Sunday, February 1, 2009

കുറെ ലേ ഓഫ് ചിന്തകള്‍

ഇന്നലെ എണീറ്റപ്പോള്‍ ആദ്യം എനിക്കാദ്യം തോന്നിയതു ഇത്തിരി സമാധാനം ആണ് . ഹാവൂ.. എന്തായാലും ഇന്നു ധൈര്യമായിരിക്കാം.. ഇന്നു ലെറ്റര്‍ ഒന്നും കിട്ടില്ലല്ലൊ... വെള്ളിയാഴ്ച അങ്ങനെ ഒരു സമാധാനം ഉണ്ട്. മനസ്സിലായില്ലല്ലേ? ഞങ്ങളുടെ കമ്പനിയിലിപ്പോള്‍ ഒരു മാതിരി ഞാണിന്‍മേല്‍ കളിയാണ്. ആരുടെ പേരാണടുത്തതു എന്നതിനൊരു നിശ്ചയവുമില്ല.. അതൊണ്ട് ഈ വെള്ളിയാഴ്ച അടിച്ചു പൊളിക്കാനാ തീരുമാനം.. ഇനീപ്പൊ നടന്നില്ല്യാച്ചലോ .. (അങ്ങനെ കരുതി കരുതി ഇപ്പൊള്‍ എല്ലാ വെള്ളിയാഴ്ചയും ഇത്തിരി ആര്‍മാദം ആവണുണ്ടോന്നൊരു സംശയം നിക്കെന്നെ ഇണ്ടുട്ടോ...) അതു വെറേ കാര്യം... കാരണം വെള്ളിയാഴ്ച മാത്രല്ല വ്യാഴാഴ്ചയും ഇതേ ആശങ്കയുടെ (എന്ന പേരില്‍) പൂര്‍വാധികം ഭംഗിയായി കൊണ്ടാടണുണ്ടേ... വന്നു വന്നു ബാരക്കുടയിലേക്കുള്ള വഴിയാണോ ഓഫീസിലേക്കുള്ള വഴി ആണൊ കൂടുതല്‍ നിശ്ചയം എന്ന കാര്യത്തിലേ ഇപ്പൊള്‍ തര്‍ക്കള്ളൂന്നായിരിക്കണൂ.. നിങ്ങള്‍ക്കെന്‍റെ സങ്കടം മനസ്സിലാവൂല്ലൊ, ല്ലേ?

കഴിഞ്ഞ ആഴ്ച ഒരു ബെര്‍ത്ത്‌ഡേ പാര്‍ട്ടിക്കു പോയിരുന്നു... ബഹുഭൂരിപക്ഷം എന്നൊക്കെ ചുമ്മാ പറഞ്ഞാലും സത്യത്തില്‍ സമ്പൂര്‍ണമായും ദൈവത്തിന്‍റെ സ്വന്തം ജനങ്ങള്‍ മാത്രം പങ്കെടുത്ത ഒരു പക്കാ ദേവലോകം ജനറല്‍ ബോഡി .. എത്രയൊക്കെ കാലാവസ്ഥക്കാരും പിന്നെ എഫ് എമ്മില്‍ മിഥുനും നൈലയും തണുപ്പെന്നു വിളിച്ചു കൂവിയാലും ഇത്രയും തണുപ്പുണ്ടെന്നു എനിക്കന്നാണു മനസ്സിലായതു. ദേവന്‍മാരെല്ലാം ഫുള്‍ സൂട്ടിലായിരുന്നു. എന്തൊരു ചന്തം !! എന്തൊരു ഫോര്‍മല്‍!!

പക്ഷെ ഏതാണ്ടൊരു അര മണിക്കൂര്‍ കഴിഞ്ഞപ്പൊള്‍ കുഞ്ഞിനെകൊണ്ടു കേക്കിനെ അറുത്തെടുത്തു എല്ലാര്‍ക്കും വീതിച്ചു കൊടുത്തു. പലപ്പോഴും കാണാറുള്ളതു പൊലെ മുറിക്കുന്നതു കുഞ്ഞിനെ ആണോ കേക്കാണൊ എന്നുള്ളതു പോലുള്ള കരച്ചില്‍ ഉണ്ടായിരുന്നില്ല എന്നല്ല നന്നായി ചിരിക്കുന്നും ഉണ്ടായിരുന്നു . അതിന് പിന്നാലെ ഒരു മൂലയിലേക്കു പലരും ചുരുങ്ങുന്നതു കണ്ടിരുന്നു. അത് പോലെ പതുക്കെ പതുക്കെ ജാക്കറ്റും സൂട്ടും അഴിയുന്നതും കണ്ടു.. ഇടക്കാരോ കൈകാലുകളെല്ലാം വീശുന്നതു കണ്ടപ്പൊള്‍ "വാം അപ്" ചെയ്യുകയാണൊ എന്നും ചൊദിക്കുന്നുണ്ടായിരുന്നൂത്രെ !!! അസൂയക്കാര്‍ പറയുന്നതാവും.. പിന്നെ കോട്ടൂരിയ കാര്യം? അല്ലെങ്കില്‍ തന്നെ രണ്ടെണ്ണം ചെന്നാല്‍ പിന്നെന്തു നായരും നസ്രാണിയും?

അതു കഴിഞ്ഞു കണ്ട കലാ പരിപാടികള്‍ക്കാവട്ടെ അതൊട്ടുമില്ല താനും. മുണ്ടുരിഞ്ഞു തല്ലാന്‍ മോഹന്‍ലാലിനു പോലും പ്രചോദനമായതു ഒരു പരിധി വരെ ഞാന്‍ ആണു എന്നു പ്രഖ്യാപിക്കാന്‍ ശ്രമിക്കുന്നവര്‍ ഒരു ഭാഗത്തു.. ( കളസം കണ്ടു പിടിച്ച സായിപ്പിനു നന്ദി, ആഗ്രഹങ്ങള്‍ നടപ്പാക്കാന്‍ ഒരു പരിധി വരെ ഈ ദേവഗണങ്ങള്‍ക്കു കഴിയാതെ പോയതിനു !!!!) പിന്നെ "ഡീസന്‍റ്" ആയിരിക്കാന്‍ നിരന്തരമായി ശ്രമിക്കുന്നവരും, അതിന്‍റെ ഒരു strain കാരണം തളര്‍ന്നു , നേരെ നില്‍ക്കുന്നത് അത്ര ചെറിയ കാര്യം ഒന്നുമല്ല എന്നും മനസ്സിലാക്കിയവരും എല്ലാം ചേര്‍ന്നൊരു അവിയല്‍ പരുവം..
പക്ഷെ അതൊരു തുടക്കം മാത്രമായിരുന്നു എനിക്ക് മനസ്സിലായത് പിന്നെയും കുറച്ചു കഴിഞ്ഞാണ്.

ചില സമയത്തെ പരാക്രമങ്ങള്‍ കണ്ടപ്പോള്‍, ചിവാസ് റീഗലിനും കപ്പ കൂട്ടാനും തമ്മില്‍ എന്തൊക്കെയൊ സാമ്യം ഇല്ലേ എന്നും തോന്നി. ഒന്നുമില്ലെങ്കിലും അവയുണര്‍ത്തുന്ന സ്വഭാവവിശേഷങ്ങള്‍ വളരെ അടുത്തവയാണു. സംശയം ഇല്ലാട്ടോ ..

അതിന്നോക്കെയും ഒടുവില്‍ റിമി ടോമിയുടെ ഒന്നാം സോപാനത്തിനോപ്പം സാക്ഷാല്‍ ടപ്പാം കൂത്ത് തുടങ്ങിയപ്പോഴല്ലേ കോട്ടിനുള്ളിലെ കലാകാരന്മാരെല്ലാം മറ നീക്കി പുറത്തു വന്നത്. സന്തോഷായി!!
ബീവറേജസിനു മുന്നിലെ തിരക്കിനെ പരമ പുച്ഛത്തോടെ കളിയാക്കിയ മഹാന്മാരെല്ലാം അവതാര ലക്‌ഷ്യം വെളിവാക്കിയതോടു കൂടി അടിയന്‍ സാഫല്യം അണഞ്ഞു.

കഷ്ടകാലം എന്ന് പറഞ്ഞാല്‍ മതിയല്ലോ, 12 മണി ആയപ്പൊള്‍ ബാര്‍ അടച്ചു എന്ന അനൌണ്‍സ്മെന്‍റ് വന്നതോടെ ഒരു ദേവാസുര യുദ്ധം കഴിഞ്ഞ പടക്കളത്തിലെന്നപോലെ തളര്‍ന്നിരുന്നു പോയി, ദൈവങ്ങളില്‍ പലരും. പിന്നെ " മധുവില്ലാതെന്തു മദനോത്സവം" എന്നും പറഞ്ഞു എവിടെയൊ മറന്നു പോയ കോട്ടുകള്‍ തേടി ഓരോരുത്തരായി നീങ്ങി.

ഇടയില്‍ കേട്ട മറ്റൊരു കാര്യം കൂടി . " ഞാന്‍ സമ്പൂര്‍ണമായി കുടി നിര്‍ത്തിയതായിരുന്നു.. പക്ഷെ ഈ സാമ്പത്തിക മാന്ദ്യം എന്നെ വല്ലാതെ ടെന്‍ഷന്‍ അടിപിച്ചു. അങ്ങനെയാ രണ്ടാമതും തുടങ്ങിയത്. "ഉടനെ വന്നു മറുപടി "ഞാന്‍ പറയുന്നതെങ്ങനെ എന്ന് കരുതിയതായിരുന്നു, പക്ഷെ നിങ്ങളോട് പറയാല്ലോ. ഞാനും ഇതേ കാര്യം കാരണം എന്‍റെ ന്യൂ ഇയര്‍ റെസൊല്യുഷന്‍ കഴിഞ്ഞ മാസം വേണ്ടെന്നു വച്ചു !!"

ഒടുവില്‍ എല്ലാവരെയും കെട്ടി പെറുക്കി സ്ഥലം കാലി പണ്ണുമ്പൊള്‍ സമയം ഒരു മണി. എല്ലാം കഴിഞ്ഞിറങ്ങുമ്പൊള്‍ ഒരെ ഒരാശ്വാസം ഒരിക്കല്‍ കൂടി പിറന്നാള്‍ ആശംസകള്‍ നേരണം എന്നു പറഞ്ഞ് ഉറങ്ങുന്ന കുഞ്ഞിനെ വിളിച്ചുണര്‍ത്താന്‍ ദൈവങ്ങളിലാരും മെനക്കെട്ടില്ല.. ദേവദേവനു സ്തോത്രം. ( വിയെസ്സിനല്ലട്ടോ.. സോറി.. അല്ലേലും .. മൂപ്പരു പാവം)

വാല്‍ക്കഷ്ണം : പണ്ടു ഞങ്ങളുടെ നാട്ടില്‍ ഒരു മൈക്കു വിഴുങ്ങി ഉണ്ടായിരുന്നു. മൈക്ക് കയ്യില്‍ കിട്ടിയാല്‍ പിന്നെ മരിച്ചാലും അത് വിടാത്ത ഒരു പാവം ദുഷ്ടന്‍. അതു പോലെ ചില അവതാരങ്ങളെയും കണ്ടു കൂട്ടത്തില്‍. മൈക്കിനു പകരം സ്റ്റേജ് തന്നെ വിഴുങ്ങാന്‍ സ്വന്തം കുഞ്ഞു മക്കളെ തള്ളി വിട്ടു ഞെളിയുന്ന "സൂപ്പര്‍" തന്ത തള്ളമാര്‍ കേരളത്തിലേ ഉള്ളൂ എന്നു കരുതിയെങ്കില്‍.. തെറ്റി.. കഴിവുള്ള കുഞ്ഞുങ്ങളെ പ്രദര്‍ശനാക്രാന്തത്തില്‍ ഇവര്‍ നശിപ്പിക്കാതിരിക്കട്ടെ!!! ദൈവങ്ങളെ നിങ്ങള്‍ തന്നെ തുണ..

3 comments:

പരദേശി said...

യാതൊരു തരത്തിലുള്ള പരിഹാസവും ലക്‌ഷ്യം വച്ചിട്ടില്ല എന്നും വെറും നേരം പോക്കാണെന്നും കരുതുമെന്ന വിശ്വാസത്തോടെ..

സസ്നെഹം

Vipin said...

Anoope,

Nee Eee vallathilum Kaalitto?

Njaan ippo Thanneye sambhavam Arinjullooo...
Athum Thaangalude Gmail Id de side il ee Link Itta kaaranam...

Valare nannaayiriykkunu....

Dubai Kaaryams Vittu Pazhaya naattukaaryams Irakkiyaal nannu...

Mu.Thra.Tha.Ma.Tho.U ne patti Onnaavaalo!

Anonymous said...

kollam... esttapettu...