Monday, March 31, 2008

നാടകാന്ത്യം........കൂര്‍ക്കം വലി

കൊല്ലവര്‍ഷം ആയിരത്തി ഇരുന്നൂറ്റി കിടന്നൂറ്റി എന്നൊക്കെ പറഞ്ഞാല്‍ ആകെ പ്രശ്നാവും.. അതൊണ്ടു തല്‍ക്കാലം സംഭവം കുറച്ചു പണ്ടായിരുന്നു എന്നു മാത്രം പറയുന്നു....

സ്ഥലം നമ്മുടെ സ്വന്തം സെന്‍റ് ആന്റണീസ് സ്കൂള്‍ . "മൂത്രമണി" അടിക്കുമ്പൊള്‍ പള്ളിമുറ്റത്തു, പ്ലാവിന്‍റെ സൈഡില്‍ നിരന്നു നിന്നു കര്‍ത്താവിനെ നോക്കി "ചുമ്മാ" എന്നു കണ്ണിറുക്കി കാട്ടി ആയുധം കയ്യിലെടുത്ത, പെയിന്‍റര്‍ പ്രാഞ്ചി മുതല്‍ കുറ്റി എലിയാസ് മുട്ടന്‍ ജിനേഷു വരെ ഞങ്ങളുടെ നാട്ടിലെ മഹാരഥന്മാരെല്ലാരും പടി(പ്പി)ച്ചിറങ്ങിയ നമ്മുടെ സ്വന്തം മൂര്‍ക്കനാട് 'ഉസ്കൂള്‍'.

അമ്പതാം വാര്‍ഷികം ( എന്നാണെന്‍റെ ഓര്‍മ) പ്രമാണിച്ചു ആനിവേഴ്സറി അടിച്ചു പൊളിക്കണം എന്നു രക്ഷിക്കുന്നവരും ശിക്ഷിക്കുന്നവരും ചേര്‍ന്നു ചായ കുടിച്ചു തീരുമാനിച്ചു.

ഡാന്‍സിന്‍റെയും പാട്ടിന്‍റെയും കാര്യങ്ങള്‍ മാത്രം നോക്കി നടത്താന്‍ ആഗ്രഹമുണ്ടെങ്കിലും നടക്കാത്തതു കൊണ്ടു പ്രോഗ്രാം കണ്‍വീനര്‍ ആവാന്‍ മാഷന്മാരില്‍ ഇച്ചിരി കയ്യൂക്കുള്ളവര്‍ തമ്മില്‍ അസാരം മല്‍സരം മനസില്ലെങ്കിലും ഉണ്ടായി എന്നു ഞങ്ങള്‍ക്കിടയില്‍ മാത്രമല്ലാത്ത ഒരു സംസാരം ഉണ്ടായിരുന്നു.

ഒടുവില്‍ സുഭഗനും സുന്ദരനും ടീച്ചര്‍മാരുടെ ഇടയില്‍ മേല്‍പറഞ്ഞ കാരണങ്ങളാല്‍ സ്വാഥീനം കൂടുതലുണ്ടാവാന്‍ സാധ്യതയുമുണ്ടായിരുന്ന ഡ്രില്‍ മാഷ്‌ക്കു ( എന്നു വച്ചാല്‍ സാക്ഷാല്‍ ശ്രീമാന്‍ P.T മാഷ്‌ ) സംഗതികളുടെ തലതൊട്ടപ്പനാവാന്‍ വിധിയുണ്ടായി. (മാഷിന്‍റെ കലയോടില്ലെങ്കിലും, രൂപത്തിനൊടു കലശലായതും അല്ലാത്തതുമായ ഭ്രമം, പല ചെറുപ്പക്കാരായ ടീച്ചര്‍മാര്‍ക്കും ഉണ്ടായിരുന്നു എന്നും ചില ക്ഷുദ്ര ജീവികള്‍ അന്നും പറഞ്ഞിരുന്നു...ചുമ്മാ...!!)

ഒടുവില്‍ ആഘോഷങ്ങള്‍ക്കവസാനം "മെഗാ ഇവന്റ്" ആയി ഒരു നാടകം നടത്താന്‍ തീരുമാനം ആയി. സംവിധാനം, ന്യായമായും ഡ്രില്‍ മാഷ് തന്നെ. നടീനടന്മാരെ തിരഞ്ഞെടുക്കാന്‍ വിശധമായ സ്ക്രീനിങ് തന്നെ നടന്നു, വന്നതാകെ പത്താളായതു മാഷിന്‍റെ കുറ്റം അല്ലല്ലൊ. അങ്ങനെ കൂട്ടത്തിലാര്‍ക്കും വേണ്ടാതിരുന്ന നായകവേഷം എനിക്കു കിട്ടി. ( വെറുതെയല്ല നായകനു വയസ്സ് 65, നായികയുമില്ല..) എന്‍റെ ഓര്‍മ ശരിയാണെങ്കില്‍ കോരച്ചന്‍ സാറെന്നായിരുന്നു ആ കഥപാത്രത്തിന്റെ പേര്.

എന്‍റെ പേരക്കിടാവിനു എന്നെക്കാള്‍ വെറും മൂന്നു വയസ്സിന്‍റെ വ്യത്യാസം.നല്ല ഒന്നാംതരം സാമൂഹ്യ സംഗീത സംപൂജ്യ, അങ്ങനെ പിന്നെ എല്ലാമായ നാടകം.

റിഹെഴ്‌സല്‍ ക്യാമ്പ് ആന്റു മാഷ് റിട്ടയര്‍ ചെയ്തതിനെ തുടര്‍ന്നു അകാലത്തില്‍ അനാഥമായ ക്രാഫ്റ്റ് റൂം .( നൂലു പിരിക്കാന്‍ ശ്രമിച്ചു ശ്രമിച്ചു, ഗാന്ധിജി ഒരു പുലി തന്നെയെന്നു ഞങ്ങള്‍ മൂര്‍ക്കനാട്ടുകാര്‍ ഞങ്ങള്‍ മനസ്സിലാക്കിയ സ്ഥലം , പുല്ലുപോലല്ലെ അങ്ങേരു നൂലു പിരിച്ചു പിരിച്ചു വിടുന്നത്.) അങ്ങിനെ ആന്റുമാഷുടെ വെറുമൊരു ക്രാഫ്റ്റ് റൂമിനെ ഞങ്ങള്‍, മനുഷ്യന്‍റെ ചേതനകളും, ചോദനകളും, വികാരങ്ങളും, വിചാരങ്ങളും വഴിഞ്ഞൊഴുകിയ ഒരു നാട്യമണ്ടപമാക്കി മാറ്റി....

ഈത്തിരി ഓവറായൊ... സോറി.. സത്യത്തില്‍ അങ്ങനെ ഒന്നും ഉണ്ടായില്ല. ഒരു കണക്കിനു ഡയലോഗ് പഠിക്കാന്‍ പെട്ട പാട് ഞങ്ങള്‍ക്കേ അറിയൂ. കുറച്ചു പേരു പഠിച്ചു, കുറേ പേരു പടിച്ചില്ല. അങ്ങനെ ധര്‍മസങ്കടത്തിലിരിക്കുമ്പോള്‍ ആണു, ഞങ്ങള്‍ പ്രൊംപ്റ്റിങ് എന്ന കല അബദ്ധത്തില്‍ കണ്ടു പിടിച്ചതു. വേറെ വഴിയില്ലായിരുന്നു എന്നതു വേറെ കാര്യം. മാഷു കാണാതെ ഡയലോഗ് പിന്നില്‍ നിന്നു പറഞ്ഞുകൊടുക്കുന്ന പരിപാടി നാടകലോകത്ത് വളരെ ജനപ്രീതിയുള്ള ഒരു കലാ പരിപാടിയാണെന്നു ഞാനറിയുന്നതു പിന്നെയും കുറേ കഴിഞ്ഞാണു .

പറ നെയ്യുന്ന അയ്യപ്പന്‍റെ മകന്‍ തങ്കപ്പന്‍ വളരെ നല്ലൊരു നടനായിരുന്നു, പക്ഷെ ചില കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ തങ്കപ്പനു എന്നും ബാലികേറാ മലയായിരുന്നു. ഒരിക്കല്‍ "മസ്തിഷ്കം" എന്നുച്ചരിപ്പിക്കാന്‍ നടത്തിയ  ഒരാഴ്ചത്തെ ശ്രമത്തിനൊടുവില്‍, നമ്മള്‍ 'മസ്തിഷ്കം' ഉപേക്ഷിക്കാനും (അന്നേ!!) തങ്കപ്പനെ നിലനിര്‍ത്താനും തീരുമാനിച്ചു, കാരണം തങ്കപ്പന്‍ എന്ന നല്ല നടന്‍ തന്നെ.

അങ്ങനെ തട്ടിയും മുട്ടിയും ഞങ്ങള്‍ നാടകം പഠിച്ചു കൊണ്ടിരുന്നു.. ഞങ്ങള്‍ക്കു സാമാന്യം സന്തോഷവുമായിരുന്നു...കാരണം , തൊട്ടടുത്ത തോമാസേട്ടന്‍റെ കടേന്നു അത്യാവശ്യത്തിന് ചായ , വട, ബോണ്ട, സുഗിയന്‍ ഇത്യാധി വിഭവങ്ങള്‍ വലിയ തെറ്റില്ലാത്ത രീതിയില്‍ ഞങ്ങളെ തേടി വന്നു കൊണ്ടിരുന്നു...

പക്ഷെ ഒടുവില്‍ ഞങ്ങള്‍ക്കാര്‍ക്കും വല്യ ആഗ്രഹമില്ലാഞ്ഞിട്ടു കൂടി ആ ദിവസം വന്നു, ആനിവേഴ്സറി.

പതിവുപോലെ മെത്രാനച്ചന്‍‍, പള്ളീലച്ചന്‍, PTA പ്രസിഡന്റ്  തുടങ്ങിയ പുണ്യാത്മക്കലെല്ലാം പ്രസംഗ മല്‍സരം തുടങ്ങി. അതു കഴിയാന്‍ സമയമെടുക്കുമെന്നറിയാവുന്ന നാട്ടുകാര്‍ പലരും സ്കൂളിലേക്കു എത്തിച്ചു നോക്കി, ങാ.." അച്ചന്റെ പ്രസംഗം തൊടങ്ങീട്ടൊള്ളോ !!..അപ്പൊ പരിവാട്യൊള്‍ തൊടങ്ങാന്‍ ഇനീം നേരണ്ടറവനേ.." എന്നും പറഞ്ഞു തിരിഞ്ഞു നടന്നു.

എട്ടര മണിയൊടെ ഡ്രില്‍ മാഷ് മൈക്ക് മൊത്തമായി ഏറ്റെടുത്തു കലാപരിപാടികള്‍ക്കു രംഗം ഒരുക്കാന്‍ തുടങ്ങി. "ഒരു പിഞ്ജു പൈതലിന്‍റെ ഡബിള്‍ ഡാന്‍സില്‍ തുടങ്ങി വ്യത്യസ്തമായ പരിപാടികളുമായി ആഘൊഷം മുന്നൊട്ട്.

മെയ്‌കപ്പ് റൂമില്‍ ഞങ്ങള്‍ വേഷമിട്ടിരിക്കാന്‍ തുടങ്ങി നേരം കുറച്ചായി. വേറൊന്നുമല്ല, ഡാന്‍സിനുള്ള പെണ്‍കുട്ടികള്‍ മെയ്‌കപ്പ് തുടങ്ങിയാല്‍ മെയ്‌കപ്പ് മാനു സമയമുണ്ടാവില്ല. അതു കൊണ്ടു ഇതാദ്യം തീര്‍ക്കണം അത്രെ...!! അല്ലെങ്കില്‍ തന്നെ കുറെ കുരുത്തംകെട്ട ആണ്‍പിള്ളേരെ മെയ്‌കപ്പ് ചെയ്യാന്‍ അയാള്‍ക്കെന്തു താല്പര്യം. അഥവാ വേറെ വഴിയില്ലെങ്കില്‍ അതാദ്യം തന്നെ തീര്‍ത്ത് ബാക്കി സമയം ടീച്ചര്‍‍മാരുമായി സല്ലപിച്ചും സുന്ദരികുട്ടികളെ മെയ്‌കപ്പില്‍ കുളിപ്പിച്ചും തീര്‍ക്കാം എന്നയാള്‍ തീരുമാനിച്ചതിന്‍റെ തിക്തഫലം ഞങ്ങള്‍ക്കു അനുഭവിക്കേണ്ടി വന്നു എന്നു മാത്രം.

അവസാനത്തെ ഡാന്‍സ് അനൌണ്‍സ് ചെയ്യുന്നതിനും ഒരുപാടു മുന്‍പേ എന്‍റെ (നാടകത്തിലെ) പേരകിടാവ് നല്ല ഉറക്കമായിരുന്നു. ഒടുവില്‍ നാടകം അനൌണ്‍സ് ചെയ്തു. സമയം വെറും 3 മണി. സ്റ്റേജിന്റെ പുറകില്‍ ഗ്രീന്‍ റൂമിനു ചുറ്റുവട്ടത്തായി ഞങ്ങള്‍ അഭിനേതാക്കള്‍ മാത്രമെ എനിക്കു കാണാന്‍ ഉണ്ടായിരുന്നുള്ളു. അതും ഉറക്കത്തിന്‍റെ പല അവസ്ഥകളില്‍.

എല്ലാവരെയും ഒരു കണക്കിനു വിളിച്ചെഴുന്നേല്പിച്ചു "രംഗ പടം" (ആര്‍ടിസ്റ്റ് സുജാതനൊന്നുമല്ല അതും നമ്മുടെ സ്വന്തം മാഷു തന്നെ. ) എല്ലാം ഫിറ്റ് ചെയ്തു സ്റ്റേജില്‍ കയറുമ്പൊള്‍ പിന്നെയും സമയം പൊയിരുന്നു.

അങ്ങനെ ഞങ്ങള്‍ കണ്ണില്‍ എണ്ണ പോയിട്ട് ഒരു തുള്ളി വെള്ളം പോലും ഒഴിച്ചു കാത്തിരിക്കാതിരുന്ന നാടകം ആരംഭിക്കാന്‍ കര്‍ട്ടന്‍ ഉയര്‍ന്നു.

ഒറ്റനിമിഷം ക്കൊണ്ടു എന്‍റെ അല്ല ഞങ്ങടെ ഉറക്കം മാത്രമല്ല ചങ്കും പൊട്ടി പോയി. ദൈവം സഹായിച്ചു മൂന്നേ മൂന്ന് ആള്‍ മാത്രമെ ആ പ്രദേശത്തുണ്ടായിരുന്നുള്ളൂ. അതില്‍ രണ്ടു പേര്‍ ദൂരെ മാറിയിരുന്നു നല്ല ഉറക്കമായിരുന്നു താനും.

ഞങ്ങള്‍ എല്ലാം മറന്നു അഭിനയിക്കാന്‍ തീരുമാനിച്ചു. ഒരു പത്തു പതിനഞ്ച് മിനിട്ട് കഴിഞ്ഞിട്ടുണ്ടാവണം....

ഹരിയാണോ ഗിരീഷാണോ എന്നൊര്‍മയില്ല, വളരെ സീരിയസ് ആയ ഒരു ഡയലൊഗ് പറയുന്ന പോലെ " മതിയടാ, ഒരു നാടകം. ഇനി ആകെ ബാക്കി മണിലാലിന്‍റെ അച്ചനാണ്, അങ്ങേരു ഇതു കഴിഞ്ഞ് ഇവനെ കൊണ്ടു പോവാന്‍ വെയിറ്റ് ചെയ്യാണ്.കര്‍ട്ടനിടടാ" എന്നു...

നോക്കിയപ്പോ, അങ്ങേരും നല്ല ഉറക്കം, കൂട്ടത്തില്‍ പാടത്തു കാലത്തു ചക്രം ചവിട്ടാന്‍ പോയവരാരൊ വെളിച്ചം കണ്ടു തീപെട്ടി ചോദിച്ചു സ്റ്റേജിനടുത്തു വന്നു എന്നും അസൂയാലുക്കള്‍ പരഞ്ഞു പരത്തിയിട്ടുണ്ടു..... ഞാന്‍ കണ്ടില്ലാട്ടൊ.

ഇതിനിടക്കു മാഷ് ( സംവിധായകന്‍) എപ്പോള്‍ പോയീന്നു ഞങ്ങളാരും കണ്ടതുമില്ല.

എന്‍റെ ആദ്യത്തെ നാടക നായക വേഷം അങ്ങനെ അവസാനിച്ചു.


ബാക്കിപത്രം : അന്നാ നാടകം പൂര്‍ണമാകാതിരുന്നതിനാലാണോ എന്തോ ഗിരീഷിനന്നു മുതല്‍ ഇതു വരേക്കും താനിപ്പൊഴും സ്റ്റേജിലാണെന്നൊരു തോന്നലില്‍ voice modulationഉം, ബാസ്സും ഉള്ള സംസാരവും , താടിയും സഞ്ചിയും ഒക്കെയായ ജീവിതവുമാണു.

പ്രാര്‍ത്ഥിക്കാം ..... മാറാതിരികില്ല..




പേരുകളും കാര്യങ്ങളും പലതും ശരിയാണു പലതും തെറ്റുമാണു. ഒരോര്‍മപെടുത്തലിന്‍റെ സുഖം മാത്രമാണു ലക്‌ഷ്യം. മറ്റെല്ലാം മറക്കുമല്ലൊ.....

Sunday, March 23, 2008

ശുന്യസ്തലങ്ങള്‍

മരണം രംഗബോധമില്ലാത്ത കോമാളിയാണോ എന്നൊന്നും എനിക്കറിയില്ല. പക്ഷെ ചില നേരങ്ങളില്‍ അതു സ്റുഷ്ടിക്കുന്ന ഒരുതരം വിഹ്വലപെടുത്തുന്ന ശൂന്യതയാണ്` ഏറ്റവും ഭീകരം .
ആരും എന്നും ഉണ്ടാവും എന്നോ അതൊരാവശ്യമാണെന്നോ പോലും ആരെങ്കിലും പറഞ്ഞിട്ടല്ല. പക്ഷെ പെട്ടെന്ന് ചിലയിടങ്ങളില്‍ ചിലര്‍ പെട്ടെന്നൊരു ദിവസം ഉണ്ടാവില്ല എന്നതു തന്നേ നനഞ്ഞ് തണുത്ത ഒരു ഭയം എന്നിലേക്കു അരിച്ചിറങ്ങുന്ന തോന്നലുണ്ടാക്കുന്നു. ഒരു പക്ഷെ ഇതാണൊ പ്രേത ഭയം , ഏയ് അല്ല.
ദേവി വല്ല്യമ്മ, ഞാന്‍ കണ്ടതില്‍ വച്ചേറ്റവും സുന്ദരിമാരായ സ്ത്രീകളില്‍ ഒരാള്‍. രാജി പെട്ടെന്നു വിളിച്ച് ദേവി വല്ല്യമ്മ ഇനി "ഇല്ല " എന്നു പറഞ്ഞപ്പൊള്‍ , എന്തോ പറയാന്‍ വന്ന ഞാന്‍ വെടി തീര്‍ന്ന ടയറു പോലേ പെട്ടെന്ന് നിന്നുപൊയി. യഥാര്‍ത്ഥത്തില്‍ അദ്ഭുതത്തിനു വകയുണ്ടോ? ഇല്ല..അവര്‍ക്കു എഴുപതിന്‍ മേല്‍ പ്രായം ഉണ്ട്. ആവശ്യത്തിനു അസുഖങ്ങള്‍ ഉണ്ട്...എല്ലാം ഉണ്ട്... പക്ഷെ...ഒരു വല്ലാത്ത പക്ഷെ എന്നെ വന്നു മൂടുന്നുണ്ടു താനും ....
എന്റെ കൂട്ടുകാരന്റെ 30 വയസുള്ള ഭാര്യ മരിച്ചു എന്നു കേട്ടതിനേക്കള്‍ ഞാന്‍ നടുങ്ങിയതു 70 വയസ്സുള്ള ദേവി വല്ല്യമ്മ ഇനി ഇല്ല എന്നു കേട്ടപ്പൊള്‍ ആണെന്നു പറഞ്ഞാല്‍ അതിലൊരു യുക്തിയുടെ പ്രശ്നം ഉണ്ടാവാം .. പക്ഷെ സത്യമാണ്. അതുകൊണ്ടാവും ഓരോരുത്തരും അവരുടെ വേര്‍പാടില്‍ നമുക്കു സമ്മാനിക്കുന്ന ശുന്യതയുടെ വലുപ്പത്തിലാവും മരണത്തിന്റെ ഭീകരതയും എന്നെനിക്കു തൊന്നുന്നത്.
മരിച്ചവര്‍ തമ്മില്‍ കണ്ടു മുട്ടുമൊ എന്നെനിക്കറിയില്ല, അങ്ങനെയുണ്ടെങ്കില്‍ വല്ല്യമ്മയും വല്ല്യചനും കണ്ടു മുട്ടി സന്തോഷമായിരിക്കട്ടെ.
വല്ല്യമ്മയുടെ ആത്മാവിനു ശാന്തിയും ലഭിക്കട്ടെ

Tuesday, March 18, 2008

പ്രണയം - വരികള്‍ എന്റെ അല്ല ചിത്രവും പക്ഷെ കാണാനിഷ്ടമായി....



ഈ വരികളും ചിത്രവും എന്റെ അല്ല. പക്ഷെ കാണാന്‍ ഒരുപാടു സുഖമുള്ളവ

Monday, March 10, 2008

ഇന്നത്തെ കഥ

ആദ്യമായി ബ്ലോഗില്‍ എഴുതാന്‍ എന്തെങ്കിലും വേണല്ലോ.. പക്ഷെ തത്കാലം ഒന്നുല്ല്യ. ചായ കടേല്‍ ആകെ കേട്ട കാര്യം വൈദ്യശാല കട പൂട്ടി അജയേട്ടന്‍ physisotherapist ആയി ദുബായില്‍ ലാന്റ്‌ ചെയ്തു‌ന്നാണ്. അത് നന്നായി അല്ലെങ്കിലും അതോണ്ട് മൂപര്‍ക്ക് വല്ല്യ ഉപകാരം ഒന്നൂല്ല്യാലൊ...
മാത്രല്ല ഉഴിച്ചില്‍ അസാരം സുഖമുള്ള പരിപാടി തന്നെ ആണ് എന്നാണെനിക്കും തോന്നുന്നേ..

നാട്ടില്‍ ആരുടെയേങ്കിലും നല്ല വല്ല കഥയും കിട്ടിയാല്‍ അതും കുറിച്ചിടാം..
അത് വരെ "നന്ദി വീണ്ടും വരിക" പോറത്തിശ്ശേരി പഞ്ചായത്ത്‌.


ഇതില്‍ എഴുതാന്‍ അങ്ങനെ പ്രത്യേകിച്ചൊന്നുമില്ല. എന്നാലും എന്നെകിലും എന്തെങ്കിലും തോന്നിയാല്‍ എഴുതാല്ലൊ.. അല്ലെങ്കില്‍ നിങ്ങളാരെങ്കിലും എഴുതിയാല്‍ കാണാല്ലൊ...അത്രന്നേ.
അഥവാ ഞാന്‍ എഴുതിയാലും കാലത്തു കാപ്പി കുടിച്ചു പിന്നെ ഓഫീസില്‍ പൊയി ഉച്ചക്കു ഊണു കഴിചു പിന്നെ വൈകീട്ടു തിരിച്ചു വന്നു എന്നൊക്കെ അല്ലാതെ വേറെ എന്തെഴുതാന്‍ ..