനിച്ചു. ആഗ്രഹമുണ്ടയിട്ടല്ല.. സത്യം..

ആ ദിവസങ്ങളില്‍ എത്രയോ തവണ ഞാനും ദീപക്കും കൂടെ താമരപ്പാടത്തെ ചാരായ ഷാപ്പിന്‍റെ അടുത്തുള്ള കലുങ്കില്‍ ഇരുന്നു "നാളെ അല്ലെങ്കില്‍ മറ്റന്നാള്‍ എന്തായാലും പറണം, പക്ഷെ എങ്ങനെ പറയണം" എന്ന് ഒറ്റ വല്‍സരവും പഞ്ച വത്സരവുമായി പദ്ധതികളെത്ര പ്ലാന്‍ ചെയ്തു കൂട്ടി.. അത്രയ്ക്ക് കൂലംകഷംമായി പിന്നെന്നെങ്കിലും ചിന്തിച്ചിരുന്നെങ്കില്‍ ഞങ്ങളൊക്കെ ആരായി പോയേനെ.. എനിക്ക് വയ്യ...

ഒടുവില്‍............. ഞാന്‍ പ്രതീക്ഷിച്ചപോലെ തന്നെ സംഭവിച്ചു.. .. അവളീ കാര്യം അറിഞ്ഞില്ല.. മാത്രമല്ല ആ കൊച്ചിന് ബുദ്ധിയുദിച്ചു.. വേരൊരുത്തനെ കെട്ടി.. അതുകൊണ്ടിപ്പോള്‍ സുഖമായി ജീവിക്കുന്നു.. (അല്ലെങ്കില്‍ കാണായിരുന്നു...!!!!!) ഞാനിപ്പോഴും ഓരോ കാര്യത്തിനും പുതിയ പഞ്ചവല്‍സര പദ്ധതികളുമായി മുന്നോട്ടു പോവുന്നു... ചുമ്മാ ....

വാല്‍ കഷ്ണം: ഇതിലോരുപിടിയെങ്കിലും നടന്ന കാര്യങ്ങള്‍ തേടിയാല്‍ അവര് കഷ്ടപെടും.. അതിലുപരി ഇങ്ങനെയൊക്കെ ( എങ്കിലും) ആയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നതാവും..അതുകൊണ്ട് പേരുകള്‍ മാത്രല്ല കാര്യങ്ങളും കഥ മാത്രാണ്.. ഒന്നൊഴികെ..

ഞാന്‍ ജീവിതത്തില്‍ ഒരുപാടു അധ്യാപകരെ ജീവിതത്തില്‍ കണ്ടു മുട്ടിയിട്ടുണ്ട്.. മൂര്‍ക്കനാട് മുതല്‍ കല്‍ക്കട്ട വരെ.. അവരിലോന്നും സി എ ജോസഫ്‌ മാഷ്ക്ക് ( സ്നേഹപൂര്‍വ്വം വെറും സി എ ) പകരം വക്കാവുന്ന ഒരാളെ കണ്ടില്ല .. ഇനി കാണുമെന്നൊരു പ്രതീക്ഷയുമില്ല.. ഈ കുറിപ്പും അദ്ദേഹത്തിന് മുന്നില്‍..

Tuesday, July 7, 2009

ഇരിക്കപിണ്ടം

അന്യ അവളെനിക്കിനി..

വെറുമൊരു ഓര്‍മ പോലുമാവാതെ മരിച്ചു മണ്ണടിഞ്ഞൊരു പാഴ്ജന്‍മം

ഉറക്കിയില്ലേ ഞാനീ നെഞ്ചിന്‍ ചൂടേറ്റി ചന്ദ്രനുറങ്ങാത്ത നാളുകളിലെത്രയൊ...

ഓര്‍ത്തില്ലവള്‍ പക്ഷെ, ഈയച്ചനെ...

എന്‍ വിരല്‍ തുമ്പിലെ തുമ്പപ്പൂവായവള്‍ ..
ആ പൂവിലും വെണ്മയെഴുമെന്‍ സ്വപ്നമായ് മാറിയോള്‍..

ഓര്‍ത്തില്ലവള്‍ പക്ഷെ, ഈയച്ചനെ...

ഊട്ടി അവരെന്നുണ്ണിയെ ഒരായിരം തവണ,
അരങ്ങത്തൊരിക്കലും വരാത്തൊരാ കൈകളാല്‍ ...

ഓര്‍ത്തില്ലവള്‍ പക്ഷെ, എന്‍ അകത്തുള്ളൊരെയും...


വിരലു മാറ്റി പിടിച്ചപ്പോള്‍, കണ്ടില്ലെന്‍ പുത്രിയീ,
ഈ അമ്പലപ്രാക്കള്‍ തന്‍ ആത്മാക്കളൊന്നുമേ...

മരിച്ചു നീയെന്‍ വീട്ടിലും.. വാക്കിലും.. എന്നിട്ടുമെന്തേയെന്‍ ചങ്കു പിടക്കുന്നു???


എനിക്കു പിഴച്ചുവൊ... അതോ എന്‍ കുഞ്ഞിനോ?

******************************************************************

എന്തേ വിളിച്ചില്ല എന്നച്ചനെന്നെ, ഒരിക്കലെങ്കിലും..

കാതോര്‍ത്തു കാതൊര്‍ത്തു ക്ഷീണിച്ചു പോയി ഞാന്‍.

തേവരെ കാക്കുന്ന, അറിയുന്നൊരച്ചനെന്‍,
മനമെന്തേ കാണുവാന്‍ തിട്ടമില്ലാതെ പോയ്?

എന്നുമീ വാതില്‍ക്കല്‍ ഒറ്റക്കു ഞാനിനി,
ഒരു നാള്‍ വരുമെന്നച്ചന്‍ വിളിക്കായീ..

പറയണം പറയണം എന്നോര്‍ത്തു ഞാനെത്ര....
"അ" എന്നെടുത്തതേ ..ചതിച്ചുവെന്‍ നാവെന്നെ..

ഒന്നു ചോദിച്ചാല്‍ പറഞ്ഞേനല്ലൊ ഞാന്‍ ...
എന്നച്ചനെന്നെ അറിയില്ലെ....ദൈവത്തിനോളവും?

അച്ചനറിയുക.... സുഖം എനിക്ക്... എന്‍ സ്വപ്നങ്ങള്‍ക്കും...

വക്കുക ഈ പിണ്ടം, വീട്ടിനുപുറത്തു.. മനസ്സിനല്ലെന്നറിയുന്നു ഞാനും...

*************************************************************************************
വരുമെന്‍ മകള്‍ .... വരാതിരിക്കില്ല..

വിളിക്കുമെന്നച്ചന്‍ .... വിളിക്കാതിരിക്കില്ല...

****
ഇരിക്കപിണ്ടങ്ങള്‍ വലിച്ചെറിയാം നമുക്കന്ന്..

സ്നേഹത്തിന്‍ കോലങ്ങള്‍ കെട്ടിയാടാനായി.

Thursday, March 5, 2009

ജാതിക്ക

ജാതിയെ മറക്കും നമ്മള്‍
പൊതിഞ്ഞു കാത്തൊരാ തൊണ്ടിനെ മറക്കും നമ്മള്‍
അകത്തൊരു കവചം തീര്‍ത്തൊരാ കുരുവിനെ മറക്കും നമ്മള്‍
ഓര്‍മയിലേക്കൊരു ജാതിപത്രി ,
ഒരു ചെറു വിരലിന്‍ ചോരയൊലിക്കും തൊലിയോളം വന്നൊരു ജാതിപത്രിയെ മാത്രം........
ജീവിക്കുക... കൂട്ടിവച്ചു ജാതിപത്രികളൊക്കെയും
മറക്കുക.. തൊണ്ടുകളെ.. കുരുക്കളെ..ഒട്ടുമേ.. ഒടുവിലാ ജാതിക്കയെ തന്നെയും....
ഇതു നിന്‍റെ വിധി. എന്‍റെയും....

Sunday, February 8, 2009

പേപ്പര്‍ വണ്ടിയില്‍ വന്ന യക്ഷി

കാര്യ കാരണ സഹിതം തന്നെ ഒരു കഥയെഴുതണം എന്നു വാശി എനിക്കു പണ്ടെ ഇല്ലാത്തതു കൊണ്ടു ഒരു തീരുമാനം ആക്കാന്‍ ഉറച്ചു.. ഒരു കഥ എഴുതന്നെ...
ഇതൊരു പഴയ കഥയാണു. കുറുമാന്‍ പറഞ്ഞ കഥയിലേപ്പോലെ ഞാന്‍ സംഭവസ്ഥലത്തു സത്യായിട്ടും ഉണ്ടായിരുന്നില്ല എന്നല്ല, ഉണ്ടായിരുന്നെങ്കില്‍ ഇതെഴുതാന്‍ ചെലപ്പൊള്‍ ഉണ്ടായേനില്ല എന്നുള്ള ഒരു വിശ്വാസം കൂടി ഇണ്ടെന്നു കൂട്ടിക്കൊളൂ...

ഞാന്‍ ചെറുതല്ല , എന്നാല്‍ അത്ര വലുതുമല്ലാത്ത ഒരു സ്ഥിതിയിലായിരുന്ന ഒരു സമയം. അതിപ്പൊള്‍ "കുട്ടികളുടെ കൂട്ടത്തില്‍ കളിക്കാന്‍ "പറ്റിയ" പ്രായം !!!" എന്നൊരു വശവും.... "ഹയ്യട ഒരു വല്യ ചെക്കന്‍ വന്നിരിക്കുന്നു, ചന്തീലെ ചോപ്പു മാറീട്ടു പോരേട ചെക്കാ ചെറപ്പൊറത്തു വന്നിരിക്കാന്‍" എന്നു മറുവശവും ..

ഇതൊന്നും വേണ്ട കൊറച്ചു ഗോസ്സിപ്പെങ്കില്‍ ഗോസ്സിപ്പ്‌ എന്നു കരുതി അടുക്കളപ്പുറത്തോട്ടു തിരിഞ്ഞാലോ.. " ആണ്‍പിള്ളേര്‍ക്കെന്താ ഇവിടെ കാര്യം" എന്നായി അമ്മ... എന്നാല്‍ പിന്നെ എന്നെ അങ്ങു കൊല്ല്", ഒരുതരത്തിലും ജീവിക്കാന്‍ സമ്മതിക്കില്ല എന്നു വന്നാല്‍ എന്തു ചെയ്യും സഖാവെ..

പിന്നെ ചെയ്യാനുള്ളതു ഒന്നേ ഉള്ളൂ .... ഞാന്‍ അതു തന്നെ ശരണം പ്രാപിച്ചു. ഒരു ചെറിയ വിവര ശേഖരണ സംഭരണ വിതരണ ശ്രിംഖല ഞാനങ്ങു തുടങ്ങി.. എല്ലാവര്‍ക്കും യഥക്രമം മറുവഴികളില്‍ നിന്നും കാര്യങ്ങള്‍ അറിയണം, പിന്നെ നാട്ടിലെ അല്ലറ ചില്ലറ വേലി ചാട്ടങ്ങള്‍, മനസ്സിലേറെ സന്തോഷമുണ്ടാക്കുന്ന മറ്റുള്ളവരുടെ ബുദ്ധിമുട്ടുകള്‍ എല്ലാം മെനക്കെട്ട്‌ സമ്പാദിക്കാന്‍ തുടങ്ങി. ഹോ, ഒരു പെണ്‍കുട്ടി ഒരുത്തന്‍റെ ഒളിച്ചോടി പോയി എന്നോ, വേരൊരാളുടെ വീട്ടില്‍ കള്ളന്‍ കേറി എന്നോ ഒക്കെ കേള്‍ക്കുമ്പോള്‍ " അയ്യോ, കഷ്ടായി" എന്നും പറയുമ്പൊളും " ഹാവൂ , എന്തൊരാശ്വാസം , എന്‍റെ പ്രാര്‍ത്ഥന ഫലിച്ചൂല്ലോ.. വെറുതയല്ല തേവരു പുഷപാഞ്ജലിക്കു കാശ്‌ വാങ്ങീതു എന്നു മനസ്സില്‍പറഞ്ഞു, സഹിക്കാനാവാത്ത ചിരി ചുണ്ടു കോട്ടി ഒരു ദുഖപ്രകടനത്തിലെത്തിക്കാന്‍‍ ഇവരില്‍ പലരും കഷ്ടപെടുമ്പോള്‍, അടിയനും കൃതാര്‍ത്ഥനാവാറുണ്ട്‌. പിഴച്ചു പോണ്ടേ നമ്മക്കും...

അങ്ങനെ എനിക്കെല്ലാവരും കഥകള്‍ കേള്‍ക്കാനായി ഒരു സീറ്റ്‌ തന്നു.. അക്കൂട്ടത്തില്‍ എനിക്കു കിട്ടിയ ഒരു കുഞ്ഞു സംഭവം.

ഞങ്ങടെ നാട്ടിലെ പേരുകെട്ട യുക്തിവാദി ആയിരുന്നു കൃഷ്ണേട്ടന്‍ ( സത്യമായും പേരു വേറെ ആണു). ജനസാമാന്യത്തിനിടയില്‍ അത്യാവശ്യം രാഷ്ട്രിയം, സാമുഹ്യ സേവനം ( എന്നു വച്ചാല്‍ ഫൊറം പൂരിപ്പിക്കുക, അപേക്ഷകള്‍ എഴുതി കൊടുക്കുക, അത്യാവശ്യം അന്താരാഷ്ട്ര പ്രശ്നങ്ങളെക്കുറിച്ചു ഒന്നാം വാര്‍ഡുകാരെ പ്രബുദ്ധരാക്കുക തുടങ്ങിയ ചുമതലകള്‍ എല്ലാം, സാമാന്യം നല്ല നിലയില്‍ തന്നെ സസന്തോഷം ചെയ്തു കൊടുതിരുന്നു മൂപ്പര്‍.

രാഷ്‌ട്രീയം എന്നു പറഞ്ഞാല്‍ കൃഷ്ണേട്ടന്‍റെ പ്രധാന കലാപരിപാടീ കാലാ കാലങ്ങളില്‍ സമയത്തും അസമയത്തും വന്നു ചേരുന്ന പല നിലയിലുള്ള (ഞങ്ങള്‍ ത്രിശ്ശൂര്‍ക്കാര്‍ക്ക് എല്ലാത്തിന്‍റെയും പ്രാധാന്യം ഇങ്ങനെ നിലക്കണക്കില്‍ പറയുന്നതൊരു വല്യ സന്തോഷാണു, അത്രേള്ളൂ..), ഇലക്ഷന്‍ ഉല്‍സവ ദിവസങ്ങളില്‍ കൊളാമ്പിയും കൊടിയും വച്ചു കെട്ടിയ കാറില്‍ പഞ്ചായത്തിന്റെ മുക്കിലും മൂലയിലും വരെ ഒരു "കൈ" സഹായിക്കാന്‍ അഭ്യര്‍ത്ഥിച്ചു കൊണ്ടും അപേക്ഷിച്ചു കൊണ്ടും നിരന്തരം നിത്യം മൂപ്പരുണ്ടാവും. എന്നു കരുതി പാര്‍ട്ടി അതൊക്കെ കണ്ടറിഞ്ഞു എന്നൊന്നും ധരിച്ചു പോവില്ല നമ്മളാരും എന്നറിയാം.എന്നാലും പറയാം ഒരു വാര്‍ഡ് എങ്കിലും മൂപ്പില്‍സിന്‍റെ മേലു വന്നു വീഴാന്‍ തന്നെ കാലം കുറെ എടുത്തു. ഇതിനിടക്കെപ്പൊഴാണൊ ഈ യുക്ത്യദിസാരം വന്നു പെട്ടതു എന്നു ഗണിക്കാന്‍ എനിക്കു വഴീല്യട്ടൊ.. അതൊണ്ടതു ചോദിക്കരുത്.

തിരിച്ചു വരാം.. അങ്ങനെ ഒരു നാള്‍ ഉല്‍സവങ്ങള്‍ ഒന്നും ഇല്ലാതൊരുന്ന ഒരു ദിവസം ഏതോ ഒരു മീറ്റിങ്ങോ മറ്റേതെങ്കിലും വിനോദ പരിപാടിയോ കഴിഞ്ഞു തിരിച്ചു വരാന്‍ അല്പം വൈകി. എന്നു വച്ചാല്‍ വല്യ പാലത്തിന്‍റെ അവിടെ നിന്നു നടക്കാന്‍ തുടങ്ങുമ്പൊള്‍ ശ്രീജിത്തിലെ സ്പെഷ്യല്‍ വണ്‍ ഡേ കഴിഞ്ഞു വരുന്നവരു പോലും അത്യാവശ്യം എന്‍ റൂട്ട് ആക്റ്റിവിറ്റി ഒക്കെ കഴിഞ്ഞു വീടു പിടിച്ച സമയം. സില്‍ക് മുതല്‍ അനുരാധ, ഡിസ്കോ ശാന്തി തുടങ്ങി പലരും അരങ്ങു, സോറി വെള്ളിത്തിര വാഴുന്ന കാലം, അതു കൊണ്ടു പടം അറിയാന്‍ വഴിയില്ല. എന്ന് വച്ചാല്‍ ഏതാണ്ടൊരു ഒന്നര രണ്ടു മണി ആയിക്കാണും...

അതെന്തായാലും കൃഷ്ണേട്ടന്‍ പേടിയുണ്ടാവാന്‍ ചാന്‍സില്ലല്ലൊ. ഈ ഭൂത പ്രേത പിശാചുകള്‍ക്കൊക്കെ മൂപ്പരുടെ അടുത്തെന്തു കാര്യം? എന്തായാലും ഒന്നര കിലോമീറ്ററിന്‍റെ കാര്യാണു, പിന്നെന്തു പേടിക്കാന്‍?

പിന്നെ ആറാട്ടുകടവിന്‍റെ വളവിലാണു പണ്ടു രാഘവേട്ടന്‍ സായ്‌വിനെ വെട്ടിക്കൊന്നതെന്ന് ഓര്‍മയുണ്ടെന്നു കരുതി പേടി ഉണ്ടാവണം എന്നില്ലല്ലൊ..

"മാസം മേയ് തന്നെ അല്ലെ? പിന്നെന്താപ്പാ ഒരു തണുപ്പു..... അതും പെരുവിരലീന്നു ... എയ്.. അല്ലെങ്കില്‍ നാളെ ആലോചിക്കാം" എന്നും വച്ചു പുള്ളി വലിച്ചു വച്ചു നടക്കാന്‍ തുടങ്ങി. പൈങ്കിളി പാടം കഴിയുന്ന നേരം മുന്നിലാരോ പൊകുന്ന പോലെ തോന്നി , ഹാവൂ, എന്തെങ്കിലും ആവട്ടെ, ഒരു കമ്പനി ഉണ്ടെങ്കില്‍ പിന്നെ എന്ത് പ്രശ്നം? നടത്തതിന്‍റെ വേഗം ഒന്നു കൂട്ടാന്‍ തുടങ്ങുമ്പൊള്‍ പെട്ടെന്നു ഒരു ചെറിയ സംശയം. അതൊരു സ്ത്രീ അല്ലേ? ഹേയ്, അങ്ങനെ വരാന്‍ വഴിയില്ല , രാത്രി രണ്ടു മണീക്കെവിടുന്നാ ഒരു സ്ത്രീ .

ഇനി നമ്മുടെ "മറ്റേ" ചന്ദ്രികയെങ്ങാനും ആണോ, രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ നമ്മുടെ നാട്ടില്‍ വേറെ അധികം ഇല്ലല്ലൊ..!!!!!!! എന്നാലും ഇതിത്തിരി കാര്യമായി വൈകി ആണല്ലോ വരവ്.. അതങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ.. ഇന്നിത്തിരി ഉപദേശിച്ചിട്ട് തന്നെ കാര്യം.. കൃഷ്ണേട്ടന്‍ ഒന്നുകൂടി വേഗം നടന്നു.

പെട്ടെന്ന്... കൃഷ്ണേട്ടന്‍റെ ചങ്കൊന്നു കാളി.. മുന്നില്‍ പോകുന്ന പെണ്ണിന്‍റെ മുടിക്കിത്തിരി നീളം കൂടുതലുണ്ടോന്നൊരു സംശയം. ഒന്നും കൂടി സൂക്ഷിച്ചു നോക്കിയപ്പൊള്‍ ഏതാണ്ടു കണങ്കാലോളം! (സാധാരണ നമ്മള്‍ക്കു പരിചയമുള്ള എല്ലാ ലേഡി പ്രേതങ്ങളുടെയും സ്റ്റാന്‍ഡേര്‍ഡ് ആക്സെസ്സറി തന്നെ.. ) ചെറിയ ഒരു പ്രശ്നം സാരീടെ കളര്‍ മാത്രം . (പക്ഷെ അതെന്തായിരുന്നൂന്ന് ഇതു വരെ മൂപ്പര്‍ക്കൊരു ഓര്‍മയും കിട്ടീട്ടുമില്ല!!).. എന്തായാലും കൃഷ്ണേട്ടന്‍റെ ഉള്ളിലെ യുക്തിവാദി ഉണര്‍ന്നു.

എന്തായാലും ഇതെന്താണെന്നു അറിഞ്ഞിട്ടു തന്നെ കാര്യം എന്നു വിചാരിച്ചു വേഗം നടക്കാന്‍ തുടങ്ങി... പക്ഷെ എത്ര നടന്നിട്ടും ദൂരം കൊറയണില്യ.. കൂടണൂല്യ... സ്ഥലം ഏതാണ്ട് ആറാട്ടുകടവ് അടുക്കാനും തുടങ്ങി. എന്നാല്‍ പിന്നെ രണ്ടടി പിന്നോട്ടു നിക്കാവും നല്ലതെന്നു തോന്നി .. പക്ഷെ അപ്പൊഴും ദൂരം പഴയസ്ഥലത്തു നിന്നും ഒരിന്‍ചു മാറുന്നില്ല.. എന്‍റെ ... അയ്യോ.. ഇല്ലാത്ത ദൈവത്തിനെ വിളിക്കുന്നതെങ്ങനെ...

ഇനിയിപ്പൊള്‍ ആലോചിക്കാന്‍ സമയോല്യ.. ആലോയ്ചിട്ട് കാരോല്യ.. എന്നാല്‍ പിന്നെ നടക്കെന്നെ... പുള്ളി നടക്കാന്‍ തുടങ്ങി.. ഒരു 100 മീറ്റര്‍ അങ്ങനെ പോയി..
പക്ഷെ, അപ്പോഴാണു എന്‍റൊടതമ്പുരാനേ അടുത്ത കുരിശ്... നോക്കണ്ടാന്നു വിചാരിച്ചാലും വേറെന്തു ചെയ്യാന്‍‍ .. പിന്നോട്ടു നോക്കി നടക്കാന്‍ പറ്റില്യാല്ലോ, .. ഒന്നും കൂടി നൊക്കി..
"എന്‍റമ്മേ കാലു നിലത്തു തൊടണില്യല്ലൊ".. തണുപ്പൊക്കെ മാറി.. മുന്നോട്ടോടിയാല്‍ "എന്‍റമ്മേ !", പിന്നോട്ടോടിയാല്‍ "നിശ്ചയല്യ !!"..., എടത്തോട്ടൊടിയാല്‍ പൈങ്കിളി പാടം ! വലത്തോട്ടോടിയാല്‍ കരുവന്നൂപ്പൊഴ! " ..എനിക്കു വയ്യേ!! സമയം ആണെങ്കില്‍ നട്ടപ്പാതിര കഴിഞ്ഞും നേരം കുറെ ആയിരിക്കുന്നു. ദൈവം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇപ്പോഴൊന്നു സഹായിച്ചാല്‍ മരിച്ചാലും മറക്കില്ല...എന്ന സ്ഥിതിയിലായി നമ്മുടെ നായകന്‍...

ആകെ മുങ്ങിയാല്‍ പിന്നെ കുളിരില്ലല്ലോ!!! ഏതായാലും ഇന്നിതൊരു (ഞാനും) തീരുമാനം ആവും എന്നുറപ്പായ സ്ഥിതിക്കു ഇനി മുന്നോട്ടു തന്നെ...നടന്നു.. ആറാട്ടു കടവെത്തി. ദൂരം ഇപ്പൊഴും സമാസമം. പക്ഷെ എടക്കൊന്നു തിരിഞ്ഞു നോക്കിയൊ എന്നൊരു സംശയം കൃഷ്ണേട്ടന്‍ ഒന്നു വേഗം നടന്നാലോന്നു കരുതിയതാണ്. പെട്ടെന്നു തന്നെ ഞെട്ടി പിന്നൊട്ടടിച്ചു... ഒന്നൂല്യ... ദൂരം പെട്ടെന്നു നല്ലപോലെ കുറഞ്ഞു..


ഇനി ആലോചിക്കാനൊന്നൂല്യ വരണട്ത്തു വച്ചു കാണന്നെ.... കൃഷ്ണേട്ടന്‍ നടന്നു... ഒറ്റ വ്യത്യാസം... നാവിന്‍റെ തുമ്പത്ത് എടമറുകൂല്യ..കോവൂരൂല്യ..പിന്നെയോ? ഒരു മാതിരി മുപ്പത്തിമുക്കോടി പേരെയുമൊന്നും വിളിക്കാന്‍ "ടെയിം" കിട്ടീല്ലെങ്കിലും അവനവനെ കൊണ്ടു പറ്റാവുന്ന പോലെ ഒക്കെ ഒപ്പിച്ചു.

അങ്ങാടിത്തല വന്നതും പോയതുമൊക്കെ കണ്ണിന്‍റെ സൈഡില്‍ക്കൂടെ ഒരു മിന്നായം പോലെ കണ്ടില്ല എന്നു പറയാന്‍ പറ്റില്ല... പിന്നേ.. ഞാന്‍ കണ്ണെടുത്തു എടം വലം നോക്കാമ്പൊവല്ലെ, ആ സമയത്തെങ്ങാനും ദൂരം കുറഞ്ഞുപോയാല്‍... പൊകഞ്ഞു പോവും ഭായ്..

എന്തായാലും ഒരു കണക്കിനു നീരോലി തൊടിന്‍റെ അടുത്തെത്തുമ്പൊഴെക്കും ഹ്രിദയം പെരുമ്പറ പോലെ മിടിക്കുന്നുണ്ടായിരുന്നു എന്നൊക്കെ പറഞ്ഞാല്‍ എന്താവാന്‍ .. പെരുമ്പറക്കെവിടുന്നാ ഇത്ര സൌണ്ട്.. നോ വേ... !!
തോടിനടുത്തെത്തുന്നതു മാത്രം ഓര്‍മയുണ്ട്. പിന്നെ ഒരൊറ്റ പാച്ചില്‍..!!!

പിറ്റേന്നു രാവിലെ റോഡ് സൈഡില്‍ കുണ്ട കൂട്ടി വച്ചിരുന്ന വൈക്കോലിനുള്ളില്‍ ടിയാനെ ഉറങ്ങുന്ന അവസ്ഥയില്‍ വൈക്കൊല്‍ ചിക്കാന്‍ വന്ന കുഞ്ഞിക്കാളി കണ്ടെത്തുകയായിരുന്നു എന്നും ഈ കേട്ട കഥയുടെ ബാക്കി പത്രം.

വാല്‍കഷ്ണം : അന്നു കൃഷ്ണേട്ടന്‍ കണ്ട യക്ഷി അലിയാസ് പ്രേതം എറണാകുളത്തു എന്തോ അത്യാവശ്യത്തിനു പോയി മടങ്ങുമ്പൊള്‍ സമയം വൈകി ഒടുവില്‍ പേപ്പര്‍ വണ്ടിയില്‍ വന്നിറങ്ങി വരികയായിരുന്ന പാവം ശോഭന റ്റീച്ചര്‍ ആയിരുന്നെന്നും ആരോ പുറകില്‍ നിന്നും തന്നെ പിന്തുടരുന്നതു കണ്ടു പേടിച്ചു ഓടിയും നടന്നും ഒരു കണക്കിനു വീടു പിടിക്കുകയായിരുന്നെന്നും പിന്നെ വന്ന കരക്കമ്പി.

പിന്നേ ടീച്ചര്‍ക്കിത്തിരി മുടി കൂടുതലുണ്ടായതു ടീച്ചറുടെ കുറ്റമല്ലൊ... എന്നാല്‍ പിന്നെ കൃഷ്ണേട്ടന്‍റെ ആണോ... അതുമല്ല !!!!!!!!

പിന്നെ കൃഷ്ണേട്ടന്‍ ഈ തമാശക്കെല്ലാം അപ്പുറത്തു ഇന്നാട്ടുകാര്‍ക്കെല്ലാം ഇപ്പൊഴും വളരെ വേണ്ടപെട്ട ഒരു സമുദായസേവകനായും അതിലുമേറെ ഒരു നല്ല മനുഷ്യനായും ഒരു ശരാശരി രാഷ്ട്രീയക്കാരില്‍ നിന്നും മേലെ നില്‍ക്കുന്നു.

Sunday, February 1, 2009

കുറെ ലേ ഓഫ് ചിന്തകള്‍

ഇന്നലെ എണീറ്റപ്പോള്‍ ആദ്യം എനിക്കാദ്യം തോന്നിയതു ഇത്തിരി സമാധാനം ആണ് . ഹാവൂ.. എന്തായാലും ഇന്നു ധൈര്യമായിരിക്കാം.. ഇന്നു ലെറ്റര്‍ ഒന്നും കിട്ടില്ലല്ലൊ... വെള്ളിയാഴ്ച അങ്ങനെ ഒരു സമാധാനം ഉണ്ട്. മനസ്സിലായില്ലല്ലേ? ഞങ്ങളുടെ കമ്പനിയിലിപ്പോള്‍ ഒരു മാതിരി ഞാണിന്‍മേല്‍ കളിയാണ്. ആരുടെ പേരാണടുത്തതു എന്നതിനൊരു നിശ്ചയവുമില്ല.. അതൊണ്ട് ഈ വെള്ളിയാഴ്ച അടിച്ചു പൊളിക്കാനാ തീരുമാനം.. ഇനീപ്പൊ നടന്നില്ല്യാച്ചലോ .. (അങ്ങനെ കരുതി കരുതി ഇപ്പൊള്‍ എല്ലാ വെള്ളിയാഴ്ചയും ഇത്തിരി ആര്‍മാദം ആവണുണ്ടോന്നൊരു സംശയം നിക്കെന്നെ ഇണ്ടുട്ടോ...) അതു വെറേ കാര്യം... കാരണം വെള്ളിയാഴ്ച മാത്രല്ല വ്യാഴാഴ്ചയും ഇതേ ആശങ്കയുടെ (എന്ന പേരില്‍) പൂര്‍വാധികം ഭംഗിയായി കൊണ്ടാടണുണ്ടേ... വന്നു വന്നു ബാരക്കുടയിലേക്കുള്ള വഴിയാണോ ഓഫീസിലേക്കുള്ള വഴി ആണൊ കൂടുതല്‍ നിശ്ചയം എന്ന കാര്യത്തിലേ ഇപ്പൊള്‍ തര്‍ക്കള്ളൂന്നായിരിക്കണൂ.. നിങ്ങള്‍ക്കെന്‍റെ സങ്കടം മനസ്സിലാവൂല്ലൊ, ല്ലേ?

കഴിഞ്ഞ ആഴ്ച ഒരു ബെര്‍ത്ത്‌ഡേ പാര്‍ട്ടിക്കു പോയിരുന്നു... ബഹുഭൂരിപക്ഷം എന്നൊക്കെ ചുമ്മാ പറഞ്ഞാലും സത്യത്തില്‍ സമ്പൂര്‍ണമായും ദൈവത്തിന്‍റെ സ്വന്തം ജനങ്ങള്‍ മാത്രം പങ്കെടുത്ത ഒരു പക്കാ ദേവലോകം ജനറല്‍ ബോഡി .. എത്രയൊക്കെ കാലാവസ്ഥക്കാരും പിന്നെ എഫ് എമ്മില്‍ മിഥുനും നൈലയും തണുപ്പെന്നു വിളിച്ചു കൂവിയാലും ഇത്രയും തണുപ്പുണ്ടെന്നു എനിക്കന്നാണു മനസ്സിലായതു. ദേവന്‍മാരെല്ലാം ഫുള്‍ സൂട്ടിലായിരുന്നു. എന്തൊരു ചന്തം !! എന്തൊരു ഫോര്‍മല്‍!!

പക്ഷെ ഏതാണ്ടൊരു അര മണിക്കൂര്‍ കഴിഞ്ഞപ്പൊള്‍ കുഞ്ഞിനെകൊണ്ടു കേക്കിനെ അറുത്തെടുത്തു എല്ലാര്‍ക്കും വീതിച്ചു കൊടുത്തു. പലപ്പോഴും കാണാറുള്ളതു പൊലെ മുറിക്കുന്നതു കുഞ്ഞിനെ ആണോ കേക്കാണൊ എന്നുള്ളതു പോലുള്ള കരച്ചില്‍ ഉണ്ടായിരുന്നില്ല എന്നല്ല നന്നായി ചിരിക്കുന്നും ഉണ്ടായിരുന്നു . അതിന് പിന്നാലെ ഒരു മൂലയിലേക്കു പലരും ചുരുങ്ങുന്നതു കണ്ടിരുന്നു. അത് പോലെ പതുക്കെ പതുക്കെ ജാക്കറ്റും സൂട്ടും അഴിയുന്നതും കണ്ടു.. ഇടക്കാരോ കൈകാലുകളെല്ലാം വീശുന്നതു കണ്ടപ്പൊള്‍ "വാം അപ്" ചെയ്യുകയാണൊ എന്നും ചൊദിക്കുന്നുണ്ടായിരുന്നൂത്രെ !!! അസൂയക്കാര്‍ പറയുന്നതാവും.. പിന്നെ കോട്ടൂരിയ കാര്യം? അല്ലെങ്കില്‍ തന്നെ രണ്ടെണ്ണം ചെന്നാല്‍ പിന്നെന്തു നായരും നസ്രാണിയും?

അതു കഴിഞ്ഞു കണ്ട കലാ പരിപാടികള്‍ക്കാവട്ടെ അതൊട്ടുമില്ല താനും. മുണ്ടുരിഞ്ഞു തല്ലാന്‍ മോഹന്‍ലാലിനു പോലും പ്രചോദനമായതു ഒരു പരിധി വരെ ഞാന്‍ ആണു എന്നു പ്രഖ്യാപിക്കാന്‍ ശ്രമിക്കുന്നവര്‍ ഒരു ഭാഗത്തു.. ( കളസം കണ്ടു പിടിച്ച സായിപ്പിനു നന്ദി, ആഗ്രഹങ്ങള്‍ നടപ്പാക്കാന്‍ ഒരു പരിധി വരെ ഈ ദേവഗണങ്ങള്‍ക്കു കഴിയാതെ പോയതിനു !!!!) പിന്നെ "ഡീസന്‍റ്" ആയിരിക്കാന്‍ നിരന്തരമായി ശ്രമിക്കുന്നവരും, അതിന്‍റെ ഒരു strain കാരണം തളര്‍ന്നു , നേരെ നില്‍ക്കുന്നത് അത്ര ചെറിയ കാര്യം ഒന്നുമല്ല എന്നും മനസ്സിലാക്കിയവരും എല്ലാം ചേര്‍ന്നൊരു അവിയല്‍ പരുവം..
പക്ഷെ അതൊരു തുടക്കം മാത്രമായിരുന്നു എനിക്ക് മനസ്സിലായത് പിന്നെയും കുറച്ചു കഴിഞ്ഞാണ്.

ചില സമയത്തെ പരാക്രമങ്ങള്‍ കണ്ടപ്പോള്‍, ചിവാസ് റീഗലിനും കപ്പ കൂട്ടാനും തമ്മില്‍ എന്തൊക്കെയൊ സാമ്യം ഇല്ലേ എന്നും തോന്നി. ഒന്നുമില്ലെങ്കിലും അവയുണര്‍ത്തുന്ന സ്വഭാവവിശേഷങ്ങള്‍ വളരെ അടുത്തവയാണു. സംശയം ഇല്ലാട്ടോ ..

അതിന്നോക്കെയും ഒടുവില്‍ റിമി ടോമിയുടെ ഒന്നാം സോപാനത്തിനോപ്പം സാക്ഷാല്‍ ടപ്പാം കൂത്ത് തുടങ്ങിയപ്പോഴല്ലേ കോട്ടിനുള്ളിലെ കലാകാരന്മാരെല്ലാം മറ നീക്കി പുറത്തു വന്നത്. സന്തോഷായി!!
ബീവറേജസിനു മുന്നിലെ തിരക്കിനെ പരമ പുച്ഛത്തോടെ കളിയാക്കിയ മഹാന്മാരെല്ലാം അവതാര ലക്‌ഷ്യം വെളിവാക്കിയതോടു കൂടി അടിയന്‍ സാഫല്യം അണഞ്ഞു.

കഷ്ടകാലം എന്ന് പറഞ്ഞാല്‍ മതിയല്ലോ, 12 മണി ആയപ്പൊള്‍ ബാര്‍ അടച്ചു എന്ന അനൌണ്‍സ്മെന്‍റ് വന്നതോടെ ഒരു ദേവാസുര യുദ്ധം കഴിഞ്ഞ പടക്കളത്തിലെന്നപോലെ തളര്‍ന്നിരുന്നു പോയി, ദൈവങ്ങളില്‍ പലരും. പിന്നെ " മധുവില്ലാതെന്തു മദനോത്സവം" എന്നും പറഞ്ഞു എവിടെയൊ മറന്നു പോയ കോട്ടുകള്‍ തേടി ഓരോരുത്തരായി നീങ്ങി.

ഇടയില്‍ കേട്ട മറ്റൊരു കാര്യം കൂടി . " ഞാന്‍ സമ്പൂര്‍ണമായി കുടി നിര്‍ത്തിയതായിരുന്നു.. പക്ഷെ ഈ സാമ്പത്തിക മാന്ദ്യം എന്നെ വല്ലാതെ ടെന്‍ഷന്‍ അടിപിച്ചു. അങ്ങനെയാ രണ്ടാമതും തുടങ്ങിയത്. "ഉടനെ വന്നു മറുപടി "ഞാന്‍ പറയുന്നതെങ്ങനെ എന്ന് കരുതിയതായിരുന്നു, പക്ഷെ നിങ്ങളോട് പറയാല്ലോ. ഞാനും ഇതേ കാര്യം കാരണം എന്‍റെ ന്യൂ ഇയര്‍ റെസൊല്യുഷന്‍ കഴിഞ്ഞ മാസം വേണ്ടെന്നു വച്ചു !!"

ഒടുവില്‍ എല്ലാവരെയും കെട്ടി പെറുക്കി സ്ഥലം കാലി പണ്ണുമ്പൊള്‍ സമയം ഒരു മണി. എല്ലാം കഴിഞ്ഞിറങ്ങുമ്പൊള്‍ ഒരെ ഒരാശ്വാസം ഒരിക്കല്‍ കൂടി പിറന്നാള്‍ ആശംസകള്‍ നേരണം എന്നു പറഞ്ഞ് ഉറങ്ങുന്ന കുഞ്ഞിനെ വിളിച്ചുണര്‍ത്താന്‍ ദൈവങ്ങളിലാരും മെനക്കെട്ടില്ല.. ദേവദേവനു സ്തോത്രം. ( വിയെസ്സിനല്ലട്ടോ.. സോറി.. അല്ലേലും .. മൂപ്പരു പാവം)

വാല്‍ക്കഷ്ണം : പണ്ടു ഞങ്ങളുടെ നാട്ടില്‍ ഒരു മൈക്കു വിഴുങ്ങി ഉണ്ടായിരുന്നു. മൈക്ക് കയ്യില്‍ കിട്ടിയാല്‍ പിന്നെ മരിച്ചാലും അത് വിടാത്ത ഒരു പാവം ദുഷ്ടന്‍. അതു പോലെ ചില അവതാരങ്ങളെയും കണ്ടു കൂട്ടത്തില്‍. മൈക്കിനു പകരം സ്റ്റേജ് തന്നെ വിഴുങ്ങാന്‍ സ്വന്തം കുഞ്ഞു മക്കളെ തള്ളി വിട്ടു ഞെളിയുന്ന "സൂപ്പര്‍" തന്ത തള്ളമാര്‍ കേരളത്തിലേ ഉള്ളൂ എന്നു കരുതിയെങ്കില്‍.. തെറ്റി.. കഴിവുള്ള കുഞ്ഞുങ്ങളെ പ്രദര്‍ശനാക്രാന്തത്തില്‍ ഇവര്‍ നശിപ്പിക്കാതിരിക്കട്ടെ!!! ദൈവങ്ങളെ നിങ്ങള്‍ തന്നെ തുണ..