Friday, July 26, 2019

ഈ വഴിയിലെ അവസാന യാത്ര!!!

ഒക്ടോബറിലെ തണുപ്പ് തുടങ്ങി വരുന്നതേ ഉണ്ടായിരുന്നുള്ളൂ.. മാളൂ സ്കൂള്‍ ബാസ്കെറ്റ്ബാള്‍ ടീമിലുണ്ട്. അത് എനിക്ക് ചില്ലറ പണിയല്ല, കാരണം സ്കൂള്‍ ബസ്‌ വരുന്നത് ഏതാണ്ട് ആറര മണിക്കാണ്.. പക്ഷെ പ്രാക്ടീസ് ആറു മണിക്ക് തുടങ്ങും. വേറെ പലരും പൂളിംഗ് വഴി മാറി മാറി കുട്ടികളെ കൊട്നു വിടാറുണ്ട്.. എനിക്കതിനും വഴി ഉണ്ടായിരുന്നില്ല.. അഞ്ചു മണിക്കുള്ള ആ ട്രിപ്പ്‌ പോകുന്നതിന്‍റെ 3 ഇരട്ടി സമയമെടുക്കും നാഷണല്‍ പെയിന്റ്സ് കടന്നു തിരിച്ചു വീട്ടിലെത്താന്‍..

എന്തായാലും അന്നും മോളെ കൊണ്ട് വിട്ടു വീട്ടില്‍ എത്തിയിട്ടേ ഉണ്ടായിരുന്നുള്ളൂ.. ഫോണ്‍ DPS Sharjah എന്ന് തെളിഞ്ഞു വരുന്നത് കണ്ടപ്പോള്‍,. “എന്റമ്മേ ഫീസ്‌ അടക്കാന്‍ മറന്നു, നാണക്കേടായി” എന്നാണ് ആദ്യം കരുതിയത്. പക്ഷെ ഫോണ്‍ എടുത്ത ഉടനെയൊരു
ഡിസ്ട്രെസ്സ് കാള്‍ ഫീല്‍ ചെയ്തു.
“അവന്തികയുടെ ഫാദര്‍ അല്ലെ?” അതെ.
“അത്യാവശ്യം ആയി ഇവിടെ വരെ ഒന്നു വരണം. കുട്ടി വളരെ disturbed ആണ്”.

“എന്ത് പറ്റി?” “പെട്ടെന്ന് വരൂ, അവന്തികക്ക് പ്രശ്നമൊന്നുമില്ല”. അത്രയും പറഞ്ഞു അവര് ഫോണ്‍ കട്ട്‌ ചെയ്തു. വന്നു കേറിയതിന്‍റെ ഇരട്ടി സ്പീഡില്‍ തിരിച്ചിറങ്ങി ഓടി. കൃത്യം 12 മിനുട്ടില്‍ സ്കൂളില്‍. ചെല്ലുമ്പോള്‍, മൂന്നോ നാലോ  പെണ്‍കുട്ടികള്‍ ഒരു പോലെ നിന്ന് ഉറക്കെ കരയുന്നു. ആര്‍ക്കും സമാധാനിപ്പിക്കാന്‍ പറ്റാത്ത പോലെ.. ആദ്യം എനിക്കൊനും മനസിലായില്ല. പിന്നെ ഒരു ടീച്ചര്‍ എന്‍റെ അടുത്തു വന്നു പറഞ്ഞു.
We lost a boy, one of our best talents in an accident yesterday!” അവരാ പേരും പറഞ്ഞു. എനിക്ക് വിശ്വസിക്കാനായില്ല. ഞാനേറ്റവും അധികം പറഞ്ഞു കേട്ട പേരുകളിലൊന്ന്.. കരാട്ടെ ബ്ലാക്ക്ബെല്‍റ്റ്, സ്കൂള്‍ ടീം ക്യാപ്റ്റന്‍, ഒന്നാം റാങ്കുകാരന്‍ അങ്ങിനെയങ്ങിനെ അവസാനിക്കാത്ത വിശേഷണങ്ങള്‍ ഉള്ള കുട്ടി. മാളുവിനോട് എന്ത് പറഞ്ഞു സമാധാനിപ്പിക്കണം എന്ന് എനിക്കും അറിയില്ലായിരുന്നു. കെട്ടിപിടിച്ചു ഉമ്മ കൊടുത്ത് കരയല്ലേ എന്ന് പറഞ്ഞു ചേര്‍ത്ത് നിര്‍ത്തി. കൂടെ കരയുകയല്ല എന്ന ഭാവത്തോടെ..  

കുറേക്കൂടി കഴിഞ്ഞാണ് എനിക്കവളെ വീട്ടിലേക്ക്‌ കൂട്ടാനായത്.. അന്നും പിറ്റേന്നും തോരാതെ പെയ്തു കൊണ്ടിരുന്നു അവളും കേട്ടറിഞ്ഞിടത്തോളം അവരുടെ കൂട്ടുകാരും. വൈകിട്ട്, മാളു, ആ കുട്ടിയുടെ വാട്ട്സപ്പിലെക്ക് മെസ്സേജ് അയക്കുന്നു, “നീ എന്താ മിണ്ടാത്തെ, നീ എവിടെയാണ്?” എന്നൊക്കെ ചോദിച്ച്, എന്ന് പറഞ്ഞത് രാജിയാണ്. അത് കണ്ടപ്പോള്‍ മുതല്‍ ഞങ്ങള്‍ക്ക്  പേടിയായി തുടങ്ങിയിരുന്നു. അതുകൊണ്ട് മാത്രാണ്, നമ്മള്‍ അവനെ ഒന്നവസാനമായി യാത്രയാക്കാന്‍ പോകാന്‍ തീരുമാനിച്ചത്. കാരണം അവന്‍ എന്നന്നേക്കുമായി പോയെന്നു അവളെ വിശ്വസിപ്പിക്കേണ്ടത് ആവശ്യമായി തോന്നി, ഒരു കാഴ്ച അത് വിശ്വസിപ്പിച്ചെങ്കിലോ!..

സോനപ്പൂരിലെ എംബാമിംഗ് സെന്‍റെറില്‍ ഞങ്ങള്‍ എത്തുമ്പോള്‍, അവിടെ ചെറുതല്ലാത്ത ജനക്കൂട്ടം ഉണ്ടായിരുന്നു.പരിചയമുള്ളതും അല്ലാത്തതും ആയോരുപാട് മുഖങ്ങള്‍, ഒരു പാട് കുട്ടികള്‍, അവന്‍റെ അതെ പ്രായത്തിലുള്ളവര്‍, വിതുംബലടക്കാന്‍ പാട് പെടുന്ന അധ്യാപകര്‍, കാത്തിരിക്കെ തന്നെ അവര്‍ അവനെ എംബാമിംഗ് സെന്ററിന്‍റെ ഹാളിനു നടുവില്‍ മേശയില്‍ കിടത്തിയിരുന്നു, വലതു കണ്ണിന്‍റെ താഴെ ഒരു ചെറിയ മുറിവ് അതിനപ്പുറം ഒരു നഖക്ഷതതിനോപ്പം പോലുമൊരു മുറിവും ക്ഷീണവുമില്ലാതെ ഒരു ചെറിയ ചിരിയുണ്ടോ എന്ന് തോന്നിക്കും വിധം അവനുറങ്ങി കിടന്നു. നനയാത്ത കണ്ണുകള്‍ ഒന്നു പോലുമില്ലാത്ത ഒരിടമായി മാറിയിരുന്നു ആ മുറി. പൊട്ടികരഞ്ഞു കൊണ്ട്, അവനെ വിടാന്‍ മടിച്ചു നിന്ന പ്രിയ കൂട്ടുകാര്‍, കരയാനിനി കണ്ണുനീര്‍ ബാക്കിയില്ലാതെ നില്‍ക്കുന്ന മാതാപിതാക്കള്‍. ആ ആള്‍ക്കൂട്ടത്തിന് നടുവിലും ഒറ്റയ്ക്ക് ഉറയുന്ന തണുപ്പില്‍ അവനും.

തെറിച്ചു വീണ പന്തെടുക്കാന്‍, സര്‍വീസ് റോഡിലേക്ക് ഇറങ്ങിയപ്പോള്‍, ലൈറ്റിടാതെ ഇരച്ചു വന്ന ഒരു വാഹനം തെറിപ്പിച്ചത് കളഞ്ഞത് ഒരായിരം സ്വപ്നങ്ങളായിരുന്നു, അതിലേറെ ജീവിതങ്ങളെയും.. 

6 മണിക്ക് പ്രാര്‍ത്ഥനയോഗം ഏര്‍പ്പാട് ചെയ്തിരുന്നത് കൊണ്ട് പെട്ടെന്ന് എല്ലാവരും പള്ളിയിലേക്ക് പോയി ആ മോന് വേണ്ടി പ്രാര്‍ത്ഥിക്കാന്‍. ഞങ്ങള്‍ മാളുവിനെയും കൂട്ടി അവിടെ തന്നെ നിന്നു. നമ്മുടെ മുന്നില്‍ വച്ചു തന്നെ അവിടുത്തെ ജോലിക്കാരന്‍ അവന്‍റെ കുഞ്ഞു ശരീരത്തിനൊത്ത ഒരു പെട്ടിയെടുത്ത്‌ വച്ചു അതിലേക്ക് എടുത്തു വച്ച ശരീരത്തിനു മുകളില്‍ സുഗന്ധ ദ്രവ്യങ്ങളും മരുന്നും പിന്നെ എന്തൊക്കെയോ തളിച്ചു. പിന്നെ മറ്റൊരു ലോഹത്തകിടും പ്ലൈവൂഡിന്‍റെ മൂടിയും എടുത്തു വച്ചു.
ജോണിനെ യാത്രയാക്കാന്‍ നൂറു കണക്കിന് പേരുണ്ടായിരുന്നു, പക്ഷെ അവന്‍റെ കുഞ്ഞു പെട്ടിയുടെ തൊട്ടടുത്ത് ഇരുന്നിരുന്നത് ആരുമില്ലാതെ വന്ന വന്ന രണ്ടു വലിയ പെട്ടികള്‍ ആയിരുന്നു, രണ്ട് പാവം ബംഗ്ലാദേശുകാര്‍, എമിരേറ്റ്സ് റോഡിലെ ഒരു ആക്സിടെന്റില്‍ ജോലിസ്ഥലത്ത് നിന്ന് മുറിയിലേക്കുള്ള യാത്രയില്‍ ഒരു നിമിഷത്തെ മറ്റാരുടെയോ അശ്രദ്ധയില്‍, എവിടെയോ രണ്ടു കുടുംബങ്ങളെ അനാഥരാക്കി ദൈവത്തിനടുത്തെക്ക് പോയ രണ്ട് പേര്‍. പ്രാര്‍ത്ഥനകളും സങ്കടങ്ങളും ഉറ്റവരും ഇല്ലാതെ അവര്‍ അവിടെ യാത്ര കാത്തിരുന്നു.

ഞങ്ങള്‍ അവിടെ ഇരിക്കുമ്പോള്‍ തന്നെ ആര്‍ത്തലച്ചു കരയുന്ന ഒരു യുവതിയെ താങ്ങി രണ്ടു പേര്‍ കൂടെ വന്നു. നാട്ടില്‍ നിന്ന് ഇവിടെ വന്നു ഒരു ചെറിയ ബിസിനസ് തുടങ്ങി പച്ച പിടിക്കാന്‍ തുടങ്ങുന്നു എന്ന് തോന്നിയപ്പോള്‍ ഒരു സ്ട്രോക്കില്‍ എല്ലാം അവസാനിപ്പിച്ച്‌ പോവേണ്ടിവന്ന ഒരു പാവം കോഴിക്കോട്ടുകാരന്‍റെ ഭാര്യയും ഒരു കുഞ്ഞുമോളും.. ഇനിയെങ്ങോട്ട് എന്ന ചോദ്യത്തിന് മുന്നില്‍ പകച്ചു നില്‍ക്കുന്ന രണ്ട് പേര്‍!.
മരിച്ചവരുടെ കൂട്ടുകാരന്‍ അഷ്‌റഫ്‌ (താമരശ്ശേരി) ഇക്ക എന്നോട് ചോദിച്ചിരുന്നു, ഇവിടെ ഉണ്ടാവോ കുറച്ചു നേരം എന്നാല്‍ ഞാന്‍ ഈ പേപ്പര്‍ ഒക്കെ ശെരിയാക്കി ആംബുലന്‍സുമായി പെട്ടെന്ന് വരാം. “ഉണ്ടാവും”, ഞാന്‍ പറഞ്ഞു... സരൂപും ഉണ്ടായിരുന്നു, ജോണിന്‍റെ അച്ഛന്‍റെ ചങ്ങാതി , എന്‍റെ നാട്ടുകാരനും. പറയാനോന്നുമില്ലാതെ വെറുതെ ഇരുന്നു. കൂട്ടത്തില്‍ ഒരു ഭാവഭേദവുമില്ലാതെ എല്ലാരേയും പെര്‍ഫ്യൂമും മരുന്നും തെളിച്ച് ഭദ്രമായടച്ച് യാത്രയാക്കുന്ന ആ മനുഷ്യനും!

കൃത്യം 7 മണിക്ക് അഷ്‌റഫ്‌ക്ക ആംബുലന്‍സുമായി വന്നു. എല്ലാ പെട്ടിയും ഷാര്‍ജ എയര്‍പോര്‍ട്ടിലെക്കാണ്. ഒന്നെടുത്ത് വക്കണം. വേറെ ആരുമില്ല താനും. ഞാനും സരൂപും അച്ചുവും അഷ്‌റഫ്‌ക്കയും കൂടി എല്ലാ പെട്ടികളും ഒന്നൊന്നായി എടുത്തു വച്ചു. ചേതനയോടെ ഞാന്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത ആ കുഞ്ഞുമോന്‍റെ ശിരസ്സിരിക്കുന്ന സ്ഥാനം പിടിച്ചു ആ പെട്ടി എടുത്ത് വക്കുമ്പോള്‍, എനിക്കുറപ്പായിരുന്നു, നിയോഗങ്ങളും വിധിയും നമുക്ക് അതീതമാണ്. 

നാലു പെട്ടികള്‍, മൂന്ന് വലുതും ഒരു ചെറുതും. ജീവിതത്തിന്‍റെ തികച്ചും വ്യത്യസ്തമായ സാഹചര്യങ്ങളില്‍ നിന്ന് വന്ന ഒരു പരിചയവുമില്ലാത്ത നാല് പേര്‍. അവസാന നിമിഷങ്ങളില്‍ പോലും അവര്‍ക്ക് ലഭിച്ച പരിഗണനയും സ്നേഹവും വേരെയായിട്ടും, അവരോന്നിച്ചു യാത്രയായി, ഒരേ വണ്ടിയില്‍, ഒരേയിടത്തേക്ക്.. 

ഇന്നലെ എന്‍റെ നാട്ടുകാരന്‍ സന്തോഷിനെ യാത്രയാക്കാന്‍ മെഡിക്കല്‍ സെന്ററില്‍ ഒരിക്കല്‍ കൂടി.. ജീവിതം വഴിമുട്ടിയപ്പോള്‍, ഒറ്റക്കായപ്പോള്‍ സ്വയം യാത്രയാവാന്‍ തീരുമാനിച്ചതാണ് സന്തോഷെങ്കിലും...
പുതിയ വാശികളും വിജയങ്ങളും തേടിയുള്ള ഓട്ടത്തില്‍ നമ്മളെപ്പോഴോക്കെയോ മറക്കുന്നുണ്ട്, ദുബായില്‍ നിന്നുള്ള നമ്മുടെ യാത്രകളുടെ കുറഞ്ഞ ദൂരം ചിലപ്പോള്‍ സോനാപ്പൂര്‍ വരെയാണെന്ന്! അവിടെ സാക്ഷാല്‍ ശ്രീദേവിയും, മകളുടെ കല്യാണത്തിനു പൈസയില്ലാതെ മരിച്ച സന്തോഷും, എമിരേറ്റ്സ് റോഡില്‍ പൊലിഞ്ഞ ബംഗ്ലാദേശുകാരും, അകാലത്തില്‍ യാത്രയായ ആ കൊച്ചു മോനും, നമ്മളൊക്കെയും ഒപ്പത്തിനൊപ്പമാണെന്ന്!

No comments: