Thursday, December 27, 2018

അപ്പര്‍ ഓര്‍ചാഡ്‌സിലെ സിമന്റ് ബെഞ്ച്‌...


തോടങ്ങുമ്പോ വല്ല്യ പാലത്തിന്‍റെ അവിടത്തെ ബസ് സ്റൊപ്പീന്നു തുടങ്ങണം.. അതും ശനിയാഴ്ച കാലത്ത്.. പീസീ തോമസിന്‍റെ അപ്പനാണ് പിഐ പോള് എന്നൊക്കെ പറഞ്ഞാ ഇത്തിരി ഓവറാവും എന്നാലും ഒരു ലൈക്‌ മൈന്റട് കുരിശു തന്നെ ആയിരുന്നു ഈ “പീസീ-അളിയനും” എന്ന കാര്യത്തില്‍ വല്ല്യ കണ്ഫ്യൂഷന്‍ ഒന്നും ഉണ്ടായിരുന്നില്ല. 
 
ഞാന്‍ ഡോക്ടര്‍ ആയിരിക്കണമെന്ന കാര്യത്തില്‍ മമ്മിക്ക് യാതൊരു സംശയവുമില്ലാതിരുന്നതിനാല്‍, *പീസീടെ അവിടെ സീറ്റില്ല എന്ന് ഞാന്‍ പറഞ്ഞിട്ടും, ഉപ്പോളം വരില്ല ഉപ്പിലിട്ടത് എന്നാലും സാരല്ല്യ, “പീസീ ഇല്ല്യെങ്കി പീസീടെ അളിയന്‍” എന്ന കണ്ടീഷനില്‍, എന്നെ “എന്ട്രാന്‍സ് കോച്ചിംഗ്” എന്ന എന്‍റെ തലമുറയുടെ മഹാപ്രസ്ഥാനത്തിന്‍റെ ഭാഗമാവാന്‍ വിടുകയായിരുന്നു.
 
എല്ലാ ശനിയാഴ്ചയും ഒരു വ്രതം പോലെ, ഞാന്‍ എന്തെങ്കിലും ഒരു ഒഴിവു കഴിവിന് വേണ്ടി കാത്തിരിക്കുകയും, പക്ഷെ മിക്കവാറും ഒന്നും നടക്കാത്തതിനാല്‍ കോച്ചിങ്ങിനു പോകേണ്ടിവരികയും ചെയ്തു കൊണ്ടിരുന്നു. 
 
ശനിയാഴ്ച്ചകളുടെ പ്രശ്നം എന്താന്ന് വച്ചാ, വഴിയില്‍ പോലും കൂട്ടിനാരെയും കിട്ടില്ല. ഞാന്‍ പോണ നേരത്ത്, ഒരാഴ്ച കോളേജില്‍ പഠിച്ചു മരിച്ചതിന്‍റെ ക്ഷീണം തീര്‍ക്കാന്‍ മതിച്ചോറങ്ങാവും, എല്ലാ അവന്മാരും വീട്ടിക്കെടന്നു, അപ്പോ വിളിച്ചാ ഇടി പാര്‍സല്‍ വരും, വെറുതെ എന്തിനാ..
കാലത്തെറങ്ങി വലിയ പാലത്തിന്‍റെ അവിടെ നിന്ന് എങ്ങോട്ട് നീങ്ങണം എന്ന് കൂലംകഷമായി ചിന്തിക്കാന്‍ നേരം, ഇപ്പോഴും ഡിലെമ്മ രണ്ടായിരുന്നു.
 
1. തെക്കോട്ട്‌ കേറണോ ie.. ഇരിഞ്ഞാലക്കുട. 
 
(മെയിന്‍ അട്ട്രാക്ഷന്‍സ്: കോച്ചിംഗ്/ ചിലപ്പോ ചാക്കോ ( സിംഗിള്‍ സ്ക്രീന്‍ സില്‍ക്ക് ഫ്ലെവേര്‍ഡ്‌ മള്‍ട്ടിപ്ലെക്സ്)/ ട്രബിള്‍ ഫ്രീ സണ്‍‌ഡേ.etc.)
പൊട്ടന്‍ഷ്യല്‍ ഇഷ്യുസ് : ചാക്കൊയില്‍ യുവ/കുല ദ്രോഹികള്‍ പ്രത്യക്ഷപ്പെട്ടാല്‍, കുടുംബ കലഹത്തിനു ഹേതുവാകാം..!)
 
2. വടക്കോട്ട്‌ കേറണോ ie.. തൃശൂര്‍
 
( മെയിന്‍ അട്ട്രാക്ഷന്‍സ് : മോര്‍ണിംഗ് ഷോ/ ഗിരിജ തൊട്ടു രാഗം വരെ/ ജോസ് തൊട്ടു രാമദാസ്‌ വരെ ഒപ്ഷനോടോപ്ഷന്‍ / നോ കോച്ചിംഗ് / റൗണ്ടില്‍ തെണ്ടാം/ ചീട്ടു കളി കാണാം/ പക്ഷി നിരീക്ഷണം/ മൂര്‍ക്കനാട്ടേ ദ്രോഹികളുടെ കാഴ്ചയുടെ പ്രോബബിലിറ്റി വിരളം.. അങ്ങിനെയങ്ങിനെ..
 
നമ്മളൊക്കെ തികച്ചും യുക്തിഭദ്രമായി ചിന്തിക്കുന്നത് കൊണ്ട് പോക്ക് മിക്കവാറും തൃശ്ശൂര്‍ക്ക് ആവുന്നത് എന്‍റെ കുറ്റമല്ല, എന്നാണ് പറഞ്ഞു വന്നത്.
 
എന്ന് കരുതി എന്നും അത് തന്നെ ചെയ്യാന്‍ മാത്രം ഒന്നും നിഷേധിയായിരുന്നു ഞാന്‍ തെറ്റിദ്ധരിക്കരുത്. ഇടക്കൊക്കെ വീട്ടിലേക്ക് “മകനെ കണ്ടാല്‍ ഇവിടെ ഒന്നറിയിക്കണേ” എന്ന മട്ടില്‍ പോസ്റ്റ്‌ കാര്‍ഡ്‌ വരുന്നതിന്‍റെ പിറ്റേ ആഴ്ച, എന്തൊക്കെ വന്നാലും ഞാന്‍ പോയിരിക്കും, അന്ന് ബസ്സ്‌ കാശ് മമ്മി കൊടുക്കും!! ചിലപ്പോഴൊക്കെ പുതിയ പടത്തിനു ഒടുക്കത്തെ തെരക്കാണെന്നു ഒറപ്പുള്ള ശനിയാഴ്ചകളിലും, ഞാന്‍ മുടങ്ങാറില്ല.. 
 
അങ്ങിനെ ആകെ മൊത്തം ഡിലെമ്മയായ ഉള്ള ഒരു ദിവസം നോക്കുമ്പോ, കിഷോര്‍ നേരെ മഠം സ്കൂളിന്‍റെ ദിശയില്‍ വച്ചു പിടിക്കുന്നു (മഠം = കരുവന്നൂരുള്ള ചുള്ളന്മാരുടെ വാഗ്ദത്ത ഭുമി, .. വിളഞ്ഞതും വെളയാറായതും ഒക്കെ കൂടി കൂട്ടി ഇട്ടിരിക്കുന്ന ഒരു ഗോതമ്പ് പാടം.. പേര് വിശുദ്ധ പിതാവിന്‍റെ ആണെങ്കിലും, മൂപ്പരോഴികെ പുരുഷവര്‍ഗം അമ്പേ വിരളമായ ഒരു വിശുദ്ധ ഭുമി. കരുവന്നൂരുള്ള ആണ്‍പിള്ളേരുടെ കനാന്‍ ദേശം.). 
 
അവന്‍റെ ആവേശം കണ്ടപ്പോഴേ ചെറിയ ചെറിയ ലഡൂസ് എന്‍റെ മനസ്സില്‍, ഞങ്ങള്‍ എപ്പോ വേണെങ്കിലും പോട്ടാട്ടോ എന്ന് പറഞ്ഞു നില്‍പ്പുണ്ടായിരുന്നു, 
 
“എങ്ങടാ ഘടീ വച്ചു പിടിക്ക്ണ്ടല്ലോ”.
 
“മഠത്തില്‍ കേരളോത്സവം നടക്ക്ണ്ട്, ഞാന്‍ ലളിത ഗാനത്തിന് പങ്കെടുക്കാന്‍ പോണൂ”. 
 
അവനോക്കെ എന്തും ആവാല്ലോ, സുന്ദരന്‍, സ്കൂള്‍ ഫസ്റ്റ്, പാട്ട് പാടും, ടീച്ചര്‍മാരുടെ കണ്ണിലുണ്ണി, നല്ല പയ്യന്‍ ടൈറ്റില്‍ ഉള്ളവന്‍.. 
 
നീ വരുന്നുണ്ടോ, കിഷോര്‍ ചോദിച്ചു... (അവനല്ലെങ്കിലും പണ്ടേ അമ്പലനടെല്‍ കുറെ ഫ്രണ്ട്സ് ഒള്ളോണ്ട് ഇത്തിരി വള്ളുവനാടന്‍ ഭാഷ പണ്ടേള്ളതാ.!)
 
“വന്നിട്ടെന്തിനാ, നീയൊക്കെ പാട്ട് പാടുമ്പോള്‍ നല്ല സുന്ദരിപെങ്കുട്ടികള്‍ ആരാധനയോടെ നോക്കി കയ്യടിക്കുമ്പോ, ചങ്ക് തകര്‍ന്ന്, അടുത്ത യൂത്ത് ഫെസ്റ്റിവലിനെങ്കിലും നിനക്ക് പനീം തൊണ്ടവേദനേം വരെണെന്നു മുട്ടിപ്പായി പ്രാര്‍ഥിക്കാനാ?” ന്ന് ചോദിക്കണം ന്നുണ്ടാര്‍ന്നു.. പിന്നെ വേണ്ടാന് വച്ചു, മാത്രല്ല നമ്മക്കിപ്പോ തല്‍ക്കാലം ഒരു പരിപാടി വേണം ഒരു മണി വരെ. 
 
“ഞാനൂണ്ട്’ എന്ന് പറയലും സൈക്കിളില്‍ ചാടി കേറലും ഒന്നിച്ചായിരുന്നു. 
 
അവിടെ ചെന്നപ്പോ, നമ്മടെ സ്വന്തം KACയെ (കേരള അത്ലറ്റിക് ക്ലബ്‌ മൂര്‍ക്കനാട്, വല്ല്യ സംഭാവാട്ടാ!!) പ്രതിനിധീകരിച്ചു ഒഫീഷ്യല്‍സ് ഉള്‍പ്പെടെ മൂന്നാലാളെ ഉള്ളൂ എന്ന് മനസ്സിലായി. എന്നല്ല ഉപന്യാസ മത്സരത്തിനു ആരും ഇല്ല താനും. 
 
“നിനക്ക് കേറാന്‍ പറ്റോ”, എന്നാ ചോദ്യത്തിനെ “എത്ര മണിക്ക് തീരും” എന്ന ഒരു മറുചോദ്യം കൊണ്ട് ഞാന്‍ നേരിട്ടു.. 
 
“ഒരു മണിക്ക് തീരും”.. 
 
കര്‍ത്താവേ.. രോഗി, വൈദ്യന്‍, പാല് എല്ലാം, ഒക്കെ.. ഒരു മണിക്കെറങ്ങിയാല്‍ ഒന്നരക്ക് വീട്ടില്‍, കിറുകൃത്യം.
 
“ഞാന്‍ കേറാം, ക്ലബിന് വേണ്ടിയല്ലേ, ക്ലാസ് പോവും സാരല്ല്യ. പക്ഷെ എങ്ങാനും വീട്ടീന്ന് ചോദിച്ചാല്‍ നിങ്ങള്‍ ഒന്ന് പറയേണ്ടി വരും..”
 
“അത് ഞങ്ങള്‍ പറഞ്ഞോളാം. അങ്ങോട്ട്‌ വൈകീട്ട് വരാം”. 
 
“അതൊന്നും വേണ്ട, വേണെങ്കില്‍ ഞാന്‍ പറയാം.” (വെറുതെ എന്തിനാ പറന്നു പോണതിനെ പിടിച്ചു.. ഏത്?)
 
കേറി ഇരുന്നു, ഒന്നും അറിഞ്ഞുടാത്തവന്‍റെ ദാര്‍ഷ്ട്ട്യത്തില്‍ തകര്‍ത്ത് വായീതോന്നിയതൊക്കെ എഴുതി, ഒരു മണിക്കെറങ്ങി, ഓടി, നേരെ പഠിച്ചു ക്ഷീണിച്ച അവസ്ഥയില്‍, വീട്ടില്‍ ലാന്‍ഡ്‌ ചെയ്തു. 
 
ഡോക്ടര്‍ ആവാനുള്ള ചെക്കന് മമ്മി സ്പെഷ്യല്‍ ഉണ്ടാക്കിയതൊക്കെ, ഓ, വേണ്ടിയിരുന്നില്ല, എന്നാ മട്ടില്‍ തള്ളിക്കേറ്റി, ഞാന്‍ കൃതാര്‍ഥനായി, ഒരു ശനി (ആഴ്ച്ച !) കൂടി കഴിഞ്ഞു.
 
പക്ഷെ, ആ യാത്ര അധികം നീണ്ടില്ല. പോള്‍ സാറിന് പീസിയോളം വരില്ലെങ്കിലും, ഉള്ള റെപ്പ്യുട്ടെഷന്‍ കൂടുതല്‍ ആവാതെ നോക്കാന്‍ അദ്ദേഹം, “ഇനി അനൂപ്‌ വേണെങ്കില്‍ വീട്ടില്‍ ഇരുന്നു പഠിച്ചാലും മെഡിക്കല്‍ എന്ട്രാന്‍സൊക്കെ ചീള് പോലെ കിട്ടും” എന്നാ അര്‍ത്ഥത്തില്‍ ഒരു പോസ്റ്റ്‌ കാര്‍ഡ്‌ അയക്കുകയും, അതിലെ ദുഷ്ടത മാത്രം മനസ്സിലാക്കിയ എന്‍റെ കുടുംബം, എന്‍റെ കോച്ചിംഗ് സ്വപ്നങ്ങളെ കശക്കി എറിയുകയും ചെയ്തു.
 
എന്‍റെ മോര്‍ണിംഗ് ഷോകള്‍ക്ക് അതൊരു അവസാനമാകും എന്ന് നിങ്ങള്‍ കരുതിയെങ്കില്‍ അതെന്‍റെ കുറ്റല്ല. “LLB കൊച്ചിങ്ങിനു ഫ്രെണ്ട്സോക്കെ പോവുന്നുണ്ട്, അതും എഴുതി നോക്കാല്ലോ, തൃശൂര്‍ BTC സൂപ്പര്‍ ആണത്രേ!” എന്ന് പറഞ്ഞു ഞാന്‍ ഇത്തവണ ബാണം തൃശൂര്‍ക്ക് തന്നെ തൊടുത്തു. 
 
ഡോക്ടറോ വക്കീലോ എന്തെങ്കിലുമൊക്കെ ആവടെയ് എന്ന് കരുതീട്ടോ, അതോ ഇവനിനി നേരെയവാനോന്നും പോണില്ല എന്ന് കരുതീട്ടോ, എന്‍റെ പ്രതീക്ഷകള്‍ക്ക് കടകവിരുദ്ധമായി എന്‍റെ അഭ്യര്‍ത്ഥന അനുവദിക്കപ്പെട്ടു! 
 
അങ്ങിനെ ഞാനും കണ്ണനും മിറാജും ഗംഗേഷും ഒക്കെ കൂടി കുറെ സിനിമകള്‍, കുറെ നല്ല ദിവസങ്ങള്‍, കിന്നാരത്തുമ്പികള്‍ കുറെയേറെ പറന്നിറങ്ങിയ ദിവസങ്ങള്‍. 
 
മറക്കരുത്, അവസാനത്തെ രാത്രിയും, ക്രൈംബ്രാഞ്ചും തൊട്ടു, ശങ്കരന്‍ കുട്ടിക്കൊരു പെണ്ണ് വേണം വരെ മലയാളത്തിലൊരു സംവിധായകനും കഴിയാത്ത വിധം KS ഗോപാലകൃഷ്ണന്‍ സര്‍ (അടൂരല്ല, അങ്ങേരെ ആര് സാറെന്ന് വിളിക്കും..) ഒരൊറ്റ വര്‍ഷത്തിനുള്ളില്‍, ഓര്‍മയിലെ കുളിരായി, 5 സിനിമകള്‍ ചെയ്ത കൊല്ലായിരുന്നു, അത്. (മരിക്കാത്ത ഓര്‍മ്മകള്‍... എന്താല്ലേ!)
 
ആ സുന്ദരകാലത്ത് നിന്ന് പന്തടിച്ചപോലെ ഞാന്‍ വന്നു വീണത് യുനിവേഴ്സിറ്റി കാമ്പസിന്‍റെ വല്ലാത്തൊരു തിരക്കിലേക്കായിരുന്നു..
“ഇവന്‍ രാജൂന്‍റെ കസിന്‍ ആണ് അതോണ്ട് ഇന്ന് തന്നെ എടുത്തോണം” എന്ന കമെന്‍റ് ചേര്‍ത്ത് എന്നെ സ്വീകരിച്ച “ജിണ്ട&കോ”-യുടെ ആദ്യത്തെ ദിവസത്തെ സ്വീകരണം എനിക്കിപ്പോഴും ഓര്‍മയുണ്ട്, മൂപ്പരുടെ യഥാര്‍ത്ഥ പെരോര്‍മയില്ലെങ്കിലും.. 
 
‘ഷര്‍ട്ട്‌ ഉള്ളിലിടാന്‍ നീ എന്താ പെണ്ണ് കാണാന്‍ വന്നതാണോ’ എന്ന് ചോദിച്ചു തുടങ്ങിയത് പിന്നെ “മണ്ണെണ്ണ വേണ്ട പമ്പ് വേണ്ട” എന്ന് പറഞ്ഞ പോലെ അത് വേണ്ട, ഇത് വേണ്ട എന്ന് പറഞ്ഞ്, “അപ്പൊ ഇനി എന്ത് വേണം ചേട്ടാ” എന്ന് ചോദിച്ചപ്പോ “ഒരുപാട് ചോദ്യോം വേണ്ട” എന്ന് പറഞ്ഞ് അവരായിട്ടു തന്നെ അവസാനിപ്പിച്ച് തന്നു. അല്ലെങ്കില്‍ കാണായിരുന്നു.. 
 
മണ്ണുത്തീന്നു സെക്കന്റ്‌ ഷോ കഴിഞ്ഞു ചിറക്കാകോട് വഴി ഒരു വിടല്‍ വിട്ടാല്‍ 20- 25 മിനിറ്റില്‍, ഹോസ്റ്റല്‍ പിടിക്കാം. രണ്ടു സൈഡിലും നിറയെ മരങ്ങളും, കട്ട ഇരുട്ടും, കൂട്ടത്തില്‍ ഹോസ്റ്റലില്‍ നിന്നും കേട്ട ബെസ്റ്റ് പ്രേതകഥകളും കൂട്ടുള്ളത് കൊണ്ടും, ആ വരവിനു എപ്പോഴും നല്ല സ്പീഡ് ആയിരുന്നു താനും. 
 
ഫോറസ്ട്രീലെ നാരായണന്‍ മൂത്രോഴിക്കാന്‍ നിന്നപ്പോ തൊട്ടടുത്ത് വന്നു നിന്ന ചേട്ടന്‍ ബീഡി കത്തിക്കാന്‍ തീപ്പെട്ടി ചോദിക്കുന്നു. കത്തിച്ചപ്പോള്‍ താഴെ വീണ കൊള്ളി, ഞാനെടുത്തു തരാം എന്ന് പറഞ്ഞു കുനിഞ്ഞ നാരായണന്‍, കണ്ടത് തീപ്പെട്ടി ചോദിച്ച ആളിന്‍റെ പോത്തിന്‍റെ പോലെയുള്ള കാല്. 
 
എടുത്തു പിടിക്കാതെ തന്നെ, മുള്ളിപോയ സീനില്‍ നിന്ന് രക്ഷപെടാന്‍ ഉള്ള മരണപ്പാച്ചിലില്‍ വേറൊരാള്‍ തടഞ്ഞു നിര്‍ത്തി, എന്ത് പറ്റി എന്തിനാ ഓടുന്നേ എന്ന് ചോദിക്കുന്നു.. 
 
കഥ പറഞ്ഞു തീര്‍ന്നപ്പോള്‍ “ഇങ്ങനെയായിരുന്നോ കാല്‍” എന്ന് ചോദിച്ച് പഴയതിനേക്കാള്‍ വണ്ണമുള്ള ഒരു പോത്തുംകാല്‍ കാണിക്കുന്നു.. പോരെ പൂരം.. പിന്നെ, പതിവുപോലെ ബോധം വന്നപ്പോള്‍ തലയ്ക്കു മീതെ ഉഷ കെടന്നു കറങ്ങുന്നതും ഒക്കെ ആ ഹോസ്റ്റലിന്‍റെ മൈത്തോളോജിയുടെ ഭാഗമായിരുന്നു.. 
 
ഒരു സ്ഥിരക്കാരന്‍ അല്ലെങ്കിലും എനിക്കും ഒരു മുറി ഉണ്ടായിരുന്നു അവിടെ. ജനല് തുറന്നാല്‍ ഒരു പാടു കരിക്ക് തൊണ്ടുകള്‍ കൊണ്ടുള്ള ഒരു കുന്ന് പുറകില്‍ ഒളിപ്പിച്ച ഒരു മുറി.
 
കുറെയേറെ ഓര്‍മ്മകള്‍ ആ എട്ടു മാസം എനിക്ക് തന്നു. ജീവിതത്തില്‍ ഞാന്‍ ഏറ്റവും നന്നായി ഫുട്ബോള്‍ കളിച്ചത് യുണിവേഴ്സിറ്റിയില്‍ ചേര്‍ന്നതിന്‍റെ മൂന്നാമത്തെയോ നാലാമത്തെയോ ദിവസം ആണ്. ഇന്റര്‍ കൊളെജിയറ്റ് ഫുട്ബോള്‍ നടക്കുന്നു. അടുത്ത കളി വെറ്റിനറിക്കെതിരെ, അതില്‍ മിനിമം നാല് സുഡാനികളും. ആരോ പറഞ്ഞു ഞാന്‍ തട്ടിമുട്ടി കളിക്കും എന്ന റോങ്ങ്‌ ഇന്‍ഫര്‍മേഷന്‍ കിട്ടിയ സീനിയേര്‍സ് എന്നെ നേരെ പൊക്കിയെടുത്തു, ഗ്രൂണ്ടിലെത്തിച്ചിട്ടു പറഞ്ഞു, ഇന്ന് നീ ഡീസന്റ് ആയി കളിച്ചാല്‍, നിനക്ക് റാഗിങ്ങ് കുറച്ചു ഡീസന്റ് ആക്കി തരാം, അല്ലെങ്കില്‍ നിന്‍റെ കാര്യം പോക്കാ.. 
 
പിന്നെ ഞാന്‍ എന്നെ മറന്നു, എന്‍റെ സ്വപ്നം മറന്നു, ജീവന്‍ മറന്നു. ലക്‌ഷ്യം മാര്‍ഗത്തെ സാധൂകരിക്കും എന്നാ ഗീതാവാക്യത്തെ മാത്രം ഓര്‍ത്തു. ആ ഭീകരന്‍ സുഡാനിയെ നാലോ അഞ്ചോ തവണ നേരിട്ടു ടാക്കിള്‍ ചെയ്തു. ഒരൊറ്റ ലക്‌ഷ്യം, ഹോസ്റ്റലില്‍ മനസ്സമാധാനം. 
 
കളി കഴിഞ്ഞപ്പോ ഷിന്‍ ഗാര്‍ഡ് നാലു കഷണം.. അതിനു മുന്‍പും, പിന്‍പും ഞാന്‍, അത്രയൊന്നും നിശ്ചയമില്ലാത്ത ആ കളി ഇത്ര നന്നായി കളിച്ചിട്ടില്ല, ഇനിയൊട്ടു പ്ലാനുമില്ല, പക്ഷെ കാര്യം നടന്നു.
 
അന്നും ഇന്നും എന്നും ചങ്കൂറ്റമുള്ള പെണ്ണ് എന്നാരു പറയുമ്പോഴും എന്‍റെ ഓര്‍മയില്‍ എല്ലാരേയും തള്ളി മാറ്റി വരുന്ന ഒരു രൂപേള്ളൂ, “നമ്പൂരി”. വിദ്യ എന്ന പേര്, എന്നത് ശാന്തിയുടെയും സമാധാനത്തിന്‍റെയും യാതൊരു സൂചനയും ആയിരുന്നുമില്ല... 
 
മാടക്കത്ര സബ്-സ്റെഷനീന്ന് വരുന്ന 11KV ലൈനിനു തല വക്കാവും മൂപ്പരോട് മുട്ടുന്നതിനെക്കാളും നല്ലതെന്നൊരു ജനസംസാരം യുനിവേഴ്സിറ്റിയില്‍ ഉണ്ടായിരുന്നത് വെറുതെ ഒന്ന്വല്ലേനും... എന്നാ പിന്നെ അങ്ങോട്ട്‌ ചാരി നിക്കാവും തനിക്കും, തടിക്കും, നല്ലതെന്ന്, ഒരു തൃശ്ശൂക്കാരന്‍ എന്ന നിലക്ക് ഞാനും കരുതി. 
 
ഫ്രേഷെര്‍സ് ഡേക്ക് അവള്‍ കുറത്തിയുടെ മക്കളില്‍ പിടിച്ചപ്പോള്‍ ഞാന്‍ കാളിയമര്‍ദ്ദനം വച്ച് കീറി.എന്‍റെ മേലെ സീനിയേര്‍സ് കാളിയ മര്‍ദനം തുടങ്ങുന്നതിനു മുന്‍പേ തന്നെ ഞാനും കവിതയുടെ ഗതി തിരിച്ച് വിടാന്‍ തീരുമാനിച്ചു. പകുതി വിവരല്ല്യായ്മ ബാക്കി പകുതിയും അത് തന്നെ എന്ന സ്ഥിതീല്‍ ചെയ്തതാണേ.. 
 
പക്ഷെ നിയോഗങ്ങള്‍ ബാക്കിയായത് കൊണ്ടോ എന്തോ നടന്നതൊക്കെ വേറെ ആയിരുന്നു.
 
പക്ഷെ അതിനിടയില്‍ ആ കൂട്ടത്തില്‍ എവിടെയോ ഒതുങ്ങി നിന്ന ഒരു കണ്ണടയില്‍ കൊളുത്തി എന്‍റെ കാഴ്ച മുറിഞ്ഞു, പിന്നെ അകം മുറിഞ്ഞു. അതുണക്കാനോ, ആഴം കൂട്ടാനോ എന്തെങ്കിലുമൊക്കെ ചെയ്യാന്‍ തുടങ്ങുമ്പോഴേക്കും ഞാന്‍ തിരുവനന്തപുരത്തിനു പോയി, ആരോ പറഞ്ഞപോലെ വെപ്പും വെളമ്പും പഠിക്കാന്‍.. 
 
തലസ്ഥാനത്ത് അന്ന്16 AC തിയേറ്റര്‍. ഒന്നില്‍ നിന്നും മറ്റൊന്നിലേക്കുള്ള സൈക്കിള്‍ തീരുമ്പോള്‍, ആദ്യത്തേടത്ത് പടവും മാറിയിട്ടുണ്ടാവും. എല്ലാര്‍ക്കും വീക്കെന്റില്‍ ഉറക്കം. എന്നാല്‍ എനിക്ക് ശനിയും ഞായറും ഉറക്കമില്ലാതായി.. ഏയ്‌.. അതൊന്ന്വല്ല,ട്ടോ..!! കണ്ണൂര്‍ എക്സ്പ്രസ്സില്‍ റിസര്‍വേഷന്‍ ഇല്ലാണ്ടോറങ്ങാന്‍ ഭയങ്കര പാടാണ്.. മാത്രല്ലാ, ശനിയാഴ്ച മാത്രായിട്ട് ഒറങ്ങീട്ടെന്തിനാ.. 
 
പൂച്ചിന്നിപാദം , ആനക്കല്ല്, ഒല്ലൂര്‍ , മരത്താക്കര, കുട്ടനല്ലൂര്‍, നടത്തറ, മണ്ണുത്തി വഴി വെള്ളാനിക്കര.. ബസ് റൂട്ട് ഒന്നുമല്ല.. നാല് കൊല്ലം എന്‍റെ KB100 ഏറിയ പങ്കും ഓടിയ വഴിയാണ്... 
 
കണ്ണ് കൊണ്ടും അല്ലാതെയും കഥയും മിമിക്രിയും കഥാപ്രസംഗവും വരെ പറയുമായിരുന്നു അയാള്‍. ക്ലെയിം ഒന്നും ഇല്ല താനും. രണ്ടു പേര്‍ക്കിടയിലെ നിശബ്ദത സമ്പൂര്‍ണമായും സ്വാഭാവികവും ആസ്വാദ്യകരവും ആകുന്നതാണ് പൂര്‍ണത എന്ന് എന്നെ പഠിപ്പിച്ചോരാള്‍... മണിക്കൂറുകളോളം അപ്പര്‍ ഓര്‍ചാട്സിലെ ആ മരത്തിന്‍റെ കീഴിലെ സിമന്റ് ബെഞ്ചില്‍ ഇരുന്നിട്ടുണ്ട്, മുന്‍പ് പോയ ഒരു പാട് പേരെപോലെ, പിറകേ വന്ന മറ്റൊരുപാടു പേരെ പോലെ.
 
കവിതയെഴുതുന്നത് പോലെ കത്തെഴുതുന്നവരുണ്ട്... എഴുതിയ കത്തിന് അതെ വെള്ളകടലാസു കൊണ്ട് കവര്‍ വെട്ടിയുണ്ടാക്കി ആ കവറിനു മുകളില്‍ സുന്ദരമായി ചിത്രം വരച്ച് എഴുത്തിനെയാകെ ഒരു കവിതയാക്കുന്നവരുമുണ്ട്.. ജീവിതത്തില്‍ ജയിച്ചാലും തോറ്റാലും അത് സുന്ദരമായി ചെയ്യുന്ന ഒരു പാട് പേരെ ഞാനീ ക്യാമ്പസില്‍ കണ്ടിട്ടുണ്ട്.. പറഞ്ഞതിലേറെ, പറയാത്തതിനെ സ്നേഹിച്ചവര്‍. 
 
രാത്രിയുടെ നേര്‍പാതിയില്‍ ബാസ്കെറ്റ്ബോള്‍ കോര്‍ട്ടിന്‍റെ നടുവില്‍ ബക്കറ്റില്‍ കലക്കിയ കള്ള് കപ്പില്‍ മുക്കിയെടുത്ത് അതിനൊടുവില്‍ ചക്രവര്‍ത്തിനി പാടി, മെഹ്ഫില്‍ തുടങ്ങിയ മറക്കാത്ത രാത്രികള്‍ തീര്‍ത്തവര്‍. 
 
ഓര്‍മ്മകളും, സുഹൃത്തുക്കളും, ഒരുപോലെ, ദേശീയ പാതയിലെ ആ വലിയ ഗേറ്റിനു പുറകില്‍ ഉപേക്ഷിച്ചു പോയവര്‍.. അങ്ങിനെ അങ്ങിനെ..
“ഒരു നല്ല സൗഹൃദം, അത് പോരെ” എന്നാണ് തുടങ്ങിയത്.. എനിക്ക് പോരെന്നു പറയാനാണ് തോന്നിയത്, പറഞ്ഞതും. പിന്നല്ല.. സൗഹൃദങ്ങള്‍, അതെനിക്ക് വേണ്ടത്ര ഉണ്ടായിരുന്നു... ചിത്രപണികളും ബോര്‍ഡറുമൊക്കെയുള്ള വെള്ളകവര്‍ ആര് കണ്ടാലും അഡ്രെസ്സ് നോക്കാതെ തന്നെ എന്‍റെ റൂമിലേക്കെത്താന്‍ തുടങ്ങിയപ്പോള്‍ അയാള്‍ ആരൊക്കെയോ ആവാന്‍ തുടങ്ങിയിരുന്നു.. 
 
എനിക്ക് ശങ്കകള്‍ ബാക്കിയായിരുന്നോ, ആവോ? ഒടുവില്‍ ചോദ്യങ്ങള്‍ ഇനി ചോദിക്കരുതെന്ന കുറിപ്പോടെ കിഷോര്‍ കുമാറിന്‍റെ “ഹമേ തുംസെ”യുടെ നാല് വരി മാത്രമുള്ള കത്ത് എനിക്കയച്ചു തന്നു. പിന്നൊരിക്കലും പറയണമെന്നോ ചോദിക്കണമെന്നോ തോന്നീട്ടുമില്ല.
 
തലക്കും മുകളില്‍ വെള്ളം വന്നപ്പോഴും നീന്താതി
രുന്നത് ഞാനാണ്.. അല്ല ഞങ്ങളാണ്.. 
 
അല്ലെങ്കിലും നിശബ്ദതയുടെ സ്വാതന്ത്ര്യത്തില്‍ അതിന്‍റെ പൂര്‍ണതയില്‍ ഞങ്ങള്‍ക്ക് വിശ്വാസമായിരുന്നു, എന്നും.. ഓര്‍ചാഡ്‌സിലെ ആ സിമന്‍റ് ബഞ്ചിനത് മനസ്സിലായിരുന്നു... അത് ശരിയുമായിരുന്നു.. അല്ലെങ്കില്‍ അതായിരുന്നു ശരി.. 
 
വാല്‍കഷ്ണം : ഒരിക്കല്‍ വെട്ടു കുന്നത്തുകാവില്‍ സിനിമാ നടന്‍ ദേവനെ കാണാന്‍ സ്റെജിന്‍റെ മുന്നില്‍ കള്ളി മുണ്ടുടുത്ത് കുത്തിയിരിക്കുമ്പോള്‍ അവരെന്‍റെ പേര് വിളിച്ചു, ഉപന്യാസ രചനക്ക് സമ്മാനം തരാന്‍. പിന്നെ.. ഞാന്‍ കുറെ പോവും... ഒന്ന് കള്ളിമുണ്ടി ഗ്ലാമര്‍, രണ്ടു ഈ സമ്മാനം കൊണ്ട് വീട്ടിപ്പോയാല്‍, വേറെ സമ്മാനം വരാന്‍ വഴിയാവും... ഉപേക്ഷിച്ചു ഞാന്‍..
 
ത്യാഗം അല്ലാണ്ടെന്താ..

No comments: